കാട്ടാക്കട: കോട്ടൂർ ആദിവാസി മേഖലയിൽ അഗസ്ത്യ വനത്തിലെ കൊമ്പിടി സെറ്റിൽമെന്റിൽ വ്യത്യസ്തനായ ഒരു ബാർബറുണ്ട്. എന്താണ് പ്രത്യേകത എന്നല്ലേ, ഇവിടെ മുടിവെട്ടലും താടി വടിക്കലുമെല്ലാം ഫ്രീയാണ്.
കൊമ്പിടി ഊരിൽ കുന്നുംപുറത്ത് വീട്ടിൽ മാധവൻ കാണിയുടെ മകൻ അജയൻ കാണി (32)യാണ് കഴിഞ്ഞ രണ്ടു വർഷമായി ആദിവാസി ഊരുകളിലുള്ളവർക്ക് സൗജന്യമായി ബാർബർ പണി ചെയ്യുന്നത്. സ്വന്തം വീട്ടുമുറ്റത്തും സമീപത്തെ മരക്കൂട്ടങ്ങൾക്കിടയിലുമാണ് പണിയിടം. റബർ ടാപ്പിംഗും കൂലിപ്പണിയുമൊക്കെയാണ് ഉപജീവന മാർഗമെങ്കിലും മുടിവെട്ടാൻ ആരുവന്നാലും അജയൻ വീട്ടിലെ ഫൈബർ കസേരയും, കത്രികയും, ചീർപ്പും, തോർത്തും, സോപ്പും ,ഒരു പത്രം വെള്ളവുമായി റെഡിയാകും.
ആദിവാസി ഊരുകളിലെ വയോജനങ്ങൾ ഉൾപ്പെടെയുള്ളവർ കിലോമീറ്ററുകൾ താണ്ടി മലയിറങ്ങി കോട്ടൂരോ കുറ്റിച്ചലോ ഒക്കെയാണ് മുടിവെട്ടാൻ പോയിരുന്നത്. മലയിറങ്ങി മുടിവെട്ടി വരാൻ 150 രൂപ ഏറ്റവും കുറഞ്ഞതാകും. എന്നാൽ ഒരിക്കൽ അജയനെ സമീപിച്ചവർ പിന്നെ ഈ രണ്ടു വർഷത്തിനിടെ മുടിവെട്ടാനായി മലയിറങ്ങിയിട്ടില്ല. വീട്ടിൽ നല്ലൊരു കറങ്ങുന്ന കസേരയും കണ്ണാടിയും ഒക്കെ വച്ചു ഒരു മുടിവെട്ട് കട തുടങ്ങണമെന്ന ആഗ്രഹമുണ്ടെങ്കിലും സാമ്പത്തികം അനുവദിക്കുന്നില്ല. എന്നാലും അതിന് വേണ്ടിയുള്ള ശ്രമം നടത്തുകയാണ് അജയൻ. അജയന്റെ ഭാര്യ സ്മിതയ്ക്കും ഈ സേവന പ്രവർത്തനത്തിൽ സന്തോഷമേയുള്ളൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |