SignIn
Kerala Kaumudi Online
Wednesday, 07 January 2026 5.23 PM IST

അതിർത്തിയിൽ വീണ്ടും ചൈനീസ് പ്രകോപനം: തിരിച്ചടിച്ച് ഇന്ത്യ, 20 ചൈനീസ് സൈനികർക്ക് പരിക്ക്

Increase Font Size Decrease Font Size Print Page
india

ന്യൂഡൽഹി: അതിർത്തിയിൽ ഇന്ത്യയുടെയും ചൈനയുടെയും സൈനികർ തമ്മിൽ വീണ്ടും ‌ഏറ്റുമുട്ടൽ. സിക്കിമിലെ നാകുലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഇതിൽ 20 ചൈനീസ് സൈനികർക്ക് പരിക്കേറ്റു. നാല് ഇന്ത്യൻ സൈനികർക്കും പരിക്കേറ്റിട്ടുണ്ട്. മൂന്നുദിവസം മുമ്പുണ്ടായ ഏറ്റുമുട്ടലിന്റെ വിവരങ്ങൾ ഇപ്പോഴാണ് പുറത്തുവരുന്നത്. ഒരു ചൈനീസ് പട്രോളിംഗ് സംഘം നിയന്ത്രണ രേഖ മുറിച്ചുകടന്ന് ഇന്ത്യൻ അതിർത്തിയിലേക്ക് കടന്നുകയറാൻ ശ്രമിച്ചത് ഇന്ത്യൻ സൈന്യം ചെറുത്തതോടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഇരുഭാഗത്തുളളവരും ആയുധം ഉപയോഗി​ച്ചി​ല്ല എന്നാണ് റി​പ്പോർട്ട്.

ചൈനീസ് സൈനികരുടെ കടന്നുകയറ്റം തടയാൻ കഴിഞ്ഞെന്നും അവരെ തുരത്താൻ കഴിഞ്ഞുവെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു. സംഘർഷത്തെത്തുടർന്ന് പ്രദേശത്ത് സുരക്ഷ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. നിലവിൽ പ്രദേശത്ത് സമാധാനാന്തരീക്ഷമാണ് നിലനിൽക്കുന്നതെന്നാണ് സൈനിക വൃത്തങ്ങൾ പറയുന്നത്. കൂടുതൽ സൈനികരെ ഇവിടെ നിയോഗിച്ചോ എന്ന് വ്യക്തമല്ല.

സമുദ്രനിരപ്പിൽ നിന്ന് 19,000 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന പ്രദേശമായ നാകുല, അതിർത്തിയിലെ സംഘർഷമേഖലകളിലൊന്നാണ്. കഴിഞ്ഞ മേയിലും ഇവിടെ ചെറിയതോതിൽ സംഘർഷം ഉണ്ടായിരുന്നു. അതിർത്തിയിലേക്ക് കടന്നുകയറാനുളള ചൈനീസ് നീക്കത്തെ തടഞ്ഞതോടെയാണ് അന്നും സംഘർഷമുണ്ടായത്.

അതിർത്തി പ്രശ്നത്തിൽ ഇരുരാജ്യങ്ങളും തമ്മിലുളള ഒൻപതാംവട്ട സൈനികതല ചർച്ചകൾ നടക്കുന്നതിനിടെയാണ് വീണ്ടും ഏറ്റുമുട്ടലുണ്ടായത്. ചൈന അതിർത്തിയിൽ നിന്ന് പൂർണമായും പിൻവാങ്ങണമെന്ന് ചർച്ചയിൽ ഇന്ത്യ ആവശ്യപ്പെട്ടു.സംഘർഷ സാദ്ധ്യതയുള‌ള ചിലയിടങ്ങൾ സ്വന്തമാണെന്ന ഇരു രാജ്യങ്ങളുടെയും വാദങ്ങൾ പരിശോധനാ വിധേയമാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

2020 ആരംഭത്തിൽ ലഡാക്കിലുണ്ടായ സംഘർഷത്തെ തുടർന്ന് വിവിധ ഘട്ടങ്ങളിലായി ഇന്ത്യയും ചൈനയും ഒരുലക്ഷം സൈനികരെയാണ് യഥാർത്ഥ നിയന്ത്രണ രേഖയിൽ വിന്യസിച്ചത്. ഒക്‌ടോബർ 12ന് നടന്ന ഏഴാംവട്ട ചർച്ചയിൽ ചൈന ഇന്ത്യയോട് പാങ്‌ഗോംഗ് ത്‌സൊ തടാകക്കരയിൽ നിന്ന് സൈനികരെ പിൻവലിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇരുവിഭാഗവും സൈനികരെ പിൻവലിക്കണമെന്നാണ് അന്ന് ഇന്ത്യ ആവശ്യപ്പെട്ടത്. നവംബർ ആറിന് നടന്ന എട്ടാംവട്ട ചർച്ചയിൽ യഥാർത്ഥ നിയന്ത്രണ രേഖയിലെ ചിലയിടങ്ങളിലെ സൈനികരെ പിൻവലിക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചിരുന്നു.

TAGS: NEWS 360, NATIONAL, NATIONAL NEWS, INDIA, CHINA TROOPS CLASH AT SIKKIM BORDERINDIA, CHINA TROOPS CLASH AT SIKKIM BORDER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY