മുക്കം: ദീർഘദൂരയാത്ര മുക്കം വഴിയാണെങ്കിൽ വിശ്രമിക്കാനും പ്രാഥമിക കൃത്യങ്ങൾക്കും ഇനി നെട്ടോട്ടമോടേണ്ട. 20 ലക്ഷം രൂപ വകയിരുത്തിയ ടേക്ക് എ ബ്രേക്ക്പദ്ധതിയിൽ ഉൾപ്പെടുത്തി മുക്കം നഗരസഭ ഇതിനായി സൗകര്യമൊരുക്കുന്നു. കൊയിലാണ്ടി -എടവണ്ണ സംസ്ഥാന പാതയോരത്ത് അഗസ്ത്യൻമുഴിയിലാണ് വിശ്രമകേന്ദ്രം നിർമ്മിക്കുന്നത്. യാത്രക്കാർക്ക് വിശ്രമിക്കാനും കുളിക്കാനും ലഘു ഭക്ഷണം കഴിക്കാനുള്ള കഫ്റ്റീരിയയും ഉൾക്കൊള്ളുന്നതാണ് മിനി സിവിൽ സ്റ്റേഷന് എതിർവശത്ത് നിർമ്മിക്കുന്ന ഇരുനില കെട്ടിടം. രണ്ടുമാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കാനാണ് ഉദ്ദേശം. കെട്ടിടത്തിന്റെ ശിലാസ്ഥാപനം നഗരസഭ ചെയർമാൻ പി.ടി ബാബു നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ അഡ്വ. കെ.പി.ചാന്ദ്നി അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയർമാൻമാരായ മുഹമ്മദ് അബ്ദുൽ മജീദ്, എം.മധു, കെ.കെ റുബീന, കൗൺസിലർമാരായ പി.ജോഷില, വേണു കല്ലുരുട്ടി, ഗഫൂർ കല്ലുരുട്ടി, എ.അബ്ദുൽ ഗഫൂർ, നഗരസഭ സെക്രട്ടറി എൻ.കെ.ഹരീഷ് എന്നിവർ പ്രസംഗിച്ചു.