ഡൽഹിയിലേക്കുള്ള കർഷകരുടെ ട്രാക്ടർ റാലി പ്രക്ഷോഭത്തിനിടെ അവർ ചെങ്കോട്ടയ്ക്ക് മേൽ സ്ഥാപിച്ചിട്ടുള്ള ദേശീയ പതാക മാറ്റി അവിടെ 'ഖാലിസ്ഥാൻ' കൊടി സ്ഥാപിച്ചെന്ന് പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയ വഴി വ്യാപക പ്രചരണമാണ് നടക്കുന്നത്. നിരവധി വലതുപക്ഷ, തീവ്ര വലതുപക്ഷാനുകൂലികൾ ഇക്കാര്യം പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയ വഴിയും മറ്റും രംഗത്ത് വരികയും ചെയ്തു.
ബിജെപിയുടെ ഡൽഹി വക്താവായ ഹരീഷ് ഖുറാന, ദേശീയ മാദ്ധ്യമമായ 'ടൈംസ് നൗ'വിന്റെ എഡിറ്റർ ഇൻ ചീഫ് ആയ രാഹുൽ ശിവ്‌ശങ്കർ തുടങ്ങി, നിരവധി പേർ ഇത് സംബന്ധിച്ച് തെറ്റിദ്ധാരണാജനകമായ വാർത്തകൾ പുറത്തുവിടുകയും ചെയ്തു. ഇത് സോഷ്യൽ മീഡിയ വഴി അനവധി പേർ ഏറ്റെടുക്കുകയുമുണ്ടായി.
എന്നാൽ ചെങ്കോട്ടയ്ക്ക് മുകളിലെ ദേശീയ പതാക മാറ്റിക്കൊണ്ട് അവിടെ 'ഖാലിസ്ഥാൻ' കൊടി കർഷകർ സ്ഥാപിച്ചുവെന്ന വാദം പൂർണമായും വാസ്തവവിരുദ്ധമാണെന്നാണ് വസ്തുതാ പരിശോധനാ വെബ്സൈറ്റായ 'ആൾട്ട്ന്യൂസ്' തെളിവുകളോടെ ചൂണ്ടിക്കാട്ടുന്നത്.
ദേശീയ പതാക നീക്കിയില്ല
പ്രക്ഷോഭകർ ചെങ്കോട്ടയ്ക്ക് മുകളിലുള്ള ദേശീയ പതാക നീക്കം ചെയ്യുകയോ പതാകയെ താഴേക്ക് മാറ്റി കെട്ടുകയോ ചെയ്തിട്ടില്ല. പ്രക്ഷോഭ സമയത്ത് ചിത്രീകരിക്കപ്പെട്ട ചെങ്കോട്ടയുടെ എല്ലാ ദൃശ്യങ്ങളിലും ദേശീയ പതാക യഥാസ്ഥാനത്ത് തന്നെയുള്ളതായാണ് കാണുന്നത്. മാദ്ധ്യമങ്ങൾ പുറത്തുവിട്ട ദൃശ്യങ്ങളിൽ നിന്നും ഇത് വ്യക്തമാണ്.
മാത്രമല്ല, ലാഹോർ ഗേറ്റിന്(ചെങ്കോട്ടയിലേക്കുള്ള പ്രവേശന മാർഗം) മുകളിൽ ദേശീയ പതാക നാട്ടിയിരിക്കുന്ന ഫ്ലാഗ്‌പോളിന് അടുത്തുള്ള മറ്റൊരു ശൂന്യമായ ഫ്‌ളാഗ്‌പോളിലേക്ക് പ്രക്ഷോഭകരിൽ ഒരാൾ പിടിച്ചുകയറുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ദേശീയ പതാക നാട്ടിയിട്ടുള്ളതിനും താഴെയായിട്ടാണ് പ്രക്ഷോഭകർ തങ്ങളുടെ കൊടികൾ നാട്ടിയതെന്നതും വ്യക്തമാണ്. ഈ ഫ്ളാഗ്‌പോൾ കൂടാതെ ചെങ്കോട്ടയിലെ ഒരു താഴികക്കുടത്തിന് മുകളിലും കർഷകർ തങ്ങളുടെ കൊടി നാട്ടിയിട്ടുണ്ട്.
നാട്ടിയത് ഖാലിസ്ഥാൻ കൊടിയല്ല
പ്രക്ഷോഭകർ നാട്ടിയത് 'ഖാലിസ്ഥാൻ' കൊടിയാണെന്നുള്ള വാദവും 'ആൾട്ട്ന്യൂസ്' തള്ളിക്കളയുന്നുണ്ട്. സിഖ് മതവിശ്വാസവുമായി ബന്ധപ്പെട്ട 'നിഷാൻ സാഹിബ്' എന്ന് വിളിക്കപ്പെടുന്ന കാവി നിറമുള്ള കൊടിയാണ് കർഷകർ ദേശീയ പതാകയ്ക്ക് താഴെയായി സ്ഥാപിച്ചത്. ഇതോടൊപ്പം സ്ഥാപിക്കപ്പെട്ട മറ്റൊരു മഞ്ഞ നിറമുള്ള കൊടി ഭാരതീയ കിസാൻ യൂണിയന്റെ(ഉഗ്രഹാൻ) കൊടിയാണെന്നും വിവരമുണ്ട്.
സിഖ് മതവിശ്വാസികളുടെ 'ഖണ്ഡ' എന്ന ചിഹ്നം ഉൾക്കൊള്ളുന്ന കാവി, മഞ്ഞ എന്നീ നിറങ്ങളിൽ കാണപ്പെടുന്ന ഈ കൊടികളെയാണ് വലതുപക്ഷ സോഷ്യൽ മീഡിയാ ഗ്രൂപ്പുകളും മറ്റും 'ഖാലിസ്ഥാൻ' കൊടിയെന്ന് വിശേഷിപ്പിച്ചത്. റിപ്പബ്ലിക് ഡേ പരേഡുകളിലെ ഫ്ളോട്ടുകളിൽ ഉൾപ്പെടെ 'നിഷാൻ സാഹിബ്' പ്രദർശിപ്പിക്കാറുണ്ട്.
സിഖ് വംശജരുടെ ആത്മാഭിമാനത്തിന്റെയും വ്യക്തിത്വത്തിന്റെയും ബിംബമായ കൊടികൾ സ്ഥാപിക്കുന്നതിലൂടെ കേന്ദ്ര സർക്കാരിന് ശക്തമായ സന്ദേശം നൽകുകയായിരുന്നു പ്രക്ഷോഭകരെന്ന് 'പഞ്ചാബ്: ജേർണി ത്രൂ ഫോൾട്ട് ലൈൻസ്' എന്ന പുസ്തകം രചിച്ച അമൻദീപ് സന്ധു പറയുന്നു. 'തങ്ങളെ ഇനിയും സർക്കാരിന് അവഗണിക്കാൻ കഴിയില്ല എന്ന സന്ദേശമാണ് അവർ നൽകിയതെ'ന്നും സന്ധു കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |