തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തെക്കൻ, വടക്കൻ മേഖലാജാഥകൾ അടുത്തമാസം രണ്ടാം വാരം ആരംഭിക്കാൻ ഇടതുമുന്നണി തീരുമാനിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ യു.ഡി.എഫ് നടത്തുന്ന ഐശ്വര്യകേരള യാത്രയ്ക്ക് മറുപടിയുമാവും ഇത്.വടക്കൻ ജാഥ ഫെബ്രുവരി 13ന് കാസർകോട്ട് നിന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ നേതൃത്വത്തിലും തെക്കൻ ജാഥ 14ന് എറണാകുളത്ത് നിന്ന് സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വം എം.പിയുടെ നേതൃത്വത്തിലുമാണ് ആരംഭിക്കുക. ഘടകകക്ഷി നേതാക്കൾ ഇരുജാഥകളിലും അംഗങ്ങളാകും. വടക്കൻ ജാഥ തൃശൂരിലും തെക്കൻ ജാഥ തിരുവനന്തപുരത്തും ഫെബ്രുവരി 26ന് സമാപിക്കും.
വിജയരാഘവന്റെ പേരേ യോഗത്തിൽ അറിയിച്ചുള്ളൂ. സി.പി.ഐ ക്യാപ്ടനെ അവർ പിന്നീട് അറിയിക്കുകയായിരുന്നു.ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് യു.ഡി.എഫ്, ബി.ജെ.പി പ്രചാരണം തുറന്നുകാട്ടുക, രാഷ്ട്രീയ ആശയവിനിമയത്തിലൂടെ അഭിപ്രായം രൂപീകരിച്ച് ജനകീയബന്ധം വിപുലമാക്കുക എന്നിവയാണ് ലക്ഷ്യമെന്ന് എൽ.ഡി.എഫ് കൺവീനർ കൂടിയായ എ. വിജയരാഘവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.ജാഥയുടെ പ്രചാരണത്തിന് വിപുലമായ ക്രമീകരണങ്ങളൊരുക്കും. ഇന്നും നാളെയുമായി ജില്ലാതല ഇടതുമുന്നണി യോഗങ്ങളും 30നും 31നും നിയോജകമണ്ഡലം തല യോഗങ്ങളും ഫെബ്രുവരി ഒന്ന് മുതൽ അഞ്ച് വരെ പഞ്ചായത്ത്, ബൂത്ത് തല യോഗങ്ങളും ചേരും. നിയോജകമണ്ഡലങ്ങളിലെ ഓരോ കേന്ദ്രത്തിൽ ജാഥകൾക്ക് സ്വീകരണമേർപ്പെടുത്തും. ജാഥാ പ്രചാരണാർത്ഥം ബൂത്ത് കമ്മിറ്റികൾ മൂന്ന് ദിവസങ്ങളിലായി ഭവനസന്ദർശനം നടത്തും. ഒരു ദിവസത്തെ വിളംബര പരിപാടിയുമുണ്ടാകും.ജനങ്ങളുടെ അഭിപ്രായങ്ങൾ സ്വരൂപിച്ച് പ്രകടനപത്രിക തയാറാക്കാൻ ഒരു ഉപസമിതിയെ ചുമതലപ്പെടുത്തും. മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലകളിൽ പര്യടനം നടത്തി സാമൂഹ്യ, സാംസ്‌കാരിക മേഖലകളിലുള്ളവരുമായി നടത്തിയ ആശയവിനിമയത്തിൽ ഉയർന്ന നിർദ്ദേശങ്ങളും പ്രകടനപത്രികയിൽ ഉൾപ്പെടുത്തും.
ഇന്ധന വിലവർദ്ധനവിനെതിരെ പ്രക്ഷോഭം
ഇന്ധന വില വർദ്ധനവിനെതിരെ ജനാഭിപ്രായം രൂപപ്പെടുത്താൻ ഫെബ്രുവരിയിൽ നിയോജക മണ്ഡലാടിസ്ഥാനത്തിൽ ഒരു ദിവസത്തെ പ്രതിഷേധം സംഘടിപ്പിക്കും. പെട്രോളിയം വില അനുദിനം ഉയരുന്നത് കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിന്റെ ജനവിരുദ്ധനിലപാടിന്റെ തെളിവാണെന്ന് വിജയരാഘവൻ പറഞ്ഞു.ഇത് തുടർന്നാൽ ഏതാനും ദിവസത്തിനകം പെട്രോൾ വില ലിറ്ററിന് 100 രൂപയാകും.ഇന്ധനവിലയ്‌ക്കൊപ്പം നിത്യോപയോഗ സാധനവിലയും ഉയരുകയാണ്. കൊവിഡ് പശ്ചാത്തലത്തിൽ ഇത് പാടില്ലാത്തതാണെന്ന് വിജയരാഘവൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |