പുതുച്ചേരി: പുതുച്ചേരിയിൽ കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ബി ജെ പിയിലേക്ക്. 13 കോൺഗ്രസ് നേതാക്കളാണ് ബി ജെ പിയിൽ ചേരുന്നത്. പാർട്ടിയുടെ അഞ്ച് സംസ്ഥാന ജനറൽ സെക്രട്ടറിമാർ ബി ജെ പിയിൽ ചേരാനായി രാജിവച്ചു. രാജിയ്‌ക്ക് ശേഷം നേതാക്കൾ ബി ജെ പി നേതൃത്വവുമായി ചർച്ച നടത്തി.
അതേസമയം, രാജിവച്ച പുതുച്ചേരി പൊതുമരാമത്ത് മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ നമശിവായം ബി ജെ പിയിൽ ചേർന്നതായി സൂചനയുണ്ട്. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ബി ജെ പി. നേതൃത്വം പുറത്തുവിട്ടിട്ടില്ല. നമശിവായവുമായി ബന്ധപ്പെട്ട വൃത്തങ്ങളും ഇത് സ്ഥിരീകരിച്ചിട്ടില്ല.
നമശിവായം ഇന്നലെ ഡൽഹിയിൽ എത്തി ബി ജെ പി കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തിയെന്നാണ് നിലവിലെ വിവരം. 31ന് പുതുച്ചേരിയിൽ നടക്കുന്ന ബി ജെ പി സമ്മേളനത്തിൽ കേന്ദ്രനേതാക്കൾ പങ്കെടുക്കുന്നുണ്ട്. ഇതിൽ നമശിവായം പാർട്ടിയിൽ ചേർന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് സാദ്ധ്യത. അദ്ദേഹത്തിനൊപ്പമാകും മറ്റ് കോൺഗ്രസ് നേതാക്കളും ബി ജെ പിയിൽ ചേരുക. നമശിവായത്തിന്റെ മണ്ഡലമായ വില്യന്നൂരിൽ അദ്ദേഹത്തിന്റെ അണികളിൽ പലരും കോൺഗ്രസ് വിട്ടതായി സൂചനയുണ്ട്.
പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ ഇതിനകം ഇരുപതോളം കോൺഗ്രസ് പ്രവർത്തകരെ പുറത്താക്കിയിട്ടുണ്ട്. അവർ നമശിവായത്തോടൊപ്പം ബി ജെ പിയിൽ ചേരുമെന്നും അദ്ദേഹവുമായി ബന്ധപ്പെട്ടവർ പറയുന്നു. നമശിവായത്തോടൊപ്പം ഒസുഡു മണ്ഡലത്തിലെ എം എൽ എയായ ദീപാഞ്ജനും കഴിഞ്ഞദിവസം രാജിവച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |