
ഇന്ത്യയിലേക്ക് ലോകകപ്പിനായി വരില്ലെന്ന വാശിയിൽ നിന്ന് മാറാതെ ബംഗ്ളാദേശ്
പകരം ടീമിനെ ഉൾപ്പെടുത്താൻ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ
ഢാക്ക : തങ്ങളുടെ താരങ്ങൾക്ക് സുരക്ഷ ഇല്ലാത്തതിനാൽ അടുത്തമാസം തുടങ്ങുന്ന ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിനായി ഇന്ത്യയിലേക്ക് വരാനാവില്ലെന്ന് ഉറച്ച് ബംഗ്ളാദേശ്. ഇന്നലെ അന്തിമതീരുമാനം അറിയിക്കാൻ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ നൽകിയ സമയം കഴിഞ്ഞിട്ടും വരില്ലെന്ന വാശിയിൽ ബംഗ്ളാദേശ് ഉറച്ചുനിന്നതോടെ പകരം മറ്റൊരു ടീമിനെ കളിപ്പിക്കാനുള്ള നടപടിയിലേക്ക് ഐ.സി.സി കടന്നു. സ്കോട്ട‌്‌ലാൻഡിനാണ് സാദ്ധ്യത. ഔദ്യോഗിക പ്രഖ്യാപനം വൈകാതെയുണ്ടാകും.
വേണ്ടാത്തകാര്യത്തിന് വെറുതേ വാശിപിടിച്ച് വാരിക്കുഴിയിൽ വന്നുവീണ പോലെയായി ബംഗ്ളാദേശ് ക്രിക്കറ്റ് ബോർഡ്. മുസ്താഫിസുർ റഹ്മാനെ ഐ.പി.എല്ലിൽ നിന്ന് ഒഴിവാക്കിയതിന്റെ പേരിൽ തുടങ്ങിയ വാശി ട്വന്റി-20 ലോകകപ്പിൽ കളിക്കാനുളള അവസരം നഷ്‌ടമാക്കുന്നരീതിയിലേക്കാണ് എത്തിച്ചേർന്നത്. ക്രിക്കറ്റ് ബോർഡിന് മുകളിൽ ബംഗ്ളാ സർക്കാരിന്റെ പിടിവാശിയാണ് പ്രശ്നങ്ങൾ ഇത്ര സങ്കീർണമാക്കിയത്. ഇപ്പോൾ ലോകകപ്പിൽ നിന്ന് ഒഴിവാക്കിയതേയുള്ളെങ്കിലും ഐ.സി.സി വിലക്ക് ഉൾപ്പടെ ബംഗ്ളാദേശ് നേരിടാനിരിക്കുന്നതേയുള്ളൂ.
ഇന്ത്യയിൽ തങ്ങളുടെ താരങ്ങൾക്ക് സുരക്ഷയില്ലെന്ന ന്യായം പറഞ്ഞ് തങ്ങളുടെ മത്സരങ്ങളുടെ വേദി ശ്രീലങ്കയിലേക്ക് മാറ്റാനാണ് ബംഗ്ളാദേശ് ആദ്യം ശ്രമിച്ചത്.ഇന്ത്യയിൽ ഒരു ടീമിനും സുരക്ഷാപ്രശ്നങ്ങൾ ഇല്ലെന്ന് ഐ.സി.സി അറിയിച്ചതോടെ തങ്ങളെ ഇപ്പോഴത്തെ ഗ്രൂപ്പിൽ നിന്ന് മാറ്റി ലങ്കയിൽ എല്ലാ മത്സരങ്ങളും നടക്കുന്ന ഗ്രൂപ്പിലേക്ക് മാറ്റണമെന്ന് ബി.സി.ബി ആവശ്യപ്പെട്ടു. സാങ്കേതികകാരണങ്ങളാൽ അതും നടക്കില്ലെന്ന് ഐ.സി.സി അറിയിച്ചു. ഇതോടെ പാക് ക്രിക്കറ്റ് ബോർഡിനെ കൂട്ടുപിടിച്ച് ഐ.സി.സിയെ സമ്മർദ്ദത്തിലാക്കാൻ ബി.സി.ബി ശ്രമിച്ചെങ്കിലും പാളിപ്പോയി. പലവട്ടം ചർച്ചകൾ നടത്തിയശേഷം കഴിഞ്ഞദിവസം ചേർന്ന ഐ.സി.സി കമ്മറ്റി വോട്ടെടുപ്പിലൂടെ തങ്ങളുടെ തീരുമാനമെടുത്തിരുന്നു. ബംഗ്ളാദേശിന് ലോകകപ്പിൽ കളിക്കണമെങ്കിൽ ഇന്ത്യയിലേക്ക് വന്ന് കളിക്കാം. ഇല്ലെങ്കിൽ പിന്മാറാം. ആലോചിക്കാൻ ഇന്നലെ ഒരുദിവസത്തെ സമയം കൂടി ബംഗ്ളാ ബോർഡിന് നൽകുകയും ചെയ്തു. വോട്ടിംഗിൽ പാകിസ്ഥാൻ മാത്രമാണ് ബംഗ്ളാദേശിനെ തുണച്ചത്. മറ്റെല്ലാവരും എതിർത്തു.
ഇന്നലെ ബംഗ്ളാക്രിക്കറ്റ് ബോർഡും സർക്കാർ പ്രതിനിധികളും കളിക്കാരെക്കൂടി പങ്കെടുപ്പിച്ച് നടത്തിയ ചർച്ചായോഗത്തിന് ശേഷമാണ് ഇന്ത്യയിലേക്ക് വരാൻ പറ്റില്ലെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നതായി ബി.സി.ബി അറിയിച്ചത്.ബംഗ്ളാദേശിലെ മിക്ക കളിക്കാർക്കും ലോകകപ്പിൽ കളിക്കണമെന്നുതന്നെയായിരുന്നു അഭിപ്രായം. എന്നാൽ ബംഗ്ളാദേശ് സർക്കാർ ഇതിന് വിരുദ്ധ നിലപാട് സ്വീകരിച്ചതോടെ ഇന്നലത്തെ യോഗത്തിൽ തലയാട്ടി അനുസരിക്കുക മാത്രമായിരുന്നു അവരുടെ വിധി.
കോളടിച്ചത് സ്കോട്ട്‌ലാൻഡിന്
ബംഗ്ളാദേശിനെ ഒഴിവാക്കി പകരം റാങ്കിംഗ് പ്രകാരമുള്ള അടുത്ത ടീമായ സ്കോട്ട്‌ലാൻഡിനെ കളിപ്പിക്കാനാണ് ഐ.സി.സി നീക്കം. 2009ൽ ഇംഗ്ലണ്ടിൽ നടന്ന ട്വന്റി-20 ലോകകപ്പിൽനിന്ന് രാഷ്ട്രീയ കാരണങ്ങളാൽ സിംബാബ്‍വെ പിന്മാറിയപ്പോൾ പകരക്കാരായി സ്കോട്ട്ലാൻഡ് കളിച്ചിരുന്നു. ഇക്കാര്യത്തിൽ ഐ.സി.സി തീരുമാനം ഉടനുണ്ടാവും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |