
തിരുവനന്തപുരം : മംഗലപുരം കെ.സി.എ സ്റ്റേഡിയത്തിൽ ഇന്നലെ ഛണ്ഡിഗഡിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കേരളം 40 ഓവറുകൾ പൂർത്തിയാകുമ്പോൾ സ്കോർ 95/2. രോഹിത് ധൻധ എറിഞ്ഞ 41-ാംഓവറിന്റെ ആദ്യപന്തിൽ സച്ചിൻ ബേബി (41 റൺസ്) എൽ.ബിയിൽ കുരുങ്ങി പുറത്തായി. പിന്നെ സംഭവിച്ചതെന്തെന്ന് കേരള ബാറ്റർമാർ തിരിച്ചറിഞ്ഞപ്പോഴേക്കും 56 ഓവറിൽ 139 റൺസിന് കേരളം ആൾഔട്ട്. 16 ഓവറിനിടെ 44 റൺസ് കൂടി നേടുന്നതിനിടയിൽ കൂടാരം കയറിയ കേരള ബാറ്റർമാർ ഏഴ് !. മറുപടിക്കിറങ്ങിയ ഛണ്ഡിഗഡ് അപ്രതീക്ഷിതമായികിട്ടിയ അവസരം നന്നായി മുതലാക്കി ആദ്യദിനം കളിനിറുത്തുമ്പോൾ 142/1 എന്ന നിലയിലെത്തി. മൂന്ന് റൺസിന്റെ ലീഡ്.
ഓപ്പണർ അഭിഷേക് നായരെ (1) രണ്ടാം ഓവറിലും ആകർഷിനെ(14) 17-ാം ഓവറിലും നഷ്ടമായപ്പോൾ കേരളം 37/2 എന്ന നിലയിലായിരുന്നു. അവിടെ നിന്ന് സച്ചിൻ ബേബിയും ബാബ അപരാജിത്തും (49) ചേർന്ന് കരകയറ്റിക്കൊണ്ടു വരുമ്പോഴാണ് ധൻധ സച്ചിനെ പുറത്താക്കിയത്. ഇതേഓവറിൽ വിഷ്ണു വിനോദിനെയും (0) ധൻധ കൂടാരം കയറ്റി. തുടർന്ന് ബാബ അപരാജിത്ത്, ക്യാപ്ടൻ മുഹമ്മദ് അസ്ഹറുദ്ദീൻ (4), അങ്കിത് ശർമ്മ(1), ശ്രീഹരി നായർ (0),ഏദൻ ആപ്പിൾ ടോം (0), എം.ഡി നിതീഷ് (1) എന്നിവർ വരിവരിയായി കൂടാരം കയറിയതോടെയാണ് കേരളം ചീട്ടുകൊട്ടാരമായത്. ഛണ്ഡിഗഡിനായി നിഷുങ്ക് ബിർല നാലും ധൻധ മൂന്നും ജഗ്ജിത്ത് സിംഗ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
ചേസിംഗിനിറങ്ങിയ ചണ്ഡിഗഡിന് ഓപ്പണർ നിഖിൽ താക്കൂറിന്റെ (11) വിക്കറ്റ് മാത്രമാണ് നഷ്ടമായത്. കളിനിറുത്തുമ്പോൾ അർജുൻ ആസാദും (78 നോട്ടൗട്ട്) ക്യാപ്ടൻ മനൻ വോറ(51*)യുമാണ് ക്രീസിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |