പാലക്കാട്: ഫേസ്ബുക്ക് ലൈവ് വീഡിയോ വഴി വിവാദ പ്രസ്താവന നടത്തി ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ. ചികിത്സക്ക് ശേഷം ബാക്കി വരുന്ന പണം മറ്റ് രോഗികള്‍ക്ക് വീതിച്ച് നല്‍കുമ്പോള്‍ അത് തന്റേതാണെന്ന് പറഞ്ഞുവരുന്നവരെ നടുറോഡിൽ വച്ച് ജനം തല്ലിക്കൊല്ലണം എന്ന് ഫിറോസ് പറയുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നത്.
വയനാട്ടിലെ ഒരു കുഞ്ഞിന്റെ രോഗം ഭേദമാകാനായി പിരിച്ചെടുത്ത പണവുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങള്‍ക്ക് മറുപടി പറയവെയാണ് ഫിറോസ് ഈ പരാമർശം നടത്തിയത്.
കുട്ടിയുടെ ചികിത്സയ്ക്ക് ശേഷം ബാക്കി പണം മറ്റ് രോഗികള്‍ക്ക് നല്‍കിയെന്നും എന്നാല്‍ പിന്നീട് വിവിധ ആവശ്യങ്ങള്‍ക്കായി പണം ചിലവായെന്ന് കാണിച്ച് ഇവര്‍ തന്നെ സമീപിച്ചെന്നും ഫിറോസ് പറയുന്നു. ഈ പണം ലക്ഷ്യമിട്ട് തനിക്കെതിരെ ആരോപണങ്ങളുമായി ചിലര്‍ രംഗത്തെത്തിയെന്നും ഫിറോസ് വീഡിയോയിലൂടെ ആരോപിക്കുന്നുണ്ട്.
വിവാദത്തിന് മറുപടിയായി ഫിറോസ് ഫേസ്ബുക്കില്‍ കുറിപ്പും പോസ്റ്റ് ചെയ്തു. നന്ദിയില്ലാത്തവർക്ക് നന്മ ചെയ്യാൻ പാടില്ലെന്നും ഫിറോസ് കുറ്റപ്പെടുത്തി. തങ്ങളുടെ ആവശ്യം കഴിഞ്ഞ ശേഷം ബാക്കി വന്ന പണം തങ്ങളുടേതാണെന്ന് അവകാശപ്പെടുന്ന രോഗികളെയും ഇവരെ കാണിച്ച് കള്ളപ്രചരണം നടത്തുന്ന 'മാനസിക രോഗികളുടെയും പൊതുയിടത്തിൽ വച്ച് തല്ലിക്കൊല്ലേണ്ട സമയം കഴിഞ്ഞു' എന്നാണു ഫിറോസ് പറയുന്നത്.