കാസർകോട്: രാജ്യത്തെ കൊവിഡ് വാക്‌സിനേഷൻ ക്യാമ്പെയിന് ശേഷം പൗരത്വ ഭേദഗതി നിയമം നടപ്പാക്കും എന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്‌താവനയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. 'കേരളത്തിൽ അതി നടപ്പാക്കില്ല.നടപ്പാക്കില്ലെന്നു പറഞ്ഞാൽ അത് നടപ്പാക്കില്ലെന്നാണ്. എന്താ മറ്റെവിടെയെങ്കിലും നടപ്പാക്കിയോ' മുഖ്യമന്ത്രി ചോദിച്ചു.
നാട്ടിലെ വികസനമാണ് ചർച്ച ചെയ്യേണ്ടതെന്നും അതല്ലാതെ വർഗീയമായി ചേരിതിരവുണ്ടാക്കുന്ന വിഷയം ചർച്ച ചെയ്യാൻ ശ്രമിക്കുന്നത് വർഗീയത വളരാനേ ഇടയാക്കൂവെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. കാസർകോട് ഉപ്പളയിൽ എൽ.ഡി.എഫിന്റെ 'വികസന മുന്നേറ്റ ജാഥ' ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വർഗീയത ആപത്താണ്. അത് തൂത്തുമാറ്റാനാകണം. രാജ്യത്തെ കടുത്ത വർഗീയ ശക്തിയാണ് ആർഎസ്എസ്. അതിനെ നേരിടാനെന്ന മട്ടിൽ എസ്ഡിപിഐയെ പോലുളളവർ ന്യൂനപക്ഷ വർഗീയ നിലപാട് എടുക്കുകയാണ്. ഇത് ആത്മഹത്യാപരമാണ്. ഇത്തരത്തിൽ വർഗീയ ശക്തികളെ നേരിടാനാകില്ല. അതിന് ജനങ്ങൾ ഇടത് പക്ഷത്തിനൊപ്പം ചേരണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്‌തു. എങ്കിൽ മാത്രമേ യഥാർത്ഥ ന്യൂനപക്ഷ ക്ഷേമം നടപ്പാക്കാനാകൂവെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
വർഗീയമായി ചേരിതിരിക്കുന്ന ജമാ അത്തെ ഇസ്ളാമിയും എസ്ഡിപിഐയും ആർഎസ്എസിന്റെ അതേ പ്രവൃത്തി തന്നെയാണ് ചെയ്യുന്നത്.വർഗീയതയെ ശക്തിപ്പെടുത്തുകയാണ് ഇവർ ചെയ്യുന്നത്. എല്ലാത്തരം വർഗീയതയെയും എതിർക്കുന്നതിനാൽ ഇവരെല്ലാം എൽഡിഎഫിനെതിരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബിജെപിയെടുക്കുന്ന കാര്യങ്ങൾക്ക് സംഭവാന നൽകാൻ കോൺഗ്രസ് നേതാക്കൾക്ക് വലിയ താൽപര്യമാണ്. വർഗീയതയോട് വിട്ടുവീഴ്‌ചയില്ലാത്ത നിലപാട് സ്വീകരിക്കണം. അത്തരം നിലപാട് സ്വീകരിക്കാത്തതാണ് പുതുച്ചേരിയിൽ കോൺഗ്രസിന്റെ പ്രധാന നേതാക്കൾ തന്നെ ബിജെപിയിൽ എത്തിയതെന്നും പിണറായി പറഞ്ഞു. വർഗീയതയുമായി സമരസമപ്പെട്ട് പോകുന്നു. ഇടത് മുന്നണിയുടെ ജനകീയ അടിത്തറ വളരെ വിപുലമായിരിക്കുന്നു. ജോസ്.കെ മാണി വന്നത് ഇടത് മുന്നണിയുടെ ഒരു പ്രത്യേക ഘട്ടത്തിലെ വികാസമാണ് കാണിക്കുന്നത്. എൽജെഡിയും വന്നതോടെ മുന്നണി അടിത്തറ ഭദ്രമായതായി മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |