ബംഗളൂരു: അന്താരാഷ്ട്ര പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുംബർഗ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച ടൂൾ കിറ്റ് പ്രചരിപ്പിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യുവ പരിസ്ഥിതി പ്രവർത്തക ദിഷ രവിയുടെ മോചനമാവശ്യപ്പെട്ട് പ്രമുഖർ ഉൾപ്പടെ നിരവധിപേർ രംഗത്തെത്തി. അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ അനന്തരവളും അഭിഭാഷകയുമായ മീന ഹാരിസ്, മുൻ കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേഷ്, ബ്രിട്ടീഷ് എം പി ക്ലഡിയ വെബ് ഉൾപ്പടെയുളളവർ ദിഷയ്ക്കുവേണ്ടി രംഗത്തെത്തിയിട്ടുണ്ട്. അറസ്റ്റിനെ അപലപിച്ച് രാജ്യത്തെ 78 ആക്ടിവിസ്റ്റുകൾ ഒപ്പ് വച്ച പ്രസ്താവനയും പുറത്തിറക്കി. പി ചിദംബരം, ശശി തരൂർ, പ്രിയങ്ക ചതുർ വേദി, സീതാറാം യെച്ചൂരി തുടങ്ങിയവരും ട്വിറ്ററിൽ അപലപിച്ചു. ഇതിനൊപ്പം ദിഷയുടെ മോചനമാവശ്യപ്പെട്ട് ജെ എൻ യു ഉൾപ്പടെയുളള സർവകലാശലകളിൽ നിന്നുള്ള വിദ്യാർത്ഥികളും രംഗത്തെത്തി.
ആക്ടിവിസ്റ്റുകളെ സർക്കാർ തുടർച്ചയായി ലക്ഷ്യം വയ്ക്കുകയും നിശബ്ദമാക്കാൻ ശ്രമിക്കുകയും ചെയ്യുന്നുവെന്നായിരുന്നു മീന ഹാരിസിന്റെ ട്വീറ്റ്. കർഷകരെ പിന്തുണച്ചതിന് ദിഷയ്ക്കു നേരെ സർക്കാർ അക്രമമാണ് നടക്കുന്നത്. ഇത്തരം അടിച്ചമർത്തലുകൾക്കെതിരെ ശബ്ദിക്കണം എന്നായിരുന്നു ബ്രിട്ടീഷ് എം പി ക്ലഡിയ വെബിന്റെ പ്രതികരണം. ദിഷയെ അഞ്ച് ദിവസം റിമാൻഡ് ചെയ്ത നടപടിക്കെതിരെ വിമർശനവുമായി നിയമവിദഗ്ദ്ധരും രംഗത്തെത്തിയിട്ടുണ്ട്. അഭിഭാഷകർ ഇല്ലാതെ കോടതിയിൽ ദിഷയ്ക്ക് സ്വയം വാദിക്കേണ്ടി വന്ന സാഹചര്യത്തിലാണ് വിമർശനം. ട്രാൻസിറ്റ് റിമാൻഡ് ഇല്ലാതെയാണ് ദിഷയെ ബെംഗളൂരുവിൽ നിന്ന് ദില്ലിയിൽ എത്തിച്ചതെന്നും ആക്ഷേപമുണ്ട്. അതിനിടെ ദിഷ രവിയെ ഇന്ന് അന്വേഷണ സംഘം കൂടുതൽ ചോദ്യം ചെയ്യും. ടൂൾകിറ്റ് തയ്യാറാക്കിയത് ആരൊക്കെയാണ് എന്നതിനെക്കുറിച്ച് വിവരം ലഭിക്കാനാണ് ചോദ്യം ചെയ്യുന്നത്.
ഇന്നലെയാണ് ഫ്രൈഡേ ഫോർ ഫ്യൂച്ചർ കാമ്പെയ്നിന്റെ സഹ സ്ഥാപകയും ബംഗളൂരു മൗണ്ട് കാർമൽ കോളേജ് വിദ്യാർത്ഥിയുമായ ദിഷ രവിയെ ഡൽഹി പൊലീസ് അറസ്റ്റുചെയ്തത്. ടൂൾ കിറ്റ് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചുവെന്നാണ് കേസ്.രാജ്യദ്രോഹം, ക്രിമിനൽ ഗൂഢാലോചന, സമൂഹത്തിൽ ശത്രുതയുണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം ഫെബ്രുവരി നാലിന് രജിസ്റ്റർ ചെയ്ത കേസിലെ ആദ്യ അറസ്റ്റാണ് ദിഷയുടേത്. ബംഗളൂരുവിലെ സൊലദേവനഹള്ളിയിലെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത ദിഷയെ ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |