കാൻസറിനെ ചെറുക്കുന്നതിലും രോഗികളുടെ ആയുസ് നീട്ടുന്നതിലും കീമോതെറാപ്പി നിർണായകമാണെങ്കിലും, അതിന്റെ കടുത്ത പാർശ്വഫലങ്ങളും ജീവിതശൈലിയിൽ വരുത്തുന്ന നിയന്ത്രണങ്ങളും ഒഴിവാക്കാൻ കഴിയുന്നതല്ല.
ഈ പശ്ചാത്തലത്തിൽ ചില സ്‌തനാർബുദ രോഗികൾക്കെങ്കിലും കീമോതെറാപ്പി ഒഴിവാക്കാൻ സഹായിക്കുന്ന ആധുനിക പ്രവചനാത്മക പരിശോധനകൾ (പ്രോഗ്‌നോസ്റ്റിക് ടെസ്റ്റുകൾ) ലഭ്യമാണ്.
ദീർഘകാലം നിലനിൽക്കുന്ന പാർശ്വഫലങ്ങളാണ് പലപ്പോഴും കീമോതെറാപ്പി വിളിച്ചുവരുത്തുന്നത്. എന്നാൽ, ഇത്തരം നൂതന പരിശോധനകളിലൂടെ അതൊഴിവാക്കാനാവുമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.
ആദ്യദശയിലുള്ള ഹോർമോൺ പോസിറ്റീവ് സ്തനാർബുദം മുൻകൂട്ടി അറിയാൻ 'കാൻ അസിസ്റ്റ് ബ്രെസ്റ്റ്" പോലുള്ള പ്രോഗ്‌നോസ്റ്റിക് ടെസ്റ്റുകളിലൂടെ സാധിക്കും. ഇതിലൂടെ കീമോതെറാപ്പി ആവശ്യമാണോ അല്ലയോ എന്ന ശരിയായ തീരുമാനത്തിലെത്താൻ ഡോക്ടർമാർക്ക് കഴിയും.
കേരളത്തിൽ സ്തനാർബുദ വളർച്ചാ നിരക്ക് അടുത്ത കാലത്തായി കൂടി വരുന്നു എന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത്
ആശങ്കപ്പെടുത്തുന്ന കാര്യമാണ്.
അനാരോഗ്യകരമായ ജീവിതരീതി, ആരോഗ്യവിരുദ്ധ ആഹാരങ്ങൾ,
വൈകിയുള്ള പ്രസവം, മുലയൂട്ടുന്നതിലെ വിമുഖത തുടങ്ങിയവയാണ് സ്തനാർബുദം വർദ്ധിക്കുന്നതിനുള്ള പ്രധാന കാരണങ്ങൾ.
കാൻസറിനെ സംബന്ധിച്ചടത്തോളം ആധുനിക അറിവുകൾ
ഓരോ രോഗിക്കും സവിശേഷമായി ആവശ്യമുള്ള ചികിത്സാരീതികൾ ഉപയോഗപ്പെടുത്താൻ ഇന്ന് സാദ്ധ്യമാണ്.
സ്തനാർബുദ ചികിത്സയിൽ എല്ലാവർക്കും അനുയോജ്യമായ ഒരേ ചികിത്സ എന്നൊന്നില്ല. വീണ്ടും അക്രമിക്കാൻ സാദ്ധ്യതയില്ലാത്ത തരം സ്തനാർബുദങ്ങളെ ഇന്ന് ലഭ്യമായ കാൻ അസിസ്റ്റ് ബ്രെസ്റ്റ് പോലുള്ള പുതുയുഗ പ്രോഗ്‌നോസ്റ്റിക് ടെസ്റ്റുകളിലൂടെയും ഹോർമോൺ റിസെപ്റ്റർ ടെസ്റ്റുകളിലൂടെയും മുൻകൂട്ടി കണ്ടെത്താനാകും. ഇതിലൂടെ ഇവർക്ക് കീമോതെറാപ്പി ഒഴിവാക്കാനും കഴിയും.
അങ്ങനെ പാർശ്വഫലങ്ങളിൽ കുറവുണ്ടാകുന്നു, ചികിത്സാഫലം മെച്ചപ്പെടുന്നു, രോഗികളുടെ ജീവിതശൈലിയും നന്നാകുന്നു.
കൂടുതൽ രോഗികൾക്ക് പ്രോഗ്‌നോസ്റ്റിക് ടെസ്റ്റുകൾ ലഭ്യമാകുന്നതിലൂടെ അനാവശ്യമായ കീമോതെറാപ്പി ഒഴിവാക്കുകയും അതുവഴി ചെലവുചുരുക്കാൻ മാത്രമല്ല, രോഗികളുടെ ജീവിത ഗുണനിലവാരം മെച്ചപ്പെടുത്താനും കഴിയുന്നു.
ഇക്കാര്യങ്ങൾ കണക്കിലെടുത്ത് കൂടുതൽ ആളുകൾക്ക് സർക്കാർ സബ്‌സിഡികളോടെ പ്രോഗ്‌നോസ്റ്റിക് ടെസ്റ്റുകൾ ലഭ്യമാക്കാനും ഈ രംഗത്തെ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കേണ്ടതും ആവശ്യമാണ്.
കാൻസർ തുടക്കത്തിൽ തന്നെ കണ്ടുപിടിക്കപ്പെടുകയെന്നത് പ്രധാനമാണ്. കാരണം, വൈകിയ അവസ്ഥയിൽ രോഗം കണ്ടുപിടിക്കപ്പെടുന്നവർക്ക് ആധുനികചികിത്സാരീതികൾ പ്രയോജനപ്പെടുത്താൻ കഴിയാതെ വരും. നിർഭാഗ്യവശാൽ, ഇന്ത്യയിലെ ഭൂരിപക്ഷം സ്തനാർബുദ കേസുകളും വൈകിയാണ് കണ്ടുപിടിക്കുന്നത്. ഇത് നേരത്തേയാക്കാൻ പരിശോധനാ പരിപാടികളും ബോധവത്കരണവും ആവശ്യമാണ്.
കാൻസർ തിരിച്ചു വരാൻ സാദ്ധ്യതയില്ലാത്ത, അപകടസാദ്ധ്യത കുറഞ്ഞ രോഗികളെ മുൻകൂട്ടി തിരിച്ചറിയാനായാൽ കീമോതെറാപ്പി ഒഴിവാക്കാനാവും. തദ്ദേശീയമായി വികസിപ്പിച്ചെടുത്തിരിക്കുന്ന 'കാൻ അസിസ്റ്റ് ബ്രെസ്റ്റ്' ഇത്തരത്തിൽപ്പെട്ട ഒരു ചെലവു കുറഞ്ഞ പ്രോഗ്‌നോസ്റ്റിക് ടെസ്റ്റാണ്. കാൻസറിന്റെ ചെറുതും വലുതുമായ അപകടസാദ്ധ്യതകൾ പരമാവധി കൃത്യതയോടെ കണ്ടുപിടിക്കാൻ ഇതിലൂടെ കഴിയും.
ഡോ.കെ.ചിത്രതാര
ഡയറക്ടർ, ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഗൈനക് ഓങ്കോളജി
ആൻഡ് ബ്രെസ്റ്റ് ഡിസീസ്,
ലേക്‌ഷോർ ഹോസ്പിറ്റൽ,
കൊച്ചി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |