തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകൻ കെ.എം. ബഷീറിനെവാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പൊലീസിന് കോടതിയുടെ രൂക്ഷവിമർശം. അപകട ദിവസത്തെ സി.സി.ടി.വി. ദൃശ്യങ്ങളടങ്ങിയ സി.ഡി. കോടതിയിൽ പ്രദർശിപ്പിച്ച് പകർപ്പെടുക്കാൻ സിറ്റി സൈബർ സെൽ ഡിവൈ.എസ്.പിയോട് ഹാജരാകാൻ കോടതി ഫെബ്രുവരി രണ്ടിന് ഉത്തരവിട്ടിരുന്നു. എന്നാൽ ഡി വൈ എസ് പി ഉത്തരവ് പാലിക്കാത്ത സാഹചര്യത്തിലായിരുന്ന കോടതിയുടെ വിമർശനം.
ഡിവൈ.എസ്.പി. കോടതിയിൽ ഹാജരാകുകയോ സമയം തേടി അപേക്ഷ സമർപ്പിക്കുകയോ ചെയ്യാത്തതാണ് കോടതിയെ ചൊടിപ്പിച്ചത്. സർക്കാർ അഭിഭാഷക ഉമ നൗഷാദിനോട് കോടതി ഇക്കാര്യത്തിൽ അതൃപ്തി അറിയിച്ചു. ഡിവൈ.എസ്.പി. യുടെ നിഷ്‌ക്രിയത്വവും അലംഭാവവും ഗുരുതരമായ കൃത്യവിലോപവും കോടതിയുടെ നീതിനിർവഹണത്തെ തടയാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. ഡിവൈ.എസ്.പി. ഹാജരാകാത്ത സാഹചര്യത്തിൽ അപകട ദിവസത്തെ സി.സി.ടി.വി. ദ്യശ്യങ്ങടങ്ങിയ ഡി.വി.ഡികൾ കോടതിയിൽ പ്രദർശിപ്പിച്ച് പകർപ്പെടുക്കാൻആവശ്യമായ ഉപകരണം സഹിതം ഹൈടെക് സെൽ എസ്.പി. ഫെബ്രുവരി 24ന് ഹാജരാകാൻ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് എ. അനീസയുടേതാണ് ഉത്തരവ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |