ന്യൂഡൽഹി: റിപബ്ളിക്ക് ദിനത്തിൽ ചെങ്കോട്ടയിൽ നടന്ന അക്രമ സംഭവവുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി ഡൽഹി പൊലീസ് അറസ്റ്റുചെയ്തു. ആക്രമണകേസുമായി ബന്ധപ്പെട്ടുളള പിടികിട്ടാപ്പുളളികളിൽ പ്രധാനിയായ മനീന്ദർ സിംഗ് എന്ന 30കാരനാണ് പിടിയിലായത്. അക്രമം നടന്നപ്പോൾ ചെങ്കോട്ടയിൽ വാൾ ചുഴറ്റിയത് ഇയാളാണെന്നാണ് പൊലീസ് പറയുന്നത്. മനീന്ദർ സിംഗ് വാളുകൾ ചുഴറ്റുന്ന വീഡിയോ ദൃശ്യങ്ങൾ തങ്ങളുടെ പക്കലുണ്ടെന്നാണ് പൊലീസ് പറയുന്നത്.
ഡൽഹി സ്വരൂപ് നഗറിലെ വീട്ടിൽ നിന്നാണ് പൊലീസിന്റെ പ്രത്യേക സംഘം ഇയാളെ അറസ്റ്റുചെയ്തത്. വീട്ടിൽ നടത്തിയ പരിശോധനയിൽ രണ്ട് വാളുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇതാണോ ചെങ്കോട്ടയിൽ ഉപയോഗിച്ചതെന്ന് വ്യക്തമല്ല. ഇയാളെ ചോദ്യംചെയ്യുന്നത് തുടരുകയാണ്. കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് റിപബ്ളിക്ക് ദിനത്തിൽ കർഷകർ സംഘടിപ്പിച്ച ട്രാക്‌ടർ റാലിയോടനുബന്ധിച്ചാണ് ചെങ്കോട്ടയിൽ അക്രമ സംഭവങ്ങൾ അരങ്ങേറിയത്. ചെങ്കോട്ടയിൽ സിക്ക് പതാക ഉയർത്തിയ നടൻ ദീപ് സിദ്ദു ഉൾപ്പടെയുളള ചിലരെ പൊലീസ് നേരത്തേ അറസ്റ്റുചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |