അഗളി: മണ്ണാർക്കാട് താലൂക്കിനെ വിഭജിച്ച് അട്ടപ്പാടിക്ക് മാത്രമായി പുതിയ താലൂക്ക് രൂപീകരിക്കാൻ മന്ത്രിസഭ തീരുമാനം. ഇന്നലെയാണ് ഇതുസംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കിയത്. 575 ച.കി.മീ. വരുന്ന അട്ടപ്പാടി മേഖലയിൽ പകുതിയിലധികവും വനഭൂമിയാണ്. ആലപ്പുഴ ജില്ലയേക്കാൾ വലിപ്പമുണ്ട് അട്ടപ്പാടിക്ക്. 80,000 വരുന്ന ജനസംഖ്യയിൽ മൂന്നിലൊന്ന് ആദിവാസി വിഭാഗമാണ്. ഇരുള, കുറുമ്പ, മുഡുക വിഭാഗത്തിൽപെട്ട ഇവർ 192 ഊരുകളിലായാണ് താമസിക്കുന്നത്.
അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത്, അഗളി, പുതൂർ, ഷൊളയൂർ എന്നീ പഞ്ചായത്തുകൾ, അഗളി, കള്ളമല, പാടവയൽ, പുതൂർ, കോട്ടത്തറ, ഷോളയൂർ എന്നീ വില്ലേജുകൾ എന്നിവ ഉൾപ്പെടുന്നതാണ് പുതിയ താലൂക്ക്.
പുതിയ താലൂക്ക് വന്നതോടെ ഭരണ നിർവഹണം കൂടുതൽ സുഗമമാകും. അട്ടപ്പാടിയുടെ വികസന-ക്ഷേമ പ്രവർത്തനത്തിനും ആക്കം കൂട്ടും. കൂടാതെ എല്ലാ ആവശ്യങ്ങൾക്കും 70 കി.മീ യാത്ര ചെയ്ത് മണ്ണാർക്കാട് എത്തേണ്ട അവസ്ഥയും ഇനിയുണ്ടാവില്ല.
മൂന്ന് പതിറ്റാണ്ടിന്റെ കാത്തിരിപ്പ്
1990 മുതൽ അട്ടപ്പാടി താലൂക്ക് വേണമെന്ന് കുടിയേറ്റ കർഷകരും ആദിവാസി ആവശ്യപ്പെടുകയാണ്. നിലവിൽ മണ്ണാർക്കാട് താലൂക്കിന്റെ ഭാഗമാണ് അട്ടപ്പാടി. പല കാര്യങ്ങൾക്കും അവിടെ എത്തി ആവശ്യങ്ങൾ സാധിച്ചു വരികയെന്നത് ഏറെ ബുദ്ധിമുട്ടാണ്.
അഗളി സിവിൽ സ്റ്റേഷൻ താലൂക്ക് ഓഫീസ് പ്രവർത്തനത്തിന് ഉപയുക്തമാകും. താലൂക്ക് യാഥാർത്ഥ്യമായ മുറയ്ക്ക് വർഷങ്ങളായി അനുവദിച്ചു കിടക്കുന്ന കോടതി, കെ.എസ്.ആർ.ടി.സി സബ് ഡിപ്പോ, ഫയർ സ്റ്റേഷൻ, ചുരം റോഡ് നവീകരണം എന്നിവ കൂടി യാഥാർത്ഥ്യമാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |