തന്നെ തല്ലിയത് ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകരല്ലെന്നും പൊലീസ് തന്നെയാണെന്നും കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റായ സ്നേഹ ആർ വി. തന്നെ തല്ലിയ പൊലീസുകാരനെ കൃത്യമായി മനസിലാക്കാൻ കഴിയുമെന്നും നാടകവേഷം കെട്ടി ആശുപത്രിയിൽ വെറുതെ വന്ന് കിടക്കേണ്ട കാര്യം തനിക്കില്ലെന്നും അവർ ഒരു സ്വകാര്യ വാർത്താ മാദ്ധ്യമത്തോട് പറഞ്ഞു. വെളുത്ത് വണ്ണം കുറഞ്ഞ ഒരു പൊലീസുകാരനാണ് തന്നെ തല്ലിയതെന്നും അത് അവിടെയുള്ള ഉദ്യോഗാർത്ഥികൾ കണ്ടതാണെന്നും കെ എസ് യു നേതാവ് പറയുന്നു. 'ഡിവൈഎഫ്‌ഐക്കാരുടെ കാഴ്ച നഷ്ടപ്പെട്ട് പോയതിന് നമ്മള്‍ക്ക് എന്ത് പറയാന്‍ പറ്റും'-എന്നും അവർ ചോദിച്ചു.
'തല്ലാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു, എന്നെ തല്ലരുതെന്ന്. അത് ഒരിക്കലും എന്റെ പ്രവര്‍ത്തകരില്‍ നിന്ന് കിട്ടിയ അപകടമല്ല. ഒരു നാടകവേഷം കെട്ടി ഇവിടെ വന്ന് കിടക്കേണ്ട കാര്യമില്ല. സംശയമുണ്ടെങ്കില്‍ ഞാന്‍ കിടക്കുന്ന ആശുപത്രിയില്‍ വന്നു നോക്കാം. പൊലീസുകാര്‍ മര്‍ദ്ദിച്ച പാട് നിങ്ങള്‍ക്ക് കാണാം.'-സ്നേഹ പറഞ്ഞു. സംഘർഷത്തിനിടെ ഒരു പൊലീസുകാരൻ മറിഞ്ഞുവീണ സംഭവം താൻ മർദ്ദിക്കപ്പെടുന്നതിന് മുമ്പ് ഉണ്ടായതാണെന്നും അവർ പറയുന്നു.
'സമരത്തിനിടെ ലാത്തി വീശിയപ്പോള്‍ പ്രവര്‍ത്തകര്‍ ചിതറിയോടി. ആ സമയത്ത് ഒരു പൊലീസുകാരന്‍ ഒറ്റപ്പെട്ട് മറിഞ്ഞുവീഴാന്‍ പോയപ്പോഴാണ് ഇടയ്ക്ക് നിന്ന് അയാളെ ഉപദ്രവിക്കരുതെന്ന് പറയുന്നത്. ഈ സംഭവം അവിടെയുണ്ടായിരുന്ന രാഷ്ട്രീയത്തിന്റെ ഭാഗമല്ലാത്ത ഉദ്യോഗാര്‍ത്ഥികള്‍ കണ്ടിട്ടുണ്ട്. '- സ്നേഹ വ്യക്തമാക്കി. സ്‌നേഹയ്ക്ക് പരിക്ക് പറ്റിയത് സഹപ്രവര്‍ത്തകരുടെ തല്ല് കൊണ്ടാണെന്ന വാദവുമായി സിപിഎമ്മിന്റെ സൈബർ വിഭാഗം രംഗത്തെത്തിയിരുന്നു. പൊലീസുകാരനെ ആക്രമിക്കുന്നതിനിടെ കെ എസ് യു പ്രവർത്തകരിൽ ഒരാളുടെ കൈയ്യിലുള്ള നീളൻ വടി സ്നേഹയുടെ മുഖത്ത് കൊള്ളുന്നതായി തോന്നിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു.