തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന കരാറിനെ ചൊല്ലി സർക്കാരിനെതിരെ വീണ്ടും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ധാരണാപത്രത്തിലെ ഒരു ഭാഗം മാത്രമാണ് റദ്ദാക്കിയതെന്ന് ചെന്നിത്തല ആരോപിച്ചു. അസന്റിൽ ഒപ്പിട്ട ധാരണാപത്രം ഇപ്പോഴും നിലനിൽക്കുന്നു. പളളിപുറത്ത് നൽകിയ നാലേക്കർ സ്ഥലവും തിരികെ വാങ്ങാൻ നടപടിയില്ല. മത്സ്യ നയത്തിൽ മാറ്റം വരുത്താനും നടപടി ഇല്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
ഫെബ്രുവരി 28ന് അസന്റിൽ വച്ച് ഒപ്പിട്ട ധാരണ പത്രം ഇപ്പോഴും നിലനിൽക്കുകയാണ്. 2018 ഏപ്രിലിൽ ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ന്യൂ യോർക്കിൽ വച്ച് ഇ എം സി സിയുമായി ചർച്ച നടത്തിയെന്നും ചെന്നിത്തല ആവർത്തിച്ചു. മുഖ്യമന്ത്രിയുടെ നിർദേശം അനുസരിച്ചാണ് വിശദ പദ്ധതി രേഖ സമർപ്പിച്ചതെന്ന് ഇഎംസിസി തന്നെ പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് പച്ചക്കളളമാണ്. ജനത്തെ തെറ്റിദ്ധരിപ്പിക്കാനുളള നീക്കമാണ് സർക്കാർ നടത്തുന്നത്. തെളിവുകൾ പുറത്തു വന്നപ്പോൾ കൂടുതൽ കളളങ്ങൾ മെനയുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിന് ആസൂത്രിത നീക്കമാണ് സർക്കാർ നടത്തിയത്. മത്സ്യ നയത്തിൽ വരുത്തിയ മാറ്റം പോലും ഇ എം സി സിയെ സഹായിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.
ഇ എം സി സി മാത്രമല്ല ലോകത്തെ വൻകിട കുത്തക കമ്പനികളും ഇതിന് പിന്നിൽ ഉണ്ട്. ഓൺലൈൻ ഭക്ഷ്യ വിതരണ കമ്പനികളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് സംശയമുണ്ട്. തദ്ദേശീയരായ മത്സ്യത്തൊഴിലാളികളെ വഞ്ചിക്കാനാണ് നീക്കം നടക്കുന്നത്. ഇപ്പോഴും അപകടം മാറിയിട്ടില്ല. ഉപകരാർ മാത്രമാണ് റദ്ദാക്കിയത്. മത്സ്യ തൊഴിലാളികളെ പട്ടിണിക്ക് ഇടാനാണ് സർക്കാർ നീക്കം. എല്ലാ ധാരണ പത്രവും റദ്ദാക്കി മാപ്പ് പറയണം. ഇപ്പോഴത്തെ അന്വേഷണം സ്വീകാര്യമല്ല. ജുഡീഷ്യൽ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |