സിനിമാമേഖലയിലെ ആൾക്കാർ കൂടുതലായി രാഷ്ട്രീയത്തിലിറങ്ങുന്ന സാഹചര്യത്തെക്കുറിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കി നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. ജനസേവനം എന്നത് ചെറിയ കാര്യമല്ലെന്നും അതുമായി ബന്ധപ്പെട്ട ഉത്തരവാദിത്തം നൂറ് ശതമാനവും നിറവേറ്റാൻ സാധിക്കുന്നുവെന്ന് ഉറപ്പുണ്ടെങ്കിൽ സിനിമാപ്രവർത്തകർ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനോട് തനിക്ക് യാതൊരു എതിർപ്പുമില്ലെന്നും മുരളി ഗോപി പറഞ്ഞു.
ഒരു സ്വകാര്യ വാർത്താ ചാനലിന്റെ സിനിമാധിഷ്ഠിത അഭിമുഖ പരിപാടിയിലാണ് നടൻ ഇക്കാര്യം പറഞ്ഞത്. കക്ഷി രാഷ്ട്രീയം രാഷ്ട്രീയത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണെന്നും അതിനപ്പുറമുള്ള രാഷ്ട്രീയമാണ് തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇത് ജനാധിപത്യ രാജ്യമാണെന്നും അവരുടെ സ്വകാര്യ തിരഞ്ഞെടുപ്പുകളെ കുറിച്ച് താൻ പറയേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനസേവനമാണ് ഉദ്ദേശമെങ്കിൽ പൂർണമായും നാം അതിലേക്ക് സ്വയം അർപ്പിക്കേണ്ടതുണ്ടെന്നും അതിനു കഴിയുമെങ്കിൽ തീർച്ചയായും അവർ രാഷ്ട്രീയത്തിൽ ഇറങ്ങുകതന്നെ വേണമെന്നും അദ്ദേഹം പറയുന്നു. കർഷക പ്രക്ഷോഭത്തെ കുറിച്ചുള്ള തന്റെ നിലപാടും മുരളി ഗോപി വ്യക്തമാക്കി. ഒരു സമരം ഉണ്ടാകുന്നത് അതിനു വ്യക്തമായ ഒരു കാരണം ഉള്ളതുകൊണ്ടാണെന്നും ആ കാരണം എന്താണെന്ന് മനസിലാക്കാൻ ഭരണകൂടങ്ങൾ തയ്യാറാകണമെന്നുമാണ് അദ്ദേഹം പറഞ്ഞത്.
ആ കാരണം എന്തെന്ന് മനസിലാക്കാൻ ഭരണകൂടം തയ്യാറാകുന്നില്ലെങ്കിൽ എന്തുകൊണ്ട് അതിനു തയ്യാറാകുന്നില്ലെന്ന് അവർ അവരോടു തന്നെ ചോദിക്കേണ്ട കാര്യമാണെന്നും മുരളി ഗോപി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് കീഴിലുള്ള ഭരണത്തെ വിലയിരുത്താമോ എന്നുള്ള ചോദ്യം വന്നപ്പോൾ താൻ അതിനു ആളല്ല എന്നും അദ്ദേഹം പറഞ്ഞു. തന്നോട് ചോദിക്കേണ്ട ചോദ്യമല്ല അതെന്നും താൻ കലാകാരൻ ആണെന്നും പൊതുയിടത്തിൽ ഭരണത്തെ കുറിച്ച് അഭിപ്രായങ്ങൾ പറയാനുള്ള ആളല്ല താനെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |