കൊച്ചി: കടൽസസ്തനികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ശാസ്ത്രീയ വിവരശേഖരണത്തിനുള്ള ആഴക്കടൽ ഗവേഷണ ദൗത്യത്തിന് കൊച്ചിയിൽ തുടക്കം. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ), സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിട്ടി (എം.പി.ഇ.ഡി.എ), ഫിഷറീസ് സർവേ ഒഫ് ഇന്ത്യ (എഫ്.എസ്.ഐ) എന്നിവർ സംയുക്തമായാണ് സമുദ്രഗവേഷണയാത്ര നടത്തുന്നത്. ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി മെച്ചപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്ന ഗവേഷണ ദൗത്യമാണിത്.
ഇന്ത്യയിൽ നിന്നുള്ള സമുദ്രോത്പന്ന വിഭവങ്ങളുടെ കയറ്റുമതിയുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഗവേഷണ പദ്ധതിക്ക് അതീവ പ്രാധാന്യമുണ്ടെന്ന് ഗവേഷണ സ്ഥാപനങ്ങൾ അറിയിച്ചു. യു.എസിലേയ്ക്ക് സമുദ്രഭക്ഷ്യ വിഭവങ്ങൾ ഇറക്കുമതി ചെയ്യുന്നവർ കടൽസസ്തനികളുടെ വംശസംഖ്യ, മത്സ്യത്തിനൊപ്പം പിടിക്കപ്പെടുന്ന സസ്തനികളുടെ എണ്ണം എന്നിവയെ അടിസ്ഥാനമാക്കിയ സംരക്ഷണ നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിരുന്നു.
കടുപ്പിച്ച് അമേരിക്ക
സമുദ്രോത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങൾ മത്സ്യബന്ധനം നടത്തുമ്പോൾ കടൽ സസ്തനികളെ മന:പൂർവം കൊല്ലുന്നത് അനുവദിക്കരുതെന്ന് അമേരിക്കൻ നിയമം ആവശ്യപ്പെടുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം തുടക്കമിട്ട സംയുക്ത ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് സ്ഥാപനങ്ങൾ സംയുക്തമായി ആഴക്കടൽ ഗവേഷണയാത്ര നടത്തുന്നത്.
ആഴക്കടലിലെ വിവിധ ഭാഗങ്ങളിൽ തിമിംഗലമുൾപ്പെടെ കടൽസസ്തനികളുടെ ലഭ്യത തിട്ടപ്പെടുത്തുന്നതിനുള്ള നിരീക്ഷണം, അത്തരം മേഖലകളിലെ സമുദ്രശാസ്ത്ര പ്രത്യേകതകൾ രേഖപ്പെടുത്തൽ എന്നിവയാണ് ഗവേഷണയാത്രയുടെ ലക്ഷ്യം.
ആഴക്കടൽ ഗവേഷണദൗത്യം എം.പി.ഇ.ഡി.എ ചെയർമാൻ കെ.എസ്. ശ്രീനിവാസ് ഫ്‌ളാഗ് ഓഫ് ചെയ്തു. ഡോ. എ. ഗോപാലകൃഷ്ണൻ, എഫ്.എസ്.ഐ ഡയറക്ടർ ജനറൽ ഡോ.എൽ. രാമലിംഗം, ഗവേഷണ പദ്ധതിയുടെ മുഖ്യഗവേഷകനും സി.എം.എഫ്.ആർ.ഐ സീനിയർ സയന്റിസ്റ്റുമായ ഡോ. ആർ. ജയഭാസ്‌കരൻ എന്നിവർ പങ്കെടുത്തു.
സുപ്രധാന ഗവേഷണം
ഗവേഷണത്തിലൂടെ കടൽ സസ്തനികളുടെ സംരക്ഷണത്തിൽ സുപ്രധാന പങ്കുവഹിക്കുന്നതിലൂടെ വരും വർഷങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള സമുദ്രോത്പന്ന കയറ്റുമതി വ്യാപാരം ശക്തിപ്പെടുത്താൻ സഹായമാകും.
ഡോ. എ. ഗോപാലകൃഷ്ണൻ
ഡയറക്ടർ
സി.എം.എഫ്.ആർ.ഐ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |