കൊച്ചി: ബാങ്ക് ജീവനക്കാരുടെ കലാസാംസ്‌കാരിക കൂട്ടായ്മയായ ബീം സംഘടിപ്പിക്കുന്ന 500-ാമത്തെ പരിപാടിക്ക് നവംബർ 17ന് ടി.ഡി.എം ഹാളിൽ അരങ്ങൊരുങ്ങുന്നു. 1983ൽ പ്രവർത്തനമാരംഭിച്ച ശേഷം വൈവിദ്ധ്യമാർന്ന കലാപരിപാടികളാണ് ബീം സംഘടിപ്പിക്കാറുള്ളത്. മുടങ്ങിയത് കൊവിഡ് കാലത്ത് മാത്രം.
എം.ടിയുടെ കൃതികളെ ആസ്പദമാക്കി കോഴിക്കോട് പേരാമ്പ്ര സബർമതി തിയേറ്റർ വില്ലേജ് അവതരിപ്പിക്കുന്ന ദൃശ്യശില്പമാണ് 500-ാമത് പരിപാടി.
കേരളകലാമണ്ഡലത്തിലെ 8 നർത്തകിമാരടക്കം 30 കലാകാരന്മാർ വേദിയിലെത്തും. ഇരുട്ടിന്റെ ആത്മാവിലെ വേലായുധനും ഓളവും തീരത്തിലെ ബാപ്പുട്ടിയും സെെനബയും മഞ്ഞിലെ വിമലയും പള്ളിവാളും കാൽചിലമ്പിലെ വെളിച്ചപ്പാടും രണ്ടാമൂഴത്തിലെ ഭീമനും ദ്രൗപദിയും അക്കൽദാമയിൽ പൂക്കൾ വിരിയുമ്പോളിലെ യൂദാസും എം.ടി യോട് സംവദിക്കുന്ന രീതിയിലാണ് ദൃശ്യശില്പത്തിന്റെ രചനയും രംഗഭാഷയും. എം.ടി ഒരു പ്രധാന കഥാപത്രമായും രംഗത്തു വരും. പ്രേമൻ മുച്ചുകുന്നാണ് സംവിധാനം. രചന ആംസിസ് മുഹമ്മദും. 501-ാം പ്രതിമാസ പരിപാടിയായി ജനുവരി 1ന് നവനീത് ഉണ്ണിക്കൃഷ്ണന്റെ സംഗീതവിരുന്ന് നടക്കും.
2000 വർഷം പഴക്കമുള്ള കൂടിയാട്ടം മുതൽ കണ്ടമ്പററി ഡാൻസ് വരെയുള്ള കലാപ്രകടനങ്ങൾ ബീമിന്റെ വേദികളിൽ നിറഞ്ഞാടിയിട്ടുണ്ട്. 1983 ഏപ്രിൽ 2ന് എറണാകുളം ഫൈൻആർട്‌സ് ഹാളിൽ പ്രശസ്ത സാഹിത്യകാരൻ വൈക്കം ചന്ദ്രശേഖരൻ നായരാണ് ബീമിന്റെ ഉദ്ഘാടനം നിർവഹിച്ചത്. പത്മസുബ്രഹ്മണ്യം, സുധാറാണി രഘുപതി, ചിത്ര വിശ്വേശ്വരൻ എന്നിവർ ഒരുമിച്ച് അവതരിപ്പിച്ച ഭരതനാട്യ മഹോത്സവം പോലെ അതുല്യമായ കലാവിരുന്നുകൾക്ക് ബീം വേദിയായി.
കർണ്ണാടക, ഹിന്ദുസ്ഥാനി കച്ചേരികൾ, വിവിധ ശാസ്ത്രീയ നൃത്തരൂപങ്ങൾ, കഥകളി, കൂടിയാട്ടം, നങ്ങ്യാർകൂത്ത്, കഥകളിപദം തുടങ്ങിയ ക്ലാസിക്കിൽ കലകളും തോൽപ്പാവക്കൂത്ത്, മുടിയേറ്റ്, സംഘകളി, യക്ഷഗാനം, ബാവുൾ സംഗീതം, ചാവുഡാൻസ് തുടങ്ങിയ അപൂർവമായ പാരമ്പര്യ കലകൾ, ഗാനമേളകൾ, സൂഫി ഗസൽ റാപ്പ് ഫ്യൂഷൻ സംഗീത പരിപാടികൾ, അമേച്വർ നാടകങ്ങൾ, പ്രൊഫഷണൽ നാടകങ്ങൾ, നാടൻപാട്ട്, കഥാപ്രസംഗം, പാവകളി, കണ്ടമ്പററി ഡാൻസ് തുടങ്ങിയവയും ബീമിന്റെ വേദിയിൽ അവതരിപ്പിക്കപ്പെട്ടു. പൊതുജനങ്ങൾക്കും ഇപ്പോൾ ബീം മെമ്പർഷിപ്പ് നൽകുന്നുണ്ടെന്ന് പ്രസിഡന്റ് കെ.എസ്. രവീന്ദ്രൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |