ആലുവ: ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നിനത്തിൽപ്പെട്ട ബ്രൗൺഷുഗറുമായി രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ എക്സൈസിന്റെ പിടിയിലായി. പശ്ചിമബംഗാൾ മൂർഷിദാബാദ് സ്വദേശികളായ ഹിറ്റ്ലർ ഷെയ്ക്ക് (34), ജലാൽ റഷീദ് മൊല്ല (37) എന്നിവരാണ് പിടിയിലായത്.
ആലുവ മാർക്കറ്റ് കേന്ദ്രീകരിച്ച് യുവാക്കളേയും സ്കൂൾ - കോളേജ് വിദ്യാർത്ഥികളേയും ലക്ഷ്യമിട്ട് ബ്രൗൺ ഷുഗർ വില്പന നടത്തിയിരുന്ന പ്രതികളെ ആലുവ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കൃഷ്ണകുമാറും പാർട്ടിയും ചേർന്നാണ് പിടികൂടിയത്. ടൈൽ, മേസ്തരിപ്പണി നടത്തിവന്ന ഇവർ തൊഴിലിടങ്ങളിലും മറ്റും യുവാക്കളേയും വിദ്യാർത്ഥികളേയും വശീകരിച്ച് വലയിൽ വീഴ്ത്തിയാണ് വില്പന നടത്തിയിരുന്നത്. ബംഗാളിൽനിന്നും കുറഞ്ഞവിലയ്ക്ക് വാങ്ങിക്കൊണ്ടുവന്നാണ് കച്ചവടം. ഇവരിൽനിന്നും കണ്ടെടുത്ത പത്ത് ഗ്രാം ബ്രൗൺ ഷുഗറിന് പത്തുലക്ഷം രൂപ വിലമതിക്കുന്നതാണ്.
സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം വർദ്ധിച്ചുവരുന്നതായി എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അശോക്കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ സി.ബി. രഞ്ജു, പി.കെ. ഗോപി, സിവിൽ എക്സൈസ് ഓഫീസർമാരായ എം.എം. അരുൺകുമാർ, പി.എസ്. ബസന്ത്കുമാർ, പി.ജി. അനൂപ്, സജോ വർഗീസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |