ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തമിഴ്‌നാട്ടിൽ കോൺഗ്രസിന് 20 സീറ്റിൽ കൂടുതൽ നൽകില്ലെന്ന് ഡി എം കെ അദ്ധ്യക്ഷൻ എം കെ സ്റ്റാലിൻ. കഴിഞ്ഞ തവണ മത്സരിച്ച നാൽപ്പത് സീറ്റിൽ കൂടുതൽ വേണമെന്ന കോൺഗ്രസ് ആവശ്യം ഡി എം കെ തളളി. കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുളള സംഘമാണ് ഡി എം കെയുമായി ചർച്ച നടത്തിയത്.
തമിഴ്‌നാടിന്റെ ചുമതലയുളള എ ഐ സി സി അംഗം ദിനേശ് ഗുണ്ടുറാവു, പുതുച്ചേരി മുൻ മുഖ്യമന്ത്രി നാരായണസാമി എന്നിവരും ചർച്ചയിൽ പങ്കെടുത്തു. പുതുച്ചേരിയിൽ ഭരണം നഷ്‌ടമായത് ഉൾപ്പടെയുളള സാഹചര്യങ്ങൾ ഡി എം കെ കോൺഗ്രസ് നേതാക്കളോട് ചൂണ്ടിക്കാട്ടിയെന്നാണ് വിവരം.
പുതുച്ചേരിയിൽ സഖ്യമായി മത്സരിക്കാനില്ലെന്ന് ഡി എം കെ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ സഖ്യ സാദ്ധ്യത കോൺഗ്രസ് ഇതുവരെ തളളിയിട്ടില്ല.