വാഷിംഗ്ടൺ: സമാധാന പ്രേമി എന്ന ലേബലുളള അമേരിക്കൻ പ്രസിഡന്റ് ജോബൈഡൻ അധികാരമേറ്റ് ഒരുമാസം പിന്നിട്ടപ്പോൾ തനിനിറം കാട്ടി .സിറിയയിൽ വ്യോമാക്രമണം നടത്തിക്കൊണ്ടാണ് അദ്ദേഹം ഇറാൻ ഉൾപ്പടെയുളള അമേരിക്കയുടെ ശത്രുരാജ്യങ്ങൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകിയത്. ബൈഡന്റെ നേരിട്ടുളള നിർദ്ദേശത്തെത്തുടർന്നായിരുന്നു ആക്രമണമെന്നാണ് സൈനിക വൃത്തങ്ങൾ നൽകുന്ന സൂചന. ഇറാന്റെ പിന്തുണയോടെ സിറിയയിൽ പ്രവർത്തിക്കുന്ന ഭീകരരുടെ കേന്ദ്രങ്ങൾക്കുനേരെയായിരുന്നു ആക്രമണം. പരിമിതമായ തോതിലാണ് ബോംബാക്രമണം നടത്തിയത്. ആളപായമുണ്ടായതായി റിപ്പോർട്ടില്ല. സഖ്യരാജ്യങ്ങളുടെ അറിവോടെയാണ് ആക്രമണം നടത്തിയത്. ഇറാനുമായി സമാധാന ചർച്ചകൾ ആരംഭിക്കുമെന്ന് ബൈഡൻ സൂചന നൽകിയതിനു പിന്നാലെയായിരുന്നു ആക്രമണം.
ഖായ് തിബ് ഹിസ്ബുള്ള, ഖായ് തിബ് സയ്യദ് അൽ ഷുഹദ എന്നീ ഭീകരസംഘടനകളുടെ താവളങ്ങളാണ് ആക്രമിച്ചത്. അവരുടെ സാങ്കേതിക സംവിധാനത്തെ ആക്രമണത്തിലൂടെ തകർക്കാൻ കഴിഞ്ഞെന്നാണ് സൈനിക വൃത്തങ്ങൾ പറയുന്നത്. ഇറാക്കിലെ അമേരിക്കയുടെയും സഖ്യസേനകളുടെയും സൈനിക ഉദ്യോഗസ്ഥർക്കുനേരെ ഉണ്ടായ ഭീകരാക്രമണത്തിനുളള മറുപടിയാണ് ഇപ്പോഴത്തേതെന്നാണ് അമേരിക്കൻ പ്രതിരോധമന്ത്രായലം പ്രസ് സെക്രട്ടറി ജോൺ കിർബി പറഞ്ഞത്. അതിർത്തിയിലെ ഭീകരരുടെ കേന്ദ്രങ്ങളും സാങ്കേതിക സംവിധാനങ്ങളും തകർക്കേണ്ടത് അനിവാര്യമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം ഫെബ്രുവരി 15 നായിരുന്നു ഇറാക്കിൽ കുർദിഷ് മേഖലയിലെ എർബിലിൽ അമേരിക്കൻ സൈനിക ക്യാമ്പിന് നേരെ റോക്കറ്റാക്രമണമുണ്ടായത്. നിരവധി അമേരിക്കൻ സൈനികർക്ക് ആക്രമണത്തിൽ പരിക്കേറ്റിരുന്നു. മദ്ധ്യപൂർവേഷ്യയിലെ നാറ്റോസൈനികർക്ക് നേരെ ആക്രമണം നടത്തുന്നത് ഇറാന്റെ പിന്തുണയോടെയെന്ന് അമേരിക്ക നേരത്തേ ആരോപിച്ചിരുന്നു. ട്രംപ് പ്രസിഡന്റായിരുന്നപ്പോൾ ഇറാൻ റവല്യൂഷണറി ഗാർഡ് കമാൻഡർ കാസിം സുലൈമാനിയെ ഡ്രോൺ ആക്രമണത്തിൽ കൊലപ്പെടുത്തിയിരുന്നു. ഇതോടെ ഇറാൻ-അമേരിക്ക ബന്ധം കൂടുതൽ വഷളായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |