ന്യൂഡൽഹി: മഹാരാഷ്ട്രയിലെ യാവത്മാൽ ജില്ലയിൽ 'അവ്‌നി' കടുവയെ കൊന്നതിന് സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചതിനെതിരെ സമർപ്പിച്ച ഹർജിയിൽ നടപടിയെടുക്കാനാകില്ലെന്ന് സുപ്രീംകോടതി.
ഇതോടെ പരിസ്ഥിതി പ്രവർത്തകയായ സംഗീത ദോഗ്ര ഹർജി പിൻവലിച്ചു.
സുപ്രീംകോടതി നിർദ്ദേശപ്രകാരമാണ് കടുവയെ വെടിവച്ചുകൊന്നതെന്ന മഹാരാഷ്ട്ര സർക്കാരിന്റെ വാദം കണക്കിലെടുത്ത ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അടങ്ങിയ കോടതി മുൻ ഉത്തരവിന്മേൽ നടപടിയെടുക്കാൻ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു.
കടുവയെ കൊന്നശേഷം വനപാലകർ ആഘോഷിച്ചുവെന്ന ഹർജിക്കാരിയുടെ വാദവും കോടതി തള്ളി. അന്നത്തെ ചിത്രങ്ങളിലും വീഡിയോകളിലും ഗ്രാമീണരാണ് ആഘോഷിക്കുന്നതെന്ന് കോടതി അറിയിച്ചു.
2012ൽ യവത്മാൽ വനമേഖലയിലെത്തിയ അവ്നി പ്രദേശവാസികളായ 13 പേരെ കൊന്നെന്ന് വനപാലകർ പറയുന്നു. ഇതിൽ അഞ്ച് മൃതദേഹങ്ങളിൽ അവ്‌നിയുടെ ഡി.എൻ.എ സ്ഥിരീകരിച്ചിരുന്നു. 2018ൽ ആനകളും ഡ്രോണുകളുമടക്കം ഉപയോഗിച്ച് മൂന്ന് മാസം നീണ്ട തിരച്ചിലിനൊടുവിൽ ബൊറാത്തി വനത്തിൽ വച്ച് വിവാദ വേട്ടക്കാരനായ സഫത് അലി ഖാന്റെ മകനും ഷാർപ്പ് ഷൂട്ടറുമായ അസ്ഗർ അലിയാണ് അവ്‌നിയെ വെടിവച്ച് കൊന്നത്. പത്തു മാസം പ്രായമുള്ള രണ്ടു കുഞ്ഞുങ്ങളുണ്ടായിരുന്നു അവ്‌നിക്ക്.
മനുഷ്യരെ തിന്നുന്ന കടുവയുടെ ആമാശത്തിൽ മനുഷ്യന്റെ മുടി, പല്ല്, നഖം തുടങ്ങിയവ ചുരുങ്ങിയത് ആറ് മാസമെങ്കിലും ദഹിക്കാതെ കിടക്കുമെന്നും എന്നാൽ അവ്‌നിയെ പോസ്റ്റുമോർട്ടം ചെയ്തപ്പോൾ ഇവയൊന്നും ലഭിച്ചില്ലെന്നുമായിരുന്നു ഹർജിക്കാരിയുടെ പ്രധാന വാദം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |