പൂനെ: ഗവേഷക വിദ്യാർത്ഥി ക്രൂരമായി കൊല്ലപ്പെട്ട നിലയിൽ. പൂനെയിലെ നാഷണൽ കെമിക്കൽ ലബോറട്ടറിയിൽ ഗവേഷണം നടത്തുന്ന സുദർശൻ (ബാല്യ ബാബുറാവു) എന്ന മുപ്പതുകാരന്റെ മൃതദേഹമാണ് വികൃതമാക്കിയ നിലയിൽ കണ്ടെത്തിയത്.
പ്രഭാത സവാരിക്ക് പോയവരാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ഇവർ പൊലീസിനെ അറിയിച്ചു. പൊലീസ് എത്തിയെങ്കിലും മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല. അർദ്ധ നഗ്നമായ മൃതദേഹത്തിന്റെ മുഖം കല്ലുകൊണ്ട് ഇടിച്ചുചതയ്ക്കുകയും തല മുറിച്ചുമാറ്റാൻ ശ്രമിക്കുകയും ചെയ്തിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ വസ്ത്രത്തിൽ നിന്ന് കണ്ടെത്തിയ ഐഡന്റിറ്റി കാർഡിൽ നിന്നാണ് മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞത്. സി സി ടി വി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ചെങ്കിലും കൊലപാതകത്തിന് തെളിവുകൾ ഒന്നും ലഭിച്ചില്ലെന്നാണ് പൊലീസ് നൽകുന്ന സൂചന.
ഒന്നരവർഷം മുമ്പാണ് ഗവേഷണത്തിനായി സുദർശൻ ചേർന്നത്. സുതൽവാടി പ്രദേശത്ത് താമസിച്ചിരുന്ന ഇയാൾ അവിവാഹിതനാണ്. ഇയാൾക്ക് ശത്രുക്കൾ ആരും ഉണ്ടെന്ന് അറിയില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. കൊലയ്ക്കുപിന്നിലെ കാരണം എന്താണെന്ന് വ്യക്തമല്ല.
2017 ജൂലായിൽ ന്യൂഡൽഹിയിലെ നരേലയിലെ ഒരു പാർക്കിലും സമാനമായ കൊലപാതകം നടന്നിരുന്നു എന്ന് പൊലീസ് പറയുന്നു.