ശ്രീനഗർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. നരേന്ദ്ര മോദി വന്നവഴിമറക്കാത്തയാളാണെന്നും അദ്ദേഹം പ്രധാനമന്ത്രിയായതിനുശേഷവും വളരെ അഭിമാനത്തോടെയാണ് ചായക്കച്ചവടക്കാരനായിരുന്നെന്ന് (ചായ്‌വാല) സ്വയം പരിചയപ്പെടുത്തുന്നതെന്നും ഗുലാം നബി ആസാദ് പറഞ്ഞു.
ജമ്മു-കാശ്മീരിലെ ഗുജ്ജർ സമുദായാംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഗുലാം നബി ആസാദ് മോദിയെ പുകഴ്ത്തിയത്. ജനങ്ങൾ നരേന്ദ്ര മോദിയിൽ നിന്നും പാഠങ്ങൾ ഉൾക്കൊളളണം. അദ്ദേഹം വന്നവഴിമറക്കാത്തയാളാണ്. പ്രധാനമന്ത്രിയായതിനുശേഷവും വളരെ അഭിമാനത്തോടെയാണ് ചായക്കച്ചവടക്കാരനായിരുന്നെന്ന് സ്വയം പരിചയപ്പെടുത്തുന്നത്. മോദിയുമായി രാഷ്ട്രീയപരമായി വളരെയധികം വിയോജിപ്പുകളുണ്ടെന്നും പ്രധാനമന്ത്രി ഒരു പച്ചയായമനുഷ്യനാണെന്നും ഗുലാം നബി ആസാദ് പറഞ്ഞു.
നേരത്തെ ഗുലാം നബി ആസാദിന്റെ രാജ്യസഭാംഗമെന്ന കാലാവധി അവസാനിക്കുന്ന ദിവസം അദ്ദേഹത്തെ പുകഴ്ത്തി പ്രധാനമന്ത്രി സംസാരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഗുലാംനബി ആസാദും മോദിയെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുന്നത്. ആസാദിന് വിടനൽകിക്കൊണ്ട് നടത്തിയ 13 മിനിട്ട് നീണ്ടുനിന്ന പ്രസംഗത്തിൽ പലപ്പോഴും മോദി വികരാധീനനായി വിതുമ്പിയിരുന്നു. 2007ലെ ഭീകരവാദ അക്രമത്തിൽ കശ്മീരിൽ അകപ്പെട്ട ഗുജറാത്ത് സ്വദേശികളെ മടക്കിക്കൊണ്ടുവരുന്നതിന് ആസാദ് നൽകിയ സഹായങ്ങളേക്കുറിച്ച് വിശദീകരിച്ചപ്പോഴായിരുന്നു അദ്ദേഹം വികരാധീനനായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |