ന്യൂഡൽഹി: പീഡനക്കേസിലെ ഇരയെ വിവാഹം കഴിക്കാമോ എന്നു പോക്സോ കേസിലെ പ്രതിയോട് ആരാഞ്ഞ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ നടപടിയിൽ പ്രതിഷേധിച്ച് പ്രമുഖരടക്കം രംഗത്ത് എത്തി. ഇരയെ അപമാനിക്കുന്ന പരാമർശം നടത്തിയെന്നാണ് ആക്ഷേപം.
16 കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയും മഹാരാഷ്ട്ര സ്വദേശിയുമായ 23 കാരൻ സർക്കാർ ജാേലി നഷ്ടപ്പെടാതിരിക്കാൻ അറസ്റ്റ് തടയണമെന്ന ആവശ്യവുമായാണ് സുപ്രീം കോടതിയെ സമീപിച്ചത്.
ഗാർഹിക പീഡനത്തിനിരയായെന്ന പരാതിയുമായെത്തിയ യുവതിയുടെ ഹർജിയിൽ ഭർത്താവ് ക്രൂരനാണെങ്കിലും ഭാര്യാ-ഭർതൃ ലൈംഗികത എങ്ങനെ പീഡനമായി കരുതാൻ കഴിയുമെന്നും നിയമപരമായി വിവാഹം കഴിച്ചവർ തമ്മിലുള്ള ലൈംഗിക ബന്ധം ബലാത്സംഗമല്ലെന്നും ചീഫ് ജസ്റ്റിസ് പരാമർശിച്ചിരുന്നു.
ഇവ സ്ത്രീ വിരുദ്ധ പരാമർശമാണെന്നും പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് അടക്കമുള്ള രാഷ്ട്രീയ നേതാക്കളും നടി തപ്‌സി പന്നു അടക്കമുള്ള സാംസ്‌കാരിക പ്രവർത്തകരും രംഗത്തെത്തി.
ഇരയെ വിവാഹം കഴിക്കാമോയെന്ന് പ്രതിയോട് ആരാഞ്ഞത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി വൃന്ദ, ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയ്ക്ക് കത്തെഴുതി. മറ്റുള്ളവരുടെ ചിന്തകൾക്കും അഭിരുചികൾക്കും അനുസരിച്ച് ചുവടുവയ്ക്കുന്ന റോബോട്ടുകളല്ല പീഡനത്തിനിരയായവരെന്ന് കത്തിൽ വൃന്ദ പറയുന്നു.
പീഡന പരമ്പരയ്ക്ക് ഇരയാകുമ്പോൾ വെറും 16 വയസ് മാത്രമാണ് ഈ പെൺകുട്ടിയ്ക്കുണ്ടായിരുന്നത്. ആത്മഹത്യയ്ക്ക് വരെ പെൺകുട്ടി ശ്രമിച്ചു. അവൾ അനുഭവിച്ച പീഡനങ്ങളും മാനസികാഘാതത്തിനും ഒരു വിലയുമില്ലേ? പൊതുവെ പീഡനത്തിനിരയായ സ്ത്രീയെ മോശമായി ചിത്രീകരിക്കുന്ന പ്രവണത സമൂഹത്തിനുണ്ട്. ആ ചീത്ത പേര് പ്രതിയെ വിവാഹം ചെയ്യുന്നതിലൂടെ കഴുകി കളയാമെന്ന ചിലരുടെ ധാരണയ്ക്ക് കുടപിടിക്കുന്നതാണ് ചീഫ് ജസ്റ്റിസിന്റെ പരാമർശമെന്ന് കത്തിൽ കുറ്റപ്പെടുത്തി. പരാമർശങ്ങൾ പിൻവലിക്കണം. പ്രതിയ്ക്ക് അനുവദിച്ച മുൻകൂർ ജാമ്യം റദ്ദ് ചെയ്യണം. വിവാഹ സർട്ടിഫിക്കറ്റ് നോക്കിയല്ല പീഡനമാണോ അല്ലയോ എന്ന് നിശ്ചയിക്കേണ്ടതെന്നും ഭർത്താവിൽ നിന്നാണെങ്കിലും സ്ത്രീയുടെ അനുമതി ഇല്ലാതെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമാണെന്നും വൃന്ദ കത്തിൽ പറയുന്നു.
'ആരെങ്കിലും പെൺകുട്ടിയോട് ചോദിച്ചോ, ബലാത്സംഗം ചെയ്തവനെ വിവാഹം കഴിക്കാൻ താത്പര്യമുണ്ടോയെന്ന്? ഇത് പരിഹാരമാണോ, അതോ ശിക്ഷയോ? തികച്ചും അസ്വസ്ഥത ഉളവാക്കുന്ന പരമാർശം.
- നടി തപ്‌സി പന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |