തിരുവനന്തപുരം: തലസ്ഥാനജില്ലയിൽ ആറ്റിങ്ങൽ ഒഴികെയുളള സിറ്റിംഗ് സീറ്റുകളിൽ എം എൽ എമാർക്ക് വീണ്ടും അവസരം നൽകാൻ ഇന്ന് ചേരുന്ന സി പി എം ജില്ലാ കമ്മിറ്റിയിൽ തീരുമാനമുണ്ടാകും. തിരുവനന്തപുരത്ത് ആകെയുളള 14 സീറ്റുകളിൽ പത്തിടത്താണ് സി പി എം 2016ൽ മത്സരിച്ചത്. ഇക്കുറിയും ഇതിൽ മാറ്റമുണ്ടാകില്ലെന്നാണ് വിവരം. ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളാണ് ജില്ലയിൽ അധികവും.
വർക്കലയിൽ വി ജോയി, വാമനപുരത്ത് ഡി കെ മുരളി, പാറശാലയിൽ സി കെ ഹരീന്ദ്രൻ, നെയ്യാറ്റിൻകരയിൽ ആൻസലൻ, കാട്ടാക്കടയിൽ ഐ ബി സതീഷ് എന്നിവർക്ക് മാറ്റമുണ്ടാകില്ല. കഴക്കൂട്ടത്ത് മന്ത്രി കടകംപളളി സുരേന്ദ്രൻ തന്നെയായിരിക്കും പാർട്ടിക്കായി മത്സര രംഗത്തിറങ്ങുക. ഉപതിരഞ്ഞെടുപ്പിലൂടെ വട്ടിയൂർക്കാവ് തിരിച്ചുപിടിച്ച വി കെ പ്രശാന്തിനും സീറ്റുറപ്പാണ്.
സംവരണ മണ്ഡലമായ ആറ്റിങ്ങലിൽ നിന്നും തുടർച്ചയായി രണ്ട് തവണ ജയിച്ച ബി സത്യൻ ജില്ലാ കമ്മിറ്റിയുടെ പാനലിൽ ഇടംപിടിക്കുമോ എന്ന കാര്യത്തിൽ അനിശ്‌ചിതത്വം തുടരുകയാണ്. സത്യന്റെ കാര്യത്തിൽ മാനദണ്ഡങ്ങളിൽ ഇളവ് അനുവദിക്കണമെന്നാണ് പ്രാദേശിക തലത്തിൽ നിന്നുളള ആവശ്യം. സംസ്ഥാന നേതൃയോഗങ്ങളായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
ബി സത്യൻ മാറിയാൽ ഏരിയാ കമ്മിറ്റിയംഗം ഒ എസ് അംബികയുടെ പേരിനാണ് മുൻതൂക്കം. എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് വി എ വിനീഷിന്റെ പേരും സജീവമാണ്. കഴിഞ്ഞ തവണ പരാജയപ്പെട്ട അരുവിക്കരയിൽ വി കെ മധു, ഷിജുഖാൻ, എ എ റഹീം എന്നിവരുടേ പേരുകളും നേമത്ത് വി ശിവൻകുട്ടി, ഭാര്യയും പി എസ് സി അംഗവുമായ ആർ പാർവതി ദേവി എന്നിവരുടെ പേരും പരിഗണിക്കുന്നു.
കോവളം സീറ്റിലെ സ്ഥാനാർത്ഥിയെ കുറിച്ചുളള പ്രാഥമിക ചർച്ച ഇന്ന് ചേരുന്ന ജെ ഡി എസ് യോഗത്തിലുണ്ടാകും. ചിറയിൻകീഴ്, നെടുമങ്ങാട് സീറ്റുകളിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ച് സി പി ഐയിലും ഇന്ന് ചർച്ചകൾ ആരംഭിക്കും. തിരുവനന്തപുരം സീറ്റ് ഏറ്റെടുക്കണമെന്നാവശ്യം സി പി എം ജില്ലാ നേതൃത്വം മുന്നോട്ട് വച്ചിരുന്നെങ്കിലും സംസ്ഥാന നേതൃത്വം അംഗീകരിച്ചില്ല. ജനാധിപത്യ കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായി ഇവിടെ ആന്റണി രാജു പ്രചാരണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |