ന്യൂഡല്‍ഹി : ലഡാക്കിലേറ്റ തിരിച്ചടിയും, കൊവിഡ് വാക്സിന്‍ നിര്‍മ്മാണ വിതരണത്തില്‍ ഇന്ത്യ നേടിയ കുതിപ്പുമെല്ലാം അയല്‍ രാജ്യമായ ചൈനയെ അസ്വസ്ഥമാക്കുകയാണ്. ഒളിയുദ്ധത്തിലൂടെ ഇന്ത്യയെ തോല്‍പ്പിക്കുവാനാകുമോ എന്ന ശ്രമത്തിലാണ് ചൈനയിലെ ഹാക്കര്‍മാരിപ്പോള്‍. ഇന്ത്യയുടെ വൈദ്യുത വിതരണ ശൃംഖലകളില്‍ നുഴഞ്ഞുകയറി രാജ്യത്തെ ഇരുട്ടിലാക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് ഇപ്പോള്‍ ചൈനീസ് ഹാക്കര്‍മാര്‍. മുംബയില്‍ അടുത്തിടെ മണിക്കൂറുകളോളും വൈദ്യുതി മുടങ്ങിയിരുന്നു, ഇതിന് പിന്നില്‍ ചൈനീസ് ഹാക്കര്‍മാരാണെന്ന് ഒരു അമേരിക്കന്‍ കമ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇത് ഇന്ത്യ നിഷേധിച്ചുവെങ്കിലും രാജ്യത്തെ വൈദ്യുത വിതരണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കും, സര്‍ക്കാര്‍ വിഭാഗങ്ങളോടും ജാഗ്രത പാലിക്കണമെന്ന നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്നു. ഇപ്പോളിതാ തെലങ്കാനയില്‍ വൈദ്യുതി വിതരണം തടയാന്‍ ചൈനീസ് ഹാക്കര്‍മാര്‍ ശ്രമിച്ചു എന്ന റിപ്പോര്‍ട്ട് ഒരു ദേശീയ മാദ്ധ്യമം പുറത്തുവിട്ടു.
തെലങ്കാനയെ ഇരുട്ടിലാക്കുന്നതിനായി തെലങ്കാന സ്റ്റേറ്റ് ലോഡ് ഡിസ്പാച്ച് സെന്ററിനെ (ടിഎസ്എല്‍ഡിസി) ലക്ഷ്യമിട്ടതായാണ് പുറത്ത് വരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് കടുത്ത ജാഗ്രതയിലായിരുന്നതിനാല്‍ മാല്‍വെയറുകള്‍ കണ്ടെത്തി യഥാസമയം നീക്കം ചെയ്ത് ചൈനീസ് ഹാക്കര്‍മാരുടെ ശ്രമം പരാജയപ്പെടുത്തുകയായിരുന്നു. സൈബര്‍ ആക്രമണം സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികള്‍ വിജയകരമായി തടഞ്ഞതായി ടൈംസ് ഒഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കേന്ദ്ര ഏജന്‍സികളില്‍ നിന്ന് സൈബര്‍ ആക്രമണ അലേര്‍ട്ടുകള്‍ തങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് വൈദ്യുത ഉത്പാദന വിതരണ ചുമതലയുള്ള തെലങ്കാന ട്രാന്‍സ്‌കോ, ജെന്‍കോ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡി പ്രഭാകര്‍ റാവു വെളിപ്പെടുത്തി. നാല്‍പ്പതോളം സബ്‌സ്റ്റേഷനുകളില്‍ നിന്ന് മാല്‍വെയറുകള്‍ നീക്കം ചെയ്താണ് ചൈനീസ് സൈബര്‍ ആക്രമണത്തെ തെലങ്കാന ഫലപ്രദമായി നേരിട്ടത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തെലങ്കാന സ്റ്റേറ്റ് സതേണ്‍ പവര്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനി ലിമിറ്റഡിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. കുറച്ച് ദിവസങ്ങളെടുത്ത ശേഷമാണ് സേവനങ്ങള്‍ പുനസ്ഥാപിക്കുവാന്‍ കഴിഞ്ഞിരുന്നത്.
2020 ഒക്ടോബര്‍ 12 നാണ് മുംബയില്‍ വൈദ്യുതി മണിക്കൂറുകളോളം മുടങ്ങിയത്. എന്നാല്‍ ഇതിന് പിന്നില്‍ ചൈനീസ് ഹാക്കര്‍മാരല്ലെന്നും മാനുഷിക പിഴവാണെന്നും കേന്ദ്രം വിശദീകരിക്കുന്നു, അതേസമയം ചൈനയ്ക്ക് ഇതില്‍ പങ്കുണ്ടെന്നാണ് അമേരിക്കന്‍ കമ്പനിയുടെ കണ്ടുപിടുത്തം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |