ലോകം മുഴുവൻ കൊവിഡ് വാക്‌സിൻ കുത്തിവയ്പ് പുരോഗമിക്കുകയാണ്. ഏതെങ്കിലും മരുന്നുകൾ അലർജിയുള്ളയാൾക്ക് കൊവിഡ് വാക്‌സിൻ സ്വീകരിക്കാമോ? വാക്‌സിൻ എടുക്കുന്നത് സുരക്ഷിതമാണോ? തുടങ്ങി നിരവധി സംശയങ്ങൾ ജനങ്ങളിൽ ഉണ്ട്. ചിലരിൽ പാർശ്വഫലങ്ങളും റിപ്പോർട്ട് ചെയ്തതകൊണ്ട് തന്നെ പലർക്കും കുത്തിവയ്‌പെടുക്കാൻ പേടിയാണ്. കുത്തിവയ്‌പെടുക്കുന്നതിന് മുമ്പ് ചില കാര്യങ്ങൾ നമ്മൾ അറിഞ്ഞിരിക്കണമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
ഇന്ത്യയിൽ ജനുവരി 16നാണ് ആദ്യഘട്ട വാക്‌സിനേഷൻ ആരംഭിച്ചത്. ആരോഗ്യപ്രവർത്തകർക്കായിരുന്നു ആദ്യഘട്ടത്തിൽ കുത്തിവയ്പ്. രണ്ട് ദിവസം മുൻപ് രണ്ടാഘട്ടവും ആരംഭിച്ചു. അറുപത് വയസിന് മുകളിൽ പ്രായമുള്ളവർക്കും നാൽപത്തിയഞ്ച് വയസിൽ കൂടുതലുള്ള ഇതര രോഗസ്ഥർക്കുമാണ് ഈ ഘട്ടത്തിൽ കുത്തിവയ്പ്.
സിറം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയുടെ കൊവീഷീൽഡ്, ഭരത് ബയോടെക്കിന്റെ കോവാക്‌സിൻ എന്നീ വാക്‌സിനുകൾ ഉപയോഗിക്കാനാണ് ഇന്ത്യ അനുമതി നൽകിയിരിക്കുന്നത്. ജനുവരി 28ഓടെ 2.3മില്യൺ ജനങ്ങൾക്ക് കുത്തിവയ്‌പെടുത്തു. എന്നാൽ ചിലർക്ക് പാർശ്വഫലങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. വളരെ കുറഞ്ഞ ആളുകളിൽ മാത്രമേ ഇത്തരത്തിൽ പാർശ്വഫലങ്ങൾ ഉണ്ടായിട്ടുള്ളുവെന്ന് അധികൃതർ അറിയിച്ചിരുന്നു.
റിപ്പോർട്ടുകൾ പ്രകാരം ഇത്രയും പേരിൽ കുത്തിവയ്‌പെടുത്തിട്ടും 0.08 ശതമാനം പേർക്ക് മാത്രമാണ് പാർശ്വഫലങ്ങൾ ഉണ്ടായത്. ഏതൊരു വാക്‌സിൻ ഉപയോഗിക്കുമ്പോഴും ഇത്തരത്തിൽ ചെറിയ പാർശ്വഫലങ്ങൾ ഉണ്ടാകുന്നത് സ്വാഭികമാണെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
പനി, ഛർദി,കുത്തിവയ്‌പെടുത്ത സ്ഥലത്ത് വേദന, ചുമ, മനംപിരട്ടൽ എന്നിങ്ങനെയുള്ള പാർശ്വഫലങ്ങളാണ് പ്രധാനമായും ഈ വാക്‌സിനുകൾക്ക് റിപ്പോർട്ട് ചെയ്തത്. പേശികളിൽ ഇഞ്ചക്ഷൻ എടുക്കുമ്പോൾ ഇത്തരത്തിലുള്ള ചെറിയ പാർശ്വഫലങ്ങൾ സാധാരണമാണെന്ന് വിദഗ്ദ്ധർ പറയുന്നു. എന്നാൽ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുകയാണെങ്കിൽ ഉടൻ തന്നെ ആശുപത്രിയിൽ ചികിത്സ തേടണമെന്നും അവർ നിർദശം നൽകുന്നു.
അലർജി ഉള്ളവർ, പനിയുള്ളവർ,രക്തസ്രാവമുള്ളവർ, ഗർഭിണികൾ,മുലയൂട്ടുന്ന അമ്മമാർ, മറ്റേതെങ്കിലും കൊവിഡ് വാക്‌സിൻ സ്വീകരിച്ചവർ,ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവരും കൊവാക്‌സിൻ സ്വീകരിക്കരുതെന്ന് ഭാരത് ബയോടിക് അറിയിച്ചിട്ടുണ്ട്.കൊവീഷീൽഡ് വാക്‌സിനായി ഉപയോഗിക്കുന്ന വസ്തുക്കളിൽ അലർജി ഉള്ളവർ, ആദ്യ ഡോസ് കുത്തിവയ്പിന് ശേഷം അലർജി ഉണ്ടായവരൊന്നും വാക്‌സിൻ ഉപയോഗിക്കരുതെന്ന് സിറം ഇൻസ്റ്റിറ്റിയൂട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്തെങ്കിലും തരത്തിലുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ മുൻപ് ഉണ്ടായിട്ടുള്ളവർ വാക്സിൻ എടുക്കുന്നതിന് മുൻപ് തന്നെ കുത്തിവയ്പ് കേന്ദ്രത്തിലുള്ളവരെ അറിയിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |