മോസ്‌കോ: അലക്സി നവൽനിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് അമേരിക്ക റഷ്യയ്ക്ക് മേൽ ഉപരോധം ചുമത്തിയതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും വഷളാകുന്നു. റഷ്യൻ ഉദ്യോഗസ്ഥർക്കും വ്യവസായ സ്ഥാപനങ്ങൾക്കും അമേരിക്ക ഉപരോധമേർപ്പെടുത്തിയതിനെതിരെ റഷ്യ രംഗത്തെത്തിയിട്ടുണ്ട്. തീകൊണ്ടു കളിക്കരുതെന്നാണ് സഹപ്രവർത്തകരോട് പറയാനുള്ളതെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സാഖരോവ യു.എസിന് മുന്നറിയിപ്പുനൽകി. എന്തുവിലകൊടുത്തും ദേശീയ താത്പര്യങ്ങൾ സംരക്ഷിക്കുമെന്നും അവർ വ്യക്തമാക്കി.
ജൈവ-രാസ വസ്തുക്കൾ നിർമിക്കുന്ന 14 വ്യവസായ സ്ഥാപനങ്ങൾക്കും മുതിർന്ന ഉദ്യോഗസ്ഥർക്കും എതിരെ ചൊവ്വാഴ്ചയാണ് യൂറോപ്യൻ യൂണിയനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം അമേരിക്ക ഉപരോധം പ്രഖ്യാപിച്ചത്. ഉദ്യോഗസ്ഥരുടെ പേര് അമേരിക്ക പുറത്തുവിട്ടിട്ടില്ല. അമേരിക്കൻ രേഖകൾ ചോർത്താൻ റഷ്യ നടത്തിയ ശ്രമങ്ങളും ഉപരോധകാരണമായി.പ്രതിപക്ഷസ്വരങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ നയങ്ങൾക്കെതിരേ കൂടുതൽ ശക്തമായ നടപടികൾ ബൈഡൻ ഭരണകൂടം സ്വീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
റഷ്യൻ ഫെഡറേഷന്റെ അന്വേഷണസമിതി തലവൻ അലക്സാണ്ടർ ബാസ്ട്രികിൻ, പ്രോസിക്യൂട്ടർ ജനറൽ ഇഗോർ ക്രാസ്നോവ്, നാഷണൽ ഗാർഡ് തലവൻ വിക്ടർ സൊളട്ടോവ്, ഫെഡറൽ പ്രിസൺ സർവീസ് മേധാവി അലക്സാണ്ടർ കലാനിഷ്ക്കോവ് എന്നിവർക്കെതിരെ യൂറോപ്യൻ യൂണിയനും ഉപരോധം പ്രഖ്യാപിച്ചിരുന്നു.
റഷ്യൻ പ്രതിപക്ഷനേതാവും വ്ലാഡിമിർ പുടിന്റെ കടുത്ത വിമർശകനുമായ അലക്സി നവൽനിക്ക് കഴിഞ്ഞ വർഷം ആഗസ്റ്റ് 20ന് സൈബീരിയയിൽനിന്ന് മോസ്‌കോയിലേക്ക് വരുന്നതിനിടെയാണ് വിഷബാധയേറ്റത്. കൊലപാതക ശ്രമത്തിന് പിന്നിൽ പുടിനാണെന്ന് ആരോപണം ഉയർന്നിരുന്നു. ഗുരുതരാവസ്ഥയിലായ നവൽനിയെ ജർമനിയിലെത്തിച്ച് വിദഗ്ദ്ധ ചികിത്സനൽകിയാണ് രക്ഷപ്പെടുത്തിയത്. എന്നാൽ, ചികിത്സ കഴിഞ്ഞ് റഷ്യയിൽ തിരിച്ചെത്തിയ ജനുവരി 17ന് റഷ്യൻ അധികൃതർ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. കോടതി അദ്ദേഹത്തിന് രണ്ടര വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചു. ഇതിനെതിരെ റഷ്യയിൽ വൻ ജനകീയ പ്രതിഷേധമാണ് അരങ്ങേറിയത്. ലോകരാജ്യങ്ങളും എതിർപ്പറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |