പവന് ഇന്നലെ 520 രൂപയും ഗ്രാമിന് 65 രൂപയും കുറഞ്ഞു
കൊച്ചി: ആഗോളതലത്തിൽ സ്വർണവിലയിൽ കനത്ത ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ കേരളത്തിൽ പവന് 520 രൂപ കുറഞ്ഞ് വില കഴിഞ്ഞ മേയ്ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞനിരക്കായ 33,440 രൂപയിലെത്തി. 65 രൂപ താഴ്‌ന്ന് 4,180 രൂപയാണ് ഗ്രാം വില. മാർച്ചിൽ മാത്രം പവന് കുറഞ്ഞത് 1,000 രൂപയാണ്; ഗ്രാമിന് 125 രൂപയും ഇടിഞ്ഞു. 2021ൽ ഇതുവരെ പവന് കുറഞ്ഞത് 3,360 രൂപ; ഗ്രാമിന് 420 രൂപയും കുറഞ്ഞു.
കഴിഞ്ഞ ഏതാനും ദിനങ്ങളിലായി കൂടിയും കുറഞ്ഞും കനത്ത ചാഞ്ചാട്ടമാണ് ആഗോളതലത്തിൽ സ്വർണവില നേരിടുന്നത്. ഈമാസം ഒന്നിന് 34,440 രൂപയായിരുന്ന പവൻ വില രണ്ടിന് 33,680 രൂപയിലേക്ക് കുറഞ്ഞിരുന്നു. എന്നാൽ, തൊട്ടടുത്തദിവസം വില 33,960 രൂപയിലേക്ക് ഉയർന്നു. തുടർന്നാണ്, വില ഇന്നലെ വീണ്ടും ഇടിഞ്ഞത്.
ആഗോളതലത്തിൽ, പ്രത്യേകിച്ച് അമേരിക്കയിൽ സർക്കാർ കടപ്പത്രങ്ങളുടെ (ഗവൺമെന്റ് ബോണ്ട്) യീൽഡ് (നേട്ടം/ലാഭം) കൂടുന്നതാണ് സ്വർണത്തിന് തിരിച്ചടിയാകുന്നത്. അമേരിക്കൻ സർക്കാരിന്റെ 10-വർഷ ബോണ്ട് യീൽഡ് ഒരുവർഷത്തെ ഉയരമായ 1.60 ശതമാനത്തിലെത്തിയിട്ടുണ്ട്. ഇതിന്റെ ചുവടുപിടിച്ച്, മികച്ച വരുമാന പ്രതീക്ഷയോടെ നിക്ഷേപകർ സ്വർണത്തെ കൈവിട്ട് ബോണ്ടുകളിലേക്ക് ചേക്കേറുന്നതാണ് വിലത്തകർച്ചയ്ക്ക് കാരണം. ലോകത്തെ ഏറ്റവും വലിയ സ്വർണ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടായ (ഇ.ടി.എഫ്) എസ്.പി.ഡി.ആർ ഗോൾഡ് ഇ.ടി.എഫിലടക്കം നിക്ഷേപകരുടെ കൊഴിഞ്ഞുപോക്ക് ശക്തമാണ്.
ബോണ്ട് യീൽഡുകളുടെ വൻ മുന്നേറ്റം ആഗോളതലത്തിൽ ഓഹരി വിപണികളെയും തകർക്കുന്നുണ്ട്. ഇന്ത്യയിൽ സെൻസെക്‌സ് ഇന്നലെ 598 പോയിന്റും നിഫ്‌റ്റി 164 പോയിന്റും ഇടിഞ്ഞു. കൊവിഡ് സൃഷ്‌ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ആഗോളതലത്തിൽ സർക്കാരുകൾ ആശ്രയിക്കുന്നത് കടപ്പത്രങ്ങളെയാണ്. അതായത്, ഉത്തേജക പാക്കേജിനുള്ള പണം സർക്കാരുകൾ ബോണ്ടുകളിലൂടെ കണ്ടെത്തുന്നു. ഇതോടെ, ബോണ്ടുകൾക്ക് സ്വീകാര്യ കുത്തനെ കൂടിയത് അവയുടെ യീൽഡ് കൂടാനും വഴിയൊരുക്കുകയായിരുന്നു.
ചാഞ്ചാട്ടം തുടരും
ഔൺസിന് 1,721 ഡോളറായിരുന്ന രാജ്യാന്തര സ്വർണവില ഇന്നലെ 1,707ലേക്ക് ഇടിഞ്ഞതാണ് ഇന്ത്യയിലെ വിലയും താഴാൻ ഇടയാക്കിയത്. എന്നാൽ, ഇന്നലെ വൈകിട്ടോടെ വില 1,715 ഡോളറിലേക്ക് കയറിയിട്ടുണ്ട്. ഇത്, ഇന്ന് പവൻ വിലയിൽ നേരിയ കയറ്റം സൃഷ്‌ടിച്ചേക്കാം. വരും ദിനങ്ങളിലും ശക്തമായ ചാഞ്ചാട്ടം പ്രതീക്ഷിക്കാമെന്ന് തന്നെയാണ് ഈ രംഗത്തുള്ളവർ പറയുന്നത്.
മുൻകൂട്ടി ബുക്ക് ചെയ്യാം,
ലാഭവും കൊയ്യാം
സ്വർണവിലയിൽ കയറ്റിറക്കം ശക്തമാണെങ്കിലും ഇത് ഉപഭോക്താക്കൾക്ക് അനുകൂലഘടകമാണ്. സംസ്ഥാനത്തെ മുൻനിര സ്വർണാഭരണ വിതരണശാലകളെല്ലാം മുൻകൂർ ബുക്കിംഗ് സൗകര്യം നൽകുന്നുണ്ട്. വില താരതമ്യേന കുറഞ്ഞുനിൽക്കുമ്പോൾ ഉപഭോക്താക്കൾക്ക് സ്വർണം ബുക്ക് ചെയ്യാം.
പിന്നീട് വാങ്ങുമ്പോൾ ബുക്ക് ചെയ്‌ത ദിവസത്തെയും വാങ്ങുന്നദിവസത്തെയും വില തമ്മിൽ താരതമ്യം ചെയ്‌ത്, ഏതാണോ കുറഞ്ഞവില, ആ വിലയ്ക്ക് സ്വർണം സ്വന്തമാക്കാം.
തിളക്കം മാഞ്ഞ പൊന്ന്
കൊവിഡ് കാലത്ത് ഓഹരിയും കടപ്പത്രവും ഉൾപ്പെടെ മറ്റ് നിക്ഷേപമാർഗങ്ങളെല്ലാം തളർന്നപ്പോൾ സ്വർണത്തിന് ശുക്രദശയായിരുന്നു. സുരക്ഷിത നിക്ഷേപമെന്ന പെരുമ കിട്ടിയതോടെ സ്വർണത്തിലേക്ക് വൻതോതിൽ പണമൊഴുകി.
2020ന്റെ തുടക്കത്തിൽ ഔൺസിന് 1,477 ഡോളറായിരുന്ന വില, ആഗസ്‌റ്റിൽ സർവകാല റെക്കാഡായ 2,070 ഡോളറിലെത്തി.
കേരളത്തിൽ ആഗസ്‌റ്റ് ഏഴിന് പവൻ വില എക്കാലത്തെയും ഉയരമായ 42,000 രൂപ കുറിച്ചു; അന്ന് ഗ്രാം വില 5,250 രൂപ.
ആഭരണപ്രിയർക്കും ആശ്വാസം പകർന്നും സ്വർണനിക്ഷേപകർക്ക് ആശങ്കനൽകിയും വില പിന്നീട് കുത്തനെ താഴേക്കിറങ്ങി.
₹8,560
കഴിഞ്ഞ ആഗസ്‌റ്റ് മുതൽ ഇതുവരെ പവന് കുറഞ്ഞത് 8,560 രൂപ; ഗ്രാമിന് 1,070 രൂപയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |