മണ്ണുത്തി: പാർക്കിംഗിനെ ചൊല്ലിയുളള തർക്കത്തെ തുടർന്ന് ഹൈക്കോടതി ജഡ്ജിയുടെ കാറിൽ മിനി ലോറി ഇടിച്ചുകയറ്റി. ജഡ്ജിയുടെ ഡ്രൈവറുടെ പരാതിയെ തുടർന്ന് ലോറി ഡ്രൈവർ അറസ്റ്റിലായി. വാണിയമ്പാറ അടുക്കളപ്പാറ സ്വദേശി സണ്ണിയെയാണ് (58) പിടികൂടിയത്.
മണ്ണുത്തി വാണിയമ്പാറയിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 2.10 നായിരുന്നു സംഭവം. ഹൈക്കോടതി ജഡ്ജി അശോക് മേനോനെ തിരുവില്ല്വാമലയിലെ വീട്ടിൽ ഇറക്കി ഡ്രൈവർ തിരികെ മടങ്ങുകയായിരുന്നു. വാണിയമ്പാറയിൽ എത്തിയപ്പോൾ ചായ കുടിക്കാൻ വഴിയരികിൽ കാർ നിറുത്തിയിട്ടിരുന്നു. തൊട്ടുപിന്നാലെ മിനി ലോറിയും ഇവിടെ പാർക്ക് ചെയ്തു. കാർ പാർക്ക് ചെയ്തതിനെ ചൊല്ലി ലോറി ഡ്രൈവർ, കാറിന്റെ ഡ്രൈവറുമായി ബഹളം വച്ചു. പിന്നീട്, കടയിൽ നിന്ന് ദേശീയപാതയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കാറിന്റെ വലത് ഭാഗത്ത് ലോറി ഇടിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന് തകരാർ സംഭവിച്ചു. റോഡിൽ വെച്ച് ലോറി മനഃപൂർവം കാറിൽ ഇടിച്ചു കയറ്റിയെന്ന് ഡ്രൈവർ ഇടുക്കി സ്വദേശി അയൂബ് ഖാൻ പരാതിപ്പെട്ടു. ഉടൻ തന്നെ ലോറി ഡ്രൈവറെ പീച്ചി പൊലീസ് അറസ്റ്റ് ചെയ്തു. ലോറി ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രണ്ടു വണ്ടികളും പീച്ചി പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. പൊതുമുതൽ നശിപ്പിച്ചതിനെതിരെയുളള വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |