പാലക്കാട്: വിമത ഭീഷണി ഉയർത്തുന്ന പാലക്കാട് മുൻ ഡിസിസി അദ്ധ്യക്ഷൻ എ.വി ഗോപിനാഥുമായി കെ പി സി സി വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരൻ ചർച്ച നടത്തി. കാര്യങ്ങളിൽ രണ്ട് ദിവസത്തിനകം കെ പി സി സിയുടെ ഭാഗത്ത് നിന്നും ഉറപ്പ് വരുമെന്ന് സുധാകരൻ ഗോപിനാഥിനെ അറിയിച്ചു. ഇതുവരെയുളള ചർച്ചയിൽ പ്രതീക്ഷയുണ്ടെന്നും തീരുമാനമുണ്ടായില്ലെങ്കിൽ സ്വന്തം നിലപാടുമായി മുന്നോട്ടുപോകുമെന്നും ഗോപിനാഥ് ചർച്ചയ്‌ക്ക് ശേഷം പ്രതികരിച്ചു.
പാലക്കാട് ജില്ലയിലെ കരുത്തനായ നേതാവാണ് ഗോപിയെന്ന് അഭിപ്രായപ്പെട്ട കെ.സുധാകരൻ കോൺഗ്രസിൽ രണ്ട് തരം നേതാക്കളുണ്ടെന്ന് അഭിപ്രായപ്പെട്ടു. അണികളുളളവരും അണികളില്ലാത്തവരും. ഗോപിനാഥ് അണികളുളള കരുത്തനായ നേതാവാണെന്നും അദ്ദേഹത്തിന്റെ പ്രശ്‌നങ്ങൾ നേതൃത്വത്തെ അറിയുമെന്നും പരിഹരിക്കാൻ നടപടിയെടുക്കുമെന്നും സുധാകരൻ പറഞ്ഞു. രണ്ട് ദിവസത്തെ സമയമാണ് സുധാകരൻ പ്രശ്‌നപരിഹാരത്തിന് ഗോപിനാഥിനോട് ചോദിച്ചിരിക്കുന്നത്. പ്രശ്‌നങ്ങളുടെ ഒരു പോറലുമില്ലാതെ തിരഞ്ഞെടുപ്പിനെ പാലക്കാട്ടെ കോൺഗ്രസ് അഭിമുഖീകരിക്കുമെന്ന് അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു.
പാലക്കാട് ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാക്കളായ മുൻ മന്ത്രി വി.സി കബീർ, വി.എസ് വിജയരാഘവൻ, കെ.അച്യുതൻ, കെ.എ ചന്ദ്രൻ എന്നിവരും കെ.സുധാകരനൊപ്പം പെരിങ്ങോട്ട്കുറിശ്ശിയിലെ ഗോപിനാഥിന്റെ വീട്ടിലെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |