വാഷിംഗ്ടൺ: കൊവിഡ് 19 പ്രതിരോധ വാക്സിൻ വികസനവുമായി ബന്ധപ്പെട്ടുള്ള ബൗദ്ധിക സ്വത്തവകാശ നിയമ വ്യവസ്ഥകളിൽ ഇളവ് വരുത്താൻ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ആഗോള വ്യാപാര സംഘടനയ്ക്ക് മുന്നിൽ സമർപ്പിച്ച ആവശ്യം അംഗീകരിക്കരുതെന്ന് നാല് റിപ്പബ്ളിക്കൻ സെനറ്റർമാരുടെ സംഘം യു.എസ് പ്രസിഡന്റ് ജോ ബൈഡനോട് അഭ്യർത്ഥിച്ചു. ഇരു രാജ്യങ്ങളുടേയും ആവശ്യം അംഗീകരിച്ചു കൊണ്ട് അമേരിക്കൻ കമ്പനികൾ തയ്യാറാക്കിയ നിയമ വ്യവസ്ഥകൾ നീക്കം ചെയ്താൽ കൊവിഡ് വാക്സിനുകളുടെ ഉത്പാദകരുടെ എണ്ണം ഞൊടിയിടയിൽ വർദ്ധിക്കുമെന്ന് പ്രസിഡന്റിനയച്ച കത്തിൽ സൂചിപ്പിരിക്കുന്നു.
മൈക്ക് ലീ, ടോം കോട്ടൺ, ജോണി എണസ്റ്റ്, ടോഡ് യങ് എന്നീ നാല് റിപ്പബ്ലിക്കൻ സെനറ്റർമാരാണ് ഇക്കാര്യം ആവശ്യപ്പെട്ട് ബൈഡന് കത്തയച്ചത്.
അമേരിക്കൻ കമ്പനികളുടെ ബൗദ്ധിക സ്വത്തവകാശം മരവിപ്പിക്കുന്നത് തങ്ങൾക്ക് നേട്ടമുണ്ടാക്കുമെന്നാണ് ചില രാജ്യങ്ങൾ കരുതുന്നതെന്ന് കത്തിൽ പറയുന്നു. നിയമവ്യവസ്ഥകൾ നീക്കം ചെയ്യുന്നത് കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ള മെച്ചപ്പെട്ട വാക്സിനുകളുടെ വികസനത്തെ ഇല്ലാതാക്കുമെന്നാണ് സെനറ്റർമാരുടെ വാദം.
വാക്സിൻ വികസിപ്പിക്കുന്ന അമേരിക്കൻ കമ്പനികൾക്കുള്ള പേറ്റന്റ് എടുത്തു കളയുന്നതോടെ മറ്റ് കമ്പനികൾ സമാനരീതിയിലുള്ള വാക്സിൻ ഉത്പാദിപ്പിക്കാനുള്ള ശ്രമം നടത്തുകയും അത് ഗുണനിലവാരം കുറഞ്ഞ വാക്സിനുകളുടെ നിർമാണത്തിന് വഴിയൊരുക്കുകയും അമേരിക്കയ്ക്ക് മാത്രമല്ല ലോകത്തിന് തന്നെ ഭീഷണിയായി മാറുമെന്നും സെനറ്റർമാർ പറയുന്നു. ആഗോളമഹാമാരിയുടെ അപകടം കുറഞ്ഞു വരികയാണെന്നും രാജ്യത്തെ ജനസംഖ്യയുടെ 75 ശതമാനം പേരും വാക്സിൻ സ്വീകരിക്കുകയും ചെയ്ത സാഹചര്യത്തിൽ പുതിയ നടപടിയെടുക്കുന്നത് ഇതു വരെയുള്ള പ്രതിരോധ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നും കത്തിൽ സൂചിപ്പിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |