ഡി.സി.സി ഓഫീസിന് മുന്നിൽ ഒരു വിഭാഗം പ്രവർത്തകരുടെ സമരം
മുക്കം: തദ്ദേശ തിരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി കോൺഗ്രസ് ഉണ്ടാക്കിയ ബന്ധം തുടരേണ്ടതില്ലെന്ന നിലപാട് എടുത്തെങ്കിലും അതിന്റെ പേരിൽ പാർട്ടിയിൽ പുകയുന്ന അസ്വാരസ്യം പൊട്ടിത്തെറിയിലേയ്ക്ക്. മുക്കത്തെ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകരാണ് കോഴിക്കോട് ഡി.സി.സി ഓഫീസിലെത്തി പരസ്യമായി പ്രതിഷേധം അറിയിച്ചത്. വെൽഫെയർ പാർട്ടി സഖ്യത്തെ എതിർത്തവരെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും പാർട്ടി നയത്തിനു വിരുദ്ധമായി സഖ്യമുണ്ടാക്കിയവരെ സംരക്ഷിക്കുകയും ചെയ്യുന്ന നടപടി തിരുത്തണമെന്ന് ആവശ്യപ്പെട്ടാണ് മുക്കത്തെ കോൺഗ്രസ് പ്രവർത്തകർ ഡി.സി.സി ഓഫീസിൽ സമരം നടത്തിയത്. വെൽഫെയർ പാർടി സഖ്യത്തെ എതിർത്ത പ്രവർത്തകരുടെ പേരിലെടുത്ത നടപടി പിൻവലിക്കുക, മുക്കം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സ്ഥാനം ഐ ഗ്രൂപ്പിന് തിരിച്ചു നൽകുക എന്നീ ആവശ്യങ്ങളും ഇവർ ഉന്നയിക്കുന്നു. മുക്കം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനം തങ്ങൾക്ക് അവകാശപെട്ടതാണ് എന്നതാണ് ഇവരുടെ മറ്റൊരു വാദം. കെ.പി.സി.സിയുടെ സർക്കുലർ പ്രകാരം ജനാധിപത്യ രീതിയിൽ തിരഞ്ഞെടുത്ത ബൂത്ത് കമ്മിറ്റികളെ അംഗീകരിക്കാൻ നിലവിലുള്ള മണ്ഡലം കമ്മിറ്റി തയ്യാറായിട്ടില്ല. നേതൃത്വത്തോട് പരാതി പറഞ്ഞിട്ടും യാതൊരു തീരുമാനവും എടുക്കാതെ നീട്ടിക്കൊണ്ടു പോവുകയാണ് ചെയ്യുന്നത്. ജനാധിപത്യവിരുദ്ധ മാർഗത്തിൽ ഉണ്ടാക്കിയ കമ്മിറ്റികളെ അംഗീകരിക്കാനുള്ള മണ്ഡലം കമ്മിറ്റിയുടെ നീക്കം സാധാരണ പ്രവർത്തകരെ വെല്ലുവിളിക്കലാണ്. ഐ ഗ്രൂപ്പ് പ്രവർത്തകരുടെ പരാതി പരിശോധിക്കാൻ കഴിഞ്ഞ മൂന്നുവർഷത്തിനിടെ അഞ്ചു കമ്മിഷനുകളെ നിയോഗിച്ചെങ്കിലും ഈ കമ്മിഷനുകളുടെ റിപ്പോർട്ടിൽ യാതൊരു നടപടികളും സ്വീകരിച്ചില്ല. കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി.സിദ്ദിഖ്, ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ, എം.കെ. രാഘവൻ എം .പി എന്നിവരുടെ സാന്നിധ്യത്തിൽ എടുത്ത തീരുമാനങ്ങൾ ലംഘിച്ചവർക്കെതിരെ നടപടിയെടുക്കാനും നേതൃത്വം തയ്യാറായില്ലെന്ന് ഇവർക്ക് പരാതിയുണ്ട്. അതെസമയം നിയമസഭ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ ഉന്നയിക്കുന്ന പ്രശ്നത്തിന് പരിഹാരമായില്ലെങ്കിൽ തിരഞ്ഞെടുപ്പ് വിജയത്തെ സാരമായി ബാധിക്കുമെന്ന ആശങ്കയും ശക്തമായിട്ടുണ്ട്.
ഡി.സി.സി ഓഫീസിന് മുന്നിലെ സമരം;
ഏഴുപേർക്കെതിരെ നടപടി
മുക്കം: കോഴിക്കോട് ഡി .സി. സി ഓഫീസിനു മുന്നിൽ സമരം നടത്തിയഏഴ് കോൺഗ്രസ് നേതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസ്. മുക്കം ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ചന്ദ്രൻ കപ്പിയേടത്ത്, ഷീല നെല്ലിക്കൽ, ഇ.കെ. ഷാഹുൽ ഹമീദ്, പി.ടി.ബാലകൃഷ്ണൻ, മണ്ഡലം സെക്രട്ടറിമാരായ രാജു കുന്നത്ത്, കെ.വി.രവീന്ദ്രനാഥ്, മണ്ഡലം വൈസ് പ്രസിഡന്റ് വിശ്വൻ എടക്കണ്ടി എന്നിവർക്കാണ് ഡി. സി. സി. പ്രസിഡന്റ് യു. രാജീവൻ നോട്ടീസ് നൽകിയത്. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന തരത്തിൽ പ്രവർത്തിച്ചതിന് കെ.പി.സി.സി നിർദ്ദേശ പ്രകാരം നടപടി സ്വീകരിക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്നും നോട്ടീസിൽ പറയുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് സ്ത്രീകളടക്കം എൺപതോളം കോൺഗ്രസ് പ്രവർത്തകരും നേതാക്കളും കോഴിക്കോട് ഡി.സി.സി ഓഫീസിലെത്തിയത്. ഡി.സി.സി പ്രസിഡന്റിനെ ബന്ധപ്പെട്ടങ്കിലും സ്ഥലത്തില്ലെന്ന മറുപടി ലഭിച്ചതോടെ ഓഫീസിൽ യോഗം ചേർന്ന് കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |