തിരുവനന്തപുരം: ഇന്നലെ കെ പി സി സി ജനറൽ സെക്രട്ടറി പദവി രാജിവച്ച വിജയൻ തോമസ് ഇന്ന് നടത്താനിരുന്ന വാർത്താസമ്മേളനം മാറ്റിവച്ചു. പാർട്ടിയുമായുളള പ്രശ്‌നങ്ങൾ പറഞ്ഞു തീർത്ത് കോൺഗ്രസിന്റെ വിജയത്തിനായി സംസ്ഥാനമൊട്ടാകെ യാത്ര ചെയ്യുമെന്നും പ്രവർത്തിക്കുമെന്നും വിജയൻ തോമസ് പറഞ്ഞു.
പാർട്ടിയുടെ ഇപ്പോഴത്തെ പ്രവർത്തനത്തിലും ഗ്രൂപ്പ് കളിയിലും അതൃപ്തിയുളളതുകാരണമാണ് രാജിവച്ചതെന്നായിരുന്നു കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞിരുന്നത്. എന്നാൽ നേമത്ത് സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് വിജയൻ തോമസിന്റെ രാജിയെന്നാണ് പാർട്ടി വൃത്തങ്ങൾ അറിയിച്ചിരുന്നത്. അദ്ദേഹം മറ്റുപാർട്ടികളിലേക്ക് ചേക്കേറുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
ബി ജെ പിയും സി പി എമ്മും കോൺഗ്രസിന്റെ മുഖ്യശത്രുക്കളാണെന്ന് വിജയൻ തോമസ് പറഞ്ഞു. ഇരുപാർട്ടികളും ഒരേ തൂവൽപക്ഷികളാണ്. കോൺഗ്രസിന്റെ അഭ്യന്തര ജനാധിപത്യത്തിന്റൈ ഭാഗമാണ് തന്റെ രാജി. സി പി എം സൈബർ പോരാളികൾ ഇതിനെ ബി ജെ പി ലേക്കുളള യാത്രയായി പ്രചരിപ്പിച്ചു. അത് ലജ്ജാവഹവും ജനാധിപത്യ മര്യാദയില്ലാത്തതുമാണെന്നും വിജയൻ തോമസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |