കോഴിക്കോട്: പൊന്നാനിക്ക് പിന്നാലെ കോഴിക്കോട് കുറ്റ്യാടിയിലും തെരുവിലിറങ്ങി പ്രതിഷേധിച്ച് സിപിഎം പ്രവർത്തകർ. കുറ്റ്യാടി സീറ്റ് കേരളാ കോൺഗ്രസ് മാണി വിഭാഗത്തിന് നൽകിയതിനെതിരെയാണ് പ്രവർത്തകരുടെ പരസ്യപ്രകടനം. പാർട്ടി സീറ്റായിരുന്ന കുറ്റ്യാടിയിൽ സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ കെപി കുഞ്ഞമ്മദ് കുട്ടിയെ മത്സരിപ്പിക്കണമെന്നാണ് പ്രവർത്തകർ ആവശ്യപ്പെടുന്നത്. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ടുള്ള മുദ്രാവാക്യവും അവർ മുഴക്കുന്നുണ്ട്.
ഈ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ കുറ്റ്യാടിയിലെ വേളത്ത് കഴിഞ്ഞ ദിവസങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. കുറ്റ്യാടി മണ്ഡലം കേരള കോണ്‍ഗ്രസ് (എം) ജോസ് വിഭാഗത്തിന് നല്‍കാനുളള തീരുമാനം പാര്‍ട്ടിക്കുള്ളില്‍ വലിയ പൊട്ടിത്തെറികൾ സൃഷ്ടിക്കുമെന്ന് പാർട്ടിയുടെ പ്രാദേശിക നേതൃത്വം മേൽ കമ്മിറ്റികളെ നേരത്തെ അറിയിച്ചിരുന്നു. നേതൃത്വത്തിനെതിരെ സോഷ്യൽ മീഡിയയിലും പാര്‍ട്ടിയുടെ ഗ്രൂപ്പുകളിലും കടുത്ത പ്രതിഷേധം ഉയർന്നിരുന്നു.
വേളം, കുറ്റ്യാടി, ആയഞ്ചേരി, വില്യാപ്പള്ളി, മണിയൂര്‍, തിരുവള്ളൂര്‍, പുറമേരി, കുന്നുമ്മല്‍ എന്നിവിടങ്ങളിലെല്ലാം പ്രതിഷേധമുണ്ട്. കെപി.കുഞ്ഞമ്മദ് കുട്ടിയെ ഇവിടെ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കണമെന്ന് പാർട്ടി നേരത്തെ തീരുമാനിച്ചിരുന്നു. പിന്നീടാണ് മണ്ഡലം ഇടത് മുന്നണി ഘടകകക്ഷിയായ കേരള കോൺഗ്രസിന് നൽകാൻ തീരുമാനമായത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും കുറ്റിയാടിയിലെ സിപിഎം സ്ഥാനാർത്ഥിയായി കുഞ്ഞമ്മദ് കുട്ടിയെ പരിഗണിച്ചിരിക്കുന്നു. എന്നാൽ പിന്നീട് കെകെ ലതികയാണ് ഇവിടെ സ്ഥാനാർത്ഥിയായത്. അന്ന് മുസ്ലിം ലീഗിന്റെ പാറക്കല്‍ അബ്ദുള്ളയോട് 1157 വോട്ടിന് ലതിക പരാജയപ്പെടുകയാണ് ഉണ്ടായത്. കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാർത്ഥിയാക്കാത്തതിനാൽ മണ്ഡലത്തിലെ പ്രചാരണ പ്രവർത്തനങ്ങൾ ഇപ്പോൾ മന്ദഗതിയിലാണ് നീങ്ങുന്നത്.
മണ്ഡലത്തിൽ സ്വാധീനമില്ലാത്ത കേരളാ കോൺഗ്രസ് എമ്മിന് മണ്ഡലം നൽകിയത് അണികളുടെ ആവേശം ചോർത്തിയിട്ടുണ്ടെന്ന് കുറ്റിയാടിയിലെ മുതിർന്ന സിപിഎം നേതാക്കളും സമ്മതിക്കുന്നു. സ്ഥാനാർത്ഥിയെ സംബന്ധിച്ച തീരുമാനത്തിൽ അതൃപ്തരായ അണികളുടെ വികാരം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചാൽ മണ്ഡലം കൈവിട്ടു പോയേക്കാമെന്നും ഇവർ ആശങ്കപ്പെടുന്നു. സമാനമായ കാരണങ്ങളാൽ മലപ്പുറം പൊന്നാനിയിലെ സിപിഎം ഘടകവും പരസ്യപ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |