മട്ടന്നൂർ: ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ വണ്ണാത്തിമൂലയിൽ നിന്നാണ് ഇടതുസ്ഥാനാർത്ഥിയെ കണ്ടത്. ആവേശം അലയടിക്കുന്ന അന്തരീക്ഷത്തിൽ ടീച്ചർ സംസാരിക്കുന്നത് നിപ-കൊവിഡ് കാലഘട്ടങ്ങളിലേതുപോലെ അതീവശ്രദ്ധയോടെയാണ്.
സംസാരത്തിൽ എതിരാളിക്ക് ആക്ഷേപമില്ല, ആവേശതള്ളിച്ചയില്ല,ഇല്ലാക്കഥകൾ വിളിച്ചുപറയില്ല.... ചെയ്തതും ചെയ്യാൻ പോകുന്നതുമായ കാര്യങ്ങൾ അക്കമിട്ടുള്ള സംസാരം.
വണ്ണാത്തിമൂലയിൽ നിന്ന് ഞാലിൽ,കാവിന്മൂല, അമ്പായക്കാട്, മുടപ്പത്തൂർ ,പനത്താറമ്പ്, കളരിക്കൽ, കൈതക്കൊല്ലി, കിഴുവക്കാൽ, പൂഴിയോട് ,ആലച്ചേരി എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം കണ്ണംവെള്ളിയിലായിരുന്നു സമാപനം. കെ. കെ. ശൈലജ മട്ടന്നൂരിലെ പ്രവർത്തകർക്കും ടീച്ചറമ്മയാണ്. മുത്തുക്കുടകളും വർണബലൂണുകളും മാലപ്പടക്കവും ബാൻഡ്‌മേളവുമൊക്കെയായി ഉത്സവാന്തരീക്ഷത്തിലാണ് .ശൈലജയുടെ പര്യടനം. കൊന്നപ്പൂക്കളും ബൊക്കെകളും നൽകി കുട്ടികൾ സ്വീകരിക്കുകയാണ് സ്ഥാനാർത്ഥിയെ.
പിണറായി സർക്കാരിന്റെ ഭരണകാലത്ത് കൈവരിച്ച നേട്ടങ്ങളും ഒപ്പം ആരോഗ്യരംഗത്തെ പ്രവർത്തനങ്ങളും വിശദീകരിച്ചു കൊണ്ടാണ് ടീച്ചറുടെ വോട്ടഭ്യർഥന. യു.ഡി.എഫും ബി.ജെ.പിയും പ്രതിസന്ധി ഘട്ടത്തിൽപ്പോലും നാടിനൊപ്പം നിന്നില്ലെന്ന വിമർശനം അവർ ഉന്നയിക്കുന്നുണ്ട്. വീട്ടമ്മമാർക്ക് ഏർപ്പെടുത്തുന്ന പെൻഷൻ ഇടതുഭരണത്തിന്റെ നാഴികക്കല്ലാകുന്ന നേട്ടമാകുമെന്ന് സ്വീകരണ കേന്ദ്രങ്ങളിലെല്ലാം കെ.കെ.ശൈലജ എടുത്തുപറഞ്ഞു.രാവിലെ മുതൽ അടുക്കളയിൽ അധ്വാനിക്കുന്ന വീട്ടമ്മമാർക്ക് അർഹിക്കുന്ന പരിഗണന ലഭിക്കുന്നില്ല. പറയുന്നത് ചെയ്യുന്ന സർക്കാരാണ് പിണറായിയുടേതെന്ന വിശ്വാസം ജനങ്ങൾക്കുണ്ടെന്നും ടീച്ചർ ചൂണ്ടിക്കാട്ടുന്നു.
******************************************************************
യു.ഡി.എഫ് സ്ഥാനാർത്ഥിയായി മട്ടന്നൂരിലെത്തിയത് മുതൽ ഓട്ടത്തിലാണ് ആർ.എസ്.പിക്കാരനായ ഇല്ലിക്കൽ ആഗസ്തി. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ നാട്ടുകാരിലൊരാളായെന്ന ആത്മവിശ്വാസത്തിലാണ് തളിപ്പറമ്പ് നിയോജകമണ്ഡലത്തിലെ പെരുമ്പടവ് സ്വദേശിയായ ഇദ്ദേഹം.
സ്വീകരണകേന്ദ്രങ്ങളിൽ എത്തി വേദിയിൽ മറ്റുള്ളവർ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോൾ സമീപത്തെ കടകളിലും സ്ഥാപനങ്ങളിലും ഓടിക്കയറി വോട്ടഭ്യർത്ഥിക്കുകയാണ് സ്ഥാനാർത്ഥി. കാണുന്നവരോട് കൈകൂപ്പിയുള്ള വോട്ടഭ്യർഥന. വേദിയിലെത്തിയാൽ ചുരുങ്ങിയ വാക്കുകളിലുള്ള പ്രസംഗം. തില്ലങ്കേരിയിലെ കാവുംപടിയിലാണ് ആഗസ്തിയുടെ പര്യടനപരിപാടി തുടങ്ങിയത്.ചെറിയ ആൾക്കൂട്ടങ്ങളാണ് സ്വീകരണകേന്ദ്രങ്ങളിൽ മിക്കയിടത്തും. തുറന്ന വാഹനത്തിൽ നാട്ടുകാരെ കൈവീശി അഭിവാദ്യം ചെയ്താണ് പര്യടനം. മട്ടന്നൂർ മണ്ഡലത്തിലെ വികസന മുരടിപ്പ് ചൂണ്ടിക്കാട്ടിയാണ് സ്ഥാനാർത്ഥിയുടെ വോട്ടഭ്യർത്ഥന.ഒരു മന്ത്രി പ്രതിനിധാനം ചെയ്തിട്ടും മറ്റൊരു മന്ത്രിയുടെ സ്വന്തം നാടായിരുന്നിട്ടും മണ്ഡലത്തിൽ കാര്യമായ വികസനമെത്തിയിട്ടില്ല. പക്ഷപാതപരമായ സമീപനമാണ് ഭരണപക്ഷം സ്വീകരിച്ചത്. വിമാനത്താവള മണ്ഡലമെന്ന വളർച്ചയിലേക്ക് മട്ടന്നൂരിനെ എത്തിക്കാൻ യു.ഡി.എഫിനെ പിന്തുണക്കണമെന്നും അദ്ദേഹം പറയുന്നു. എടയന്നൂരിലെ ഷുഹൈബിന്റെ കൊലപാതകം ഉയർത്തിക്കാട്ടി അക്രമരാഷ്ട്രീയവും പ്രചാരണ വിഷയമാക്കുന്നുണ്ട്.
വഞ്ഞേരി, മാമ്പറം, കണ്ണിരിട്ടി, വേങ്ങരച്ചാൽ, ഇല്ലം കോളനി, പുല്ലാട്ട്ഞാൽ, ആലയാട് സ്കൂൾ പരിസരം, കുണ്ടേരി ഞാൽ, കരുവള്ളി, പെരിങ്ങാനം, ശങ്കരൻ കണ്ടി കോളനി, തില്ലങ്കേരി ടൗൺ, മേറ്റടി, സ്വീകരണത്തോടെ രാത്രി വൈകി പാലോട്ടു പളളിയിലാണ് ഈ ദിവസത്തെ പര്യടനം സമാപിച്ചത്.
******************************************************
മട്ടന്നൂരിൽ എൻ.ഡി.എ. സ്ഥാനാർത്ഥിയായി ബിജു ഏളക്കുഴി എത്തുന്നത് തുടർച്ചയായി മൂന്നാം തവണയാണ് . ഇക്കുറി നേരത്തെ തന്നെ സജീവമായിരുന്നു. ആവേശം ഒട്ടും കുറയാത്ത പ്രചാരണമാണ് മണ്ഡലത്തിൽ എൻ.ഡി.എ. നടത്തുന്നത്. മട്ടന്നൂർ മണ്ഡലത്തിൽ ഉൾപ്പെട്ട ഏളക്കുഴി സ്വദേശിയായ ബിജു വികസനത്തിന് മാറ്റം വേണമെന്ന മുദ്രാവാക്യമുയർത്തിയാണ് വോട്ടു തേടുന്നത്. കേന്ദ്രസർക്കാരിന്റെ വികസന നേട്ടങ്ങൾ അനുഭവവേദ്യമാക്കാൻ ബി.ജെ.പി.യെ പിന്തുണക്കണമെന്ന ആവശ്യമാണ് വോട്ടർമാർക്ക് മുന്നിൽ വെക്കുന്നത്.
ഇടതു-വലതു സർക്കാരിന്റെ അഴിമതിയും ശബരിമല വിഷയവുമാണ് അദ്ദേഹം പ്രസംഗങ്ങളിലുള്ളത്. മാറിവന്ന എൽ.ഡി.എഫ്.-യു.ഡി.എഫ്. മുന്നണികൾ കേരളത്തിലെ ജനങ്ങളെ വഞ്ചിക്കുകയാണ് . ആറു വർഷമായി രാജ്യം ഭരിക്കുന്ന മോദി സർക്കാരിനെതിരെ നയാപ്പൈസയുടെ അഴിമതി ആരോപണം ഉയർന്നു വന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇന്നലെ മണ്ഡല പര്യടനം പൂർത്തിയാക്കി റോഡ് ഷോ നടത്തി. കരേറ്റ മുതൽ മട്ടന്നൂർ ടൗൺ വരെ തുറന്ന വാഹനത്തിൽ സ്ഥാനാർത്ഥിയും നൂറ് കണക്കിന് ബൈക്കുകളിൽ ഐക്യദാർഢ്യവുമായി പ്രവർത്തകരും അണി ചേർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |