SignIn
Kerala Kaumudi Online
Wednesday, 07 January 2026 4.48 PM IST

കാപ്പ ചുമത്തിയതറിഞ്ഞ് പൊലീസ് സ്റ്റേഷനിൽ ഗുണ്ട കൈത്തണ്ട മുറിച്ചു

Increase Font Size Decrease Font Size Print Page
maneesh

കൊച്ചി: വധശ്രമക്കേസിൽ ജാമ്യത്തിൽ കഴിയുന്ന ഗുണ്ട പൊലീസ് സ്റ്റേഷനിൽ കൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ജാമ്യവ്യവസ്ഥ പ്രകാരം പൊലീസ് സ്റ്റേഷനിൽ ഒപ്പിടാൻ എത്തിയ ഇയാളെ സാമൂഹ്യവിരുദ്ധ പ്രവർത്തനം തടയൽ നിയമപ്രകാരം (കാപ്പ) അറസ്റ്റ് ചെയ്യാൻ പൊലീസ് തടഞ്ഞുനിർത്തിയപ്പോഴാണ് സ്വയം പരിക്കേൽപ്പിച്ചത്.

15 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ ആലപ്പുഴ അരൂക്കുറ്റി വടുതല ജമാഅത്ത് സ്കൂളിന് സമീപം ചെട്ടിക്കാട്ട് വീട്ടിൽ മനീഷാണ് (27) നെടുമ്പാശേരി പൊലീസ് സ്റ്റേഷനിൽ ഇന്നലെ രാവിലെ നാടകീയ രംഗങ്ങൾ സൃഷ്ടിച്ചത്. നെടുമ്പാശേരി സ്റ്റേഷനിലെ വധശ്രമക്കേസിൽ ജനുവരി ഒന്നിനാണ് ജാമ്യം കിട്ടി പുറത്തിറങ്ങിയത്. ഇപ്പോൾ താമസിക്കുന്ന ഇടക്കൊച്ചി അക്വിനാസ് കോളേജിന് സമീപം പാലമറ്റം തട്ടുകാട്ടിൽ വീട്ടിൽ നിന്നാണ് ഒപ്പിടാൻ രാവിലെ സ്റ്റേഷനിൽ എത്തിയത്. സ്ഥിരം കുറ്റവാളിയായ മനീഷിനെ കാപ്പ ചുമത്തി ജയിലിടക്കാൻ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇന്നലെ രാവിലെയാണ് കാപ്പ ചുമത്താൻ അനുമതി നൽകി കളക്ടറുടെ ഉത്തരവ് സിറ്റി പൊലീസിന് ലഭിച്ചത്.

ഈ സമയം മനീഷ് നെടുമ്പാശേരി പൊലീസ് സ്റ്റേഷനിലായിരുന്നു. ഇയാളെ സ്റ്റേഷനിൽ തടഞ്ഞുവെയ്ക്കാൻ നെടുമ്പാശേരി പൊലീസിന് കൊച്ചി സിറ്റി പൊലീസ് നിർദ്ദേശം നൽകി. പള്ളുരുത്തി എസ്.എച്ച്.ഒ കിരൺനായരുടെ നേതൃത്വത്തിൽ പൊലീസ് സംഘം കസ്റ്റഡിയിലെടുക്കാൻ നെടുമ്പാശേരിയിലേക്ക് പുറപ്പെട്ടു. പൊലീസ് സംഘം എത്തും മുമ്പാണ് കൈവശമുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് മൂന്നുതവണ കൈത്തണ്ട മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. പൊലീസുകാർ ചേർന്ന് ഇയാളെ കീഴ്പ്പെടുത്തി ആശുപത്രിയിലെത്തിച്ച് തുന്നലിട്ട ശേഷം വീണ്ടും സ്റ്റേഷനിലെത്തിച്ചു. പരിക്ക് ഗുരുതരമല്ല. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി വൈകിട്ടോടെ വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചു.

പണം കൊടുക്കാത്തതിന് സുഹൃത്തിനെ വെട്ടി

മോഷണം, കവർച്ച, കഞ്ചാവ് വിതരണം, വധശ്രമം ഉൾപ്പെടെ കേസുകളിൽ പ്രതിയായ മനീഷിനെ 2024ലും കാപ്പ ചുമത്തി ഒരു വർഷം വിയ്യൂർ സെൻട്രൽ ജയിലിൽ പാർപ്പിച്ചിരുന്നു. കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് സ്നേഹിതനെ ആക്രമിച്ചത്. 2025 ഒക്ടോബർ 18ന് നെടുമ്പാശേരിയിലെ സുഹൃത്തിന്റെ വീട്ടിലെത്തി പണം ആവശ്യപ്പെട്ടു. പണം നൽകാൻ വിസമ്മതിച്ചപ്പോഴാണ് വടിവാൾ കൊണ്ട് വെട്ടിയതും ബിയർകുപ്പി കൊണ്ട് കുത്തിയതും. ഈ കേസിൽ ആലുവ സബ്‌ജയിലിൽ റിമാൻഡിൽ കഴിയവെയാണ് ജാമ്യത്തിലിറങ്ങിയതും ഇപ്പോൾ വീണ്ടും കാപ്പ ചുമത്തി അറസ്റ്റ് ചെയ്തതും.

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY