
ആലുവ: തോട്ടക്കാട്ടുകരയിൽ റൂറൽ എസ്.പിയുടെ ക്യാമ്പ് ഓഫീസിന് സമീപം തുരുത്തുമ്മൽ ജോർജ് സേവ്യറിന്റെ പൂട്ടിക്കിടന്ന വീട് കുത്തിതുറന്ന് ഏഴ് പവന്റെ ആഭരണം മോഷ്ടിച്ചു. ആലുവയിൽ മൂന്ന് ദിവസത്തിനിടെ ആളില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. രണ്ടുമാസംമുമ്പും എസ്.പിയുടെ ക്യാമ്പ് ഓഫീസിന് സമീപം കവർച്ച നടന്നിരുന്നു.
ജോർജും കുടുംബവും ഓസ്‌ട്രേലിയയിലാണ്. വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. കഴിഞ്ഞ ഡിസംബർ 24നും ഈ മാസം നാലിനും ഇടയിലാണ് മോഷണം നടന്നിരിക്കുന്നതെന്ന് സംശയിക്കുന്നു. വീട്ടിൽ ലൈറ്റിടാനായി ഒരാളെ ഏൽപ്പിച്ചിരുന്നു. ഇയാൾ ശനിയാഴ്ച രാത്രി ലൈറ്റിടാൻ വന്നപ്പോഴാണ് വാതിൽ പൊളിച്ച നിലയിൽ കണ്ടത്തിയത്. തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. വീടിന്റെ പിൻവശത്തെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്ത് കടന്നിരിക്കുന്നത്. വീടിന്റെ അകത്തെ എല്ലാ വാതിലുകളും അലമാരകളും നശിപ്പിച്ച നിലയിലാണ്.
കഴിഞ്ഞദിവസം ആശാൻലൈനിലും സമാനമായ രീതിയിൽ മോഷണം നടന്നിരുന്നു. പെരുമ്പിള്ളി അശോകിന്റെ വീട്ടിൽനിന്ന് 60,000 രൂപയുടെ വസ്തുക്കളാണ് മോഷ്ടിച്ചത്. അശോകനും ഭാര്യയും തിരുപ്പതിയിലും മകൻ ഗുജറാത്തിലുമാണ്. പൊലീസ് അന്വേഷണം തുടങ്ങി.
പിന്നിൽ ഒരേ സംഘമെന്ന് സംശയം
ആലുവ: ആളില്ലാത്ത വീടുകൾ കണ്ടെത്തി മോഷണം നടത്തുന്നത് ഒരേ സംഘമാണെന്നാണ് സൂചന. മോഷണം നടന്ന ഇരുവീടുകളിലും പൊലീസ് അന്വേഷണസംഘവും വിരലടയാള വിദഗ്ദ്ധരും പരിശോധന നടത്തി. കാസിനോ തിയേറ്റർ ആശാൻലൈനിലെ വീട്ടിലാണ് സംഘം ആദ്യമെത്തിയത്. പത്തരയോടെ തോട്ടക്കാട്ടുകരയിലെ വീട്ടിലുമെത്തി പരിശോധന നടത്തി. മോഷണത്തിൽ കൂടുതൽ ആളുകൾ ഉണ്ടോ എന്നതടക്കം പരിശോധിക്കും. ആലുവയിൽ അടഞ്ഞുകിടക്കുന്ന വീടുകൾ കേന്ദ്രീകരിച്ചുള്ള മോഷണം പതിവായിരിക്കുകയാണെന്നും അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |