കോട്ടയം : ഇന്ത്യയിലെ തിരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ ലോകമെമ്പാടുമുള്ള തിരഞ്ഞെടുപ്പ് ഏജൻസികൾക്ക് നേരിൽ കണ്ട് മനസിലാക്കാൻ അവസരമൊരുക്കുന്ന പ്രത്യേക പരിപാടിയിൽ കോട്ടയം ജില്ല കേരളത്തെ പ്രതിനിധികരീക്കും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ വിർച്വൽ ഇലക്ഷൻ വിസിറ്റേഴ്‌സ് പ്രോഗ്രാം 26 രാജ്യങ്ങളിൽ ഓൺലൈനിൽ തത്സമയം പ്രദർശിപ്പിക്കും. ആറിന് ഉച്ചകഴിഞ്ഞ് 3 മുതൽ 4.30 വരെ നടക്കുന്ന പരിപാടിയിൽ 15 മിനിറ്റാണ് കോട്ടയം ജില്ലയ്ക്ക് അനുവദിക്കുക. അന്ന് തിരഞ്ഞെടുപ്പ് നടക്കുന്ന അസം, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതച്ചേരി എന്നിവിടങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ജില്ലകളിലെ നടപടികളും ഇതോടൊപ്പം പ്രദർശിപ്പിക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ മേഖലകളെ കേന്ദ്രീകരിച്ചാണ് ഓരോ സംസ്ഥാനത്തിന്റെയും അവതരണം. കൊവിഡ് പ്രതിരോധം ഉറപ്പാക്കുന്നത് സംബന്ധിച്ച വിശദാംശങ്ങളാണ് കേരളം അവതരിപ്പിക്കുക. കോട്ടയം സി.എം.എസ് കോളേജ് ഹൈസ്‌കൂളിലെ 74, 75 ബൂത്തുകളിൽ കൊവിഡ് പ്രോട്ടോക്കോൾ പൂർണമായും പാലിച്ച് നടത്തുന്ന തിരഞ്ഞെടുപ്പ് പ്രക്രിയ ജില്ലാ കളക്ടർ തത്സമയം വിശദമാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |