SignIn
Kerala Kaumudi Online
Monday, 07 July 2025 5.01 AM IST

എന്നും ഉണർന്നിരുന്ന പി.കെ.ബാലകൃഷ്ണൻ

Increase Font Size Decrease Font Size Print Page

pkb

"ദ്രൗപദീ" എന്നു യുധിഷ്ഠിരൻ വീണ്ടും വിളിച്ച വിളി, ആലസ്യത്താൽ കണ്ണുകൾ വീണ്ടും അടയവേ, അതിവിദൂരസ്ഥമായ ഏതോ ലോകത്തിൽനിന്നു വരുന്ന ഒരു ചലനം പോലെ, അവളുടെ ഹൃദയം ഉൾക്കൊണ്ടു. അവളുടെ വിറയ്ക്കുന്ന ചുണ്ടുകൾ പതുക്കെ, നന്നേ പതുക്കെ, ഹൃദയങ്ങൾക്കു മാത്രം കേൾക്കാൻ കഴിയുന്നത്ര പതുക്കെ, പിറുപിറുത്തു: "യുധിഷ്ഠിരാ, ഞാൻ ഉറങ്ങട്ടെ." പി.കെ. ബാലകൃഷ്ണന്റെ 'ഇനി ഞാൻ ഉറങ്ങട്ടെ' എന്ന ഇതിഹാസ നോവൽ അവസാനിക്കുന്നത് ഇങ്ങനെയാണ്. എറണാകുളം എടവനക്കാട് എന്ന ഗ്രാമത്തിൽ 1926-ൽ കേശവൻ ആശാന്റെയും മണിഅമ്മയുടെയും മകനായി ജനിച്ച പി.കെ.ബാലകൃഷ്ണൻ രാഷ്ട്രീയ പ്രവർത്തകനായും പത്രപ്രവർത്തകനായുമാണ് പൊതുജീവിതത്തിലേക്ക് പ്രവേശിച്ചത്. കേരളകൗമുദി പത്രാധിപ സമിതിയിലും അദ്ദേഹം ഏറെനാൾ പ്രവർത്തിച്ചിരുന്നു. 1991 ഏപ്രിൽ മൂന്നിന് അദ്ദേഹത്തിന്റെ ഭൗതിക ജീവിതത്തിന് തിരശ്ശീല വീണു. മൂന്നു പതിറ്റാണ്ടു മുമ്പ് വിടപറഞ്ഞ പി.കെ.ബിയുടെ ജീവിതവും രചനകളും എന്നുമൊരു പാഠപുസ്തകമാണ്. എന്തുകൊണ്ട് ?

എഴുത്തുകാരനാവാൻ വേണ്ടി എഴുതുകയും സന്യാസിയാവാൻ വേണ്ടി കാഷായവേഷം ധരിക്കുകയും കോൺഗ്രസുകാരനാവാൻ വേണ്ടി ഗാന്ധിത്തൊപ്പി അണിയുകയും ചെയ്യുന്നവരുണ്ട്. അങ്ങനെയുള്ളവരുടെ എണ്ണം പെരുകുന്ന കാലമാണിത്. ബി.ജെ.പിക്കാരെന്നു പറഞ്ഞ് കാവിക്കൊടി പിടിച്ചു നടക്കുന്ന ഭൂരിപക്ഷം ആളുകളും എന്താണ് ആ പാർട്ടിയുടെ ചരിത്രനിയോഗമെന്നും പരിമിതിയെന്നും അറിയുന്നുണ്ടാവില്ല. ഇന്ന് ചെങ്കൊടിയേന്തി നടക്കുന്നവരിൽ ബഹുഭൂരിപക്ഷവും കമ്മ്യൂണിസ്റ്റുകാരല്ല എന്നും എല്ലാവർക്കുമറിയാം. പി.കെ. ബാലകൃഷ്ണനെക്കുറിച്ച് ചിന്തിക്കുമ്പോൾ ഇത്രയും ആമുഖമായി ഓർക്കുന്നത് നല്ലതാണ്. കാരണം,​ എഴുത്തുകാരനാവാൻ വേണ്ടി എഴുതിയ പൗരനല്ല പി.കെ.ബാലകൃഷ്ണൻ. ചരിത്രകാരനാവാൻ വേണ്ടിയല്ല ചരിത്രത്തിന്റെ ഇരുൾമൂടിയ വഴികളിലൂടെ വിടർന്ന മനസുമായി അദ്ദേഹം സഞ്ചരിച്ചത്. സാഹിത്യ വിമർശകനായിക്കളയാം എന്ന ആഗ്രഹത്താലല്ല സാഹിത്യവിമർശന ഗ്രന്ഥങ്ങളെഴുതിയതെന്നും മനസിലാക്കാൻ പ്രയാസമില്ല. അതെല്ലാം ഒരു നിയോഗം പോലെ ഏറ്റെടുക്കുകയായിരുന്നു പി.കെ.ബാലകൃഷ്ണൻ. അവിടെ സന്ധിചെയ്യലുണ്ടായിരുന്നില്ല. ചെയ്ത കർമ്മത്തിന്റെ ഗുണഫലം സ്വന്തമാക്കാനോ പ്രശസ്തി നേടാനോ കാത്തുനിന്നതുമില്ല. ഒരു കർമ്മത്തിൽ നിന്ന് അടുത്ത കർമ്മത്തിലേക്ക്. അവിടെ ചരിത്രമെന്നോ കഥയെന്നോ വിമർശനമെന്നോ ഉള്ള വേർതിരിവും ഉണ്ടായിരുന്നില്ല. അതൊരു ഒറ്റപ്പെട്ട യാത്രയായിരുന്നു. കേരളത്തിൽ മാത്രമല്ല,​ ഇന്ത്യൻ പശ്ചാത്തലമെടുത്താലും ഇത്തരം ഒരു ജീനിയസിനെ കാണുക പ്രയാസമാണ്.

ബഹുമുഖപ്രതിഭ എന്ന് ധാരാളം പേരെ നമ്മൾ വിളിക്കാറുണ്ട്. പക്ഷേ, പി.കെ. ബാലകൃഷ്ണനെ ബഹുമുഖപ്രതിഭയെന്ന് വിളിക്കുമ്പോൾ അർത്ഥം മാറുന്നു. വാക്കുകൾക്ക് സൗരദീപ്തി കൈവരുന്നു. നോവലിസ്റ്റ്, പത്രപ്രവർത്തകൻ, ചരിത്രകാരൻ, സാമൂഹ്യ- രാഷ്ട്രീയ- സാംസ്കാരിക പ്രവർത്തകൻ, സാഹിത്യ വിമർശകൻ എന്നിങ്ങനെ വിവിധ മണ്ഡലങ്ങളിൽ ചരിത്രമുദ്ര പതിപ്പിച്ച ജീനിയസാണ് പി.കെ. ബാലകൃഷ്ണൻ. കൈവച്ച ഒരു മേഖലയിലും അദ്ദേഹം പരാജയപ്പെട്ടില്ല. അവിടെയെല്ലാം ഏകാന്തപഥികനായി നിന്നുകൊണ്ട് വിസ്ഫോടനാത്മകമായ സാന്നിദ്ധ്യം ഉറപ്പിക്കുകയും ചെയ്തു. അങ്ങനെയൊരു വ്യക്തിയെ മലയാളത്തിൽ വേറെ കണ്ടെത്താൻ സാധിക്കില്ല. ഇതെല്ലാം കൈകാര്യം ചെയ്തവർ ധാരാളമുണ്ടാവും. ഒരേസമയം പല വലകൾകൊണ്ട് മീൻപിടിക്കാൻ ഒരുമ്പെടുന്നവരെപ്പോലെയാണത്. ചില വലകളിൽ മീൻ വീഴും, ചിലതിൽ വീഴില്ല. എല്ലാം കൂടി ഒന്നിച്ചിടുമ്പോൾ ഒരു കറിക്കുള്ള മീനാവും. ചിലപ്പോൾ ഒരു കൈവട്ടി മീൻ വില്ക്കാനും ഉണ്ടാവും. അതായിരുന്നില്ല പി.കെ ബിയുടെ സ്ഥിതി. അദ്ദേഹം ഭുജിക്കാൻ വേണ്ടി ഒരു വലയും വച്ചില്ല. വില്ക്കാൻ വേണ്ടി ഒരു വട്ടിയും കരുതിയതുമില്ല.

പഞ്ചാലിയുടെ കാഴ്ചയിലൂടെ കർണന്റെ കഥ ആഖ്യാനം ചെയ്യുന്ന 'ഇനി ഞാൻ ഉറങ്ങട്ടെ' എന്ന നോവൽ കുരുക്ഷേത്ര യുദ്ധം അവസാനിക്കുന്നിടത്തു നിന്നാണ് ആരംഭിക്കുന്നത്. 'മഹാഭാരത'ത്തിന് പി.കെ.ബാലകൃഷ്ണൻ നൽകുന്ന വ്യാഖ്യാനം എന്ന നിലയിൽ ഈ നോവൽ വായിക്കുന്നതാവും ഉചിതം. രാജാവാകേണ്ട ജ്യേഷ്ഠസഹോദരനെ യാഥാ‌ർത്ഥ്യം അറിയാതെ ചതിയിൽ നിഗ്രഹിച്ചാണ് പാണ്ഡവർ യുദ്ധം ജയിച്ചതെന്ന അറിവ് പഞ്ചാലിയെ സ്വന്തം ജീവിതത്തിന്റെ അർത്ഥശൂന്യതയെക്കുറിച്ച് ഓർക്കാൻ നിർബന്ധിതയാക്കുന്നു.

കുരുക്ഷേത്രയുദ്ധത്തിന്റെ ഭീകരതയും അധികാരത്തിന്റെ അതിനിന്ദ്യമുഖങ്ങളെയും ജീവിതദാഹങ്ങളുടെ നിരർത്ഥകതയെയും വിളംബരം ചെയ്യുന്നതിന് പര്യാപ്തമായ ഭാഷ ആവാഹിച്ചു കൊണ്ടാണ് പി.കെ.ബാലകൃഷ്ണൻ ഈ ഇതിഹാസ നോവലിന്റെ രചന സാക്ഷാത്‌കരിച്ചത്. യുദ്ധം ജയിച്ച രാത്രിയിൽ ഭയമൊഴിഞ്ഞ്, സിരകളയഞ്ഞ്, ഹൃദയം കുളിർത്ത നിലയിൽ സ്ത്രീജനങ്ങൾ ഉറക്കറകളിലേക്ക് പോകുമ്പോൾ ദ്രൗപദി കണ്ണുകൾ ഇറുകെ അടച്ച്, ഈശ്വരനോട് പ്രാർത്ഥിച്ചു: 'നിനക്കു സ്തുതി ! ദുഃസ്വപ്നമില്ലാത്ത, ഭയമില്ലാത്ത, ഗാഢനിദ്ര‌യിൽ നീ ഇന്നെന്നെ അനുഗ്രഹിക്കേണമേ!'- ആ പ്രാർത്ഥനയ്ക്ക്, നിദ്രയ്ക്ക് ആയുസുണ്ടായില്ല. 'ഉച്ചത്തിലുള്ള അലമുറകൾ കേട്ട് കിടപ്പറയിൽനിന്നു പിടഞ്ഞു പുറത്തുവന്ന ദ്രൗപദി, പാതിരാത്രിയിൽ ഒരു രക്തമദ്ധ്യാഹ്നംകണ്ടു സംഭീതയായി. പൊള്ളുന്ന ആ കൊടുംപ്രകാശത്തിൽ ഭയന്നു നിന്നുകൊണ്ട് അവൾ ചുറ്റുംനോക്കി. ഹിരണ്വ നദിയുടെ മറുകരയിലെ ശിബിരങ്ങൾ അഗ്നിയുടെ പർവത പംക്തിപോലെ ആളിക്കത്തുന്ന കാഴ്ച അവൾ കണ്ടു. നോക്കെത്താത്ത ദൂരത്തോളം നിരനിരയായിനിന്ന ശിബിരങ്ങൾ, ആകാശമദ്ധ്യത്തിൽ ഉയർന്നുനിന്ന് ആളിക്കത്തുന്നു. ഒരു നിമിഷം അവൾ തന്റെ ഉണ്ണികളെ ഓർത്തു. വൃദ്ധനായ അച്ഛനെയും ധൃഷ്ടദ്യുമ്നനെയും ശിഖണ്ഡിയെയും ഓർത്തു. ഭയാധിക്യത്താൽ കരയാൻ മറന്ന്, മിഴിച്ച കണ്ണുകളും തീപിടിച്ച മുഖവുമായി ആ അഗ്നിഗോപുരങ്ങളെ നോക്കി അവൾ നിർജ്ജീവയെപ്പോലെ നിന്നു.' നോവലിന്റെ പ്രാരംഭ അദ്ധ്യായം അവസാനിക്കുന്നതിങ്ങനെയാണ്.

സരസ്വതീതടം മുതൽ ഹിരണ്വ നദീതടം വരെ വ്യാപിച്ച കുരുക്ഷേത്രം മരിച്ച് മരവിച്ച്, അതിൽ മുങ്ങിക്കിടക്കുന്നത് കാണിച്ചു തന്നുകൊണ്ടാണ് പി.കെ.ബാലകൃഷ്ണൻ നോവലിന്റെ വാതിൽ തുറക്കുന്നത്. വിഭ്രമജനകമായ മുഹൂർത്തങ്ങളിലൂടെ നീങ്ങുന്ന നോവൽ അതിന്റെ ഭാഷകൊണ്ടു മാത്രമല്ല, ശില്പഭദ്രതകൊണ്ടും ആശയഗരിമകൊണ്ടും മലയാളനോവൽ സാഹിത്യത്തിൽ ഒറ്റപ്പെട്ട പ്രകാശഗോപുരമായി നിലകൊള്ളുന്നു. ദ്രൗപദിയിലൂടെ ആവിഷ്കൃതമാകുന്ന സ്ത്രീത്വത്തിന്റെ ദുഃഖവും ഒറ്റപ്പെടലിന്റെ വേദനയും ഭൂമിയുടെ ഗദ്ഗദമായി മാറുന്ന കാഴ്ചയാണ് പി.കെ.ബാലകൃഷ്ണൻ വരച്ചു കാട്ടുന്നത്. അരനൂറ്റാണ്ടോളം മുമ്പ് രചിച്ച ഈ നോവൽ ഭാഷകൊണ്ട് ഇന്നും പുതുമ പുലർത്തുന്നു. ഇതിഹാസകൃതിയോട് സത്യസന്ധതയും കൂറും നിലനിറുത്തിക്കൊണ്ടുതന്നെ വ്യാസനും എഴുത്തച്ഛനും മൗനത്തിൽ ഒളിപ്പിച്ച ദൃശ്യങ്ങളെ സൗരദീപ്തിയിൽ ആവിഷ്കരിക്കുകയായിരുന്നു പി.കെ.ബി.

ജാതീയചിന്തകളും വേർതിരിവുകളും പുതിയ രൂപഭാവങ്ങളിൽ മടങ്ങിവരികയും വ്യാപിക്കുകയും ചെയ്യുന്ന കാലമാണിത്. ഈ സന്ദർഭത്തിൽ വീണ്ടും വായിക്കേണ്ട പുസ്തകമാണ് പി.കെ.ബാലകൃഷ്ണന്റെ 'ജാതിവ്യവസ്ഥിതിയും കേരളചരിത്രവും'. ജാതിയെക്കുറിച്ചുള്ള മിഥ്യാധാരണകളെ പൊളിച്ചടുക്കുന്ന ചരിത്രഗ്രന്ഥമാണിത്. കാർഷികഗ്രാമങ്ങളുടെ ആവിർഭാവം തൊട്ടുള്ള കേരളഭൂപ്രദേശത്തിന്റെ സാമൂഹിക ചരിത്രം തെളിവുകളുടെ പിൻബലത്തോടെയാണ് പി.കെ.ബി വിശകലനം ചെയ്യുന്നത്. അതുല്യമഹിമയുള്ള ജാതിയാണ് തങ്ങളുടെ ജാതിയെന്ന് കേരളത്തിലെ ഓരോ ജാതിക്കാരും ഊറ്റംകൊണ്ടിരുന്ന ഒരു പുരാതന കാലമുണ്ടായിരുന്നു. കേരളത്തിൽ ഉണ്ടായിരുന്ന സമുദായങ്ങൾ, അവരുടെ ഭാഷ, സംസ്‌കാരം, ജീവിതരീതി എന്നിവയെല്ലാം വിശകലനം ചെയ്തുകൊണ്ടാണ് ജാതിവ്യവസ്ഥയെക്കുറിച്ചുള്ള മിഥ്യാഭിമാനത്തിന്റെ കോട്ടകളെ അദ്ദേഹം പൊളിച്ചടുക്കുന്നത്. ചരിത്രത്തിന്റെ ഇരുളടഞ്ഞ ഏടുകളിലേക്ക് അന്നുവരെ വീശിയ പല പ്രകാശകിരണങ്ങളും വ്യക്തമായ രേഖകളല്ല വെളിപ്പെടുത്തിയതെന്ന് ഈ ഗ്രന്ഥത്തിലൂടെ പി.കെ.ബി വ്യക്തമാക്കി.

നാരായണഗുരു, ടിപ്പുസുൽത്താൻ, ചന്തുമേനോൻ ഒരു പഠനം, നോവൽ; സിദ്ധിയും സാധനയും, കാവ്യകല കുമാരനാശാനിലൂടെ, എഴുത്തച്ഛന്റെ കല- ചില വ്യാസഭാരത പഠനങ്ങളും, പ്ലൂട്ടോ പ്രിയപ്പെട്ട പ്ലൂട്ടോ തുടങ്ങിയവയിലൂടെ പി.കെ.ബി ഉയർത്തിവിട്ടത് അന്നുവരെ ഊറ്റംകൊണ്ടിരുന്ന പലതിനോടുമുള്ള കലഹമായിരുന്നു. സത്യത്തിന്റെയും തിരിച്ചറിവിന്റെയും ഭദ്രതയുള്ള കലഹം.

TAGS: KALLUM NELLUM, P K BALAKRISHNAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.