ടൊകിയോ: സഞ്ചാരികൾക്ക് ഏറ്റവും മനോഹരമായ കാഴ്ചയുടെ വസന്തമൊരുക്കിയിരിക്കുകയാണ് ജപ്പാനിലെ ചെറി ബ്ലോസം സീസൺ. ജപ്പാനിൽ വസന്തകാലത്ത് വരിയുന്ന ചെറി പൂക്കൾ കണാൻ പ്രതിവർഷം ലക്ഷക്കണക്കിന് സഞ്ചാരികളാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്. എന്നാൽ ഈ വർഷത്തെ ചെറിപ്പൂക്കളുടെ വസന്തകാലത്തിന് ഒരു പ്രത്യേകതയുണ്ട്. എന്തെന്നാൽ, ഈ വർഷം നേരത്തെയാണ് പൂക്കൾ വിരിഞ്ഞത്. ഏകദേശം 1209 വർഷങ്ങൾക്ക് ശേഷമാണ് ഈ കാലംതെറ്റിയുള്ള വസന്തം. സാധാരണ മാർച്ചിൽ മൊട്ടിടുന്ന ചെറിപ്പൂക്കൾ വിരിഞ്ഞുതുടങ്ങുമ്പോൾ ഏപ്രിൽ പകുതികഴിയും. എന്നാൽ ഇത്തവണ ഫെബ്രുവരിയിൽ മൊട്ടിട്ട് മാർച്ച് പകുതിയായപ്പോഴെ പൂക്കളുടെ ഭൂരിഭാഗവും പൂത്തു. എ.ഡി 812ലാണ് അവസാനമായി ഇങ്ങനെ സംഭവിച്ചത്. കാലാവസ്ഥയിലുണ്ടായ വ്യതിയാനമാണ് ഇതിന് കാരണമെന്നാണ് അധികൃതർ പറയുന്നത്. ജപ്പാനിൽ ചെറി ബ്ലോസം ഏറ്റവും കൂടുതൽ കാണുന്ന ക്യോട്ടോ മേഖലയിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി വേനൽക്കാലത്തെ താപനില കുത്തനെ കൂടുകയാണ്. പതിവിലും നേരത്തെയെത്തിയ വേനലും കടുത്ത ചൂടും ആഗോള താപനത്തിന്റെ ഫലമാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
കാലാവസ്ഥാ വ്യതിയാനം വരും വർഷങ്ങളിൽ സസ്യങ്ങളെയും ജീവികളെയും ഗുരുതരമായി ബാധിക്കുമെന്ന് ഗവേഷകർ പറയുന്നു. അടുത്ത 50 വർഷത്തിനുള്ളിൽ തന്നെ ഭൂമിയിലെ സസ്യ ജന്തുജാലങ്ങളിൽ മൂന്നിൽ ഒരു സ്പീഷിസിനെ വംശനാശത്തിന്റെ വക്കിലെത്തിക്കാൻ വരെ കാലാവസ്ഥാ വ്യതിയാനം കാരണമായേക്കാമെന്ന് ശാസ്ത്രലോകം മുന്നറിയിപ്പ് നൽകുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |