ഇ.ഡിക്കെതിരായ കേസുകൾ റദ്ദാക്കണമെന്ന ഹർജികൾ ഇന്ന് പരിഗണിക്കും
ഇന്നുവരെ തുടർനടപടി എടുക്കില്ലെന്ന് സർക്കാർ
കൊച്ചി: സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ പേരുപറയാൻ നിർബന്ധിച്ചെന്ന സന്ദീപ് നായരുടെ പരാതിയിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) എതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാൻ ഇ.ഡി ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്‌ണൻ നൽകിയ ഹർജി ഹൈക്കോടതി വിശദമായ വാദത്തിന് ഇന്നത്തേക്ക് മാറ്റി.
ഇന്നു ഹർജി പരിഗണിക്കുന്നതുവരെ നടപടികൾ എടുക്കില്ലെന്ന സർക്കാരിന്റെ ഉറപ്പു രേഖപ്പെടുത്തിയാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ തീരുമാനം.
മുഖ്യമന്ത്രിയുടെ പേരു പറയാൻ ഇ.ഡി ഭീഷണിപ്പെടുത്തിയെന്ന സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനെ തുടർന്നുള്ള ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കാൻ പി. രാധാകൃഷ്ണൻ നേരത്തെ നൽകിയ ഹർജിയും ഇതിനൊപ്പം പരിഗണിക്കും. ഒരേവിഷയത്തിൽ രണ്ടു കേസുകൾ രജിസ്റ്റർ ചെയ്യുന്നത് നിയമപരമായി നിലനിൽക്കില്ലെന്നും കേന്ദ്ര ഏജൻസിയായ ഇ.ഡിയുടെ അന്വേഷണം അട്ടിമറിക്കാനാണ് തുടരത്തുടരെ കേസെടുക്കുന്നതെന്നും ഹർജിയിൽ ആരോപിക്കുന്നു.
സന്ദീപിനെ ജയിലിൽ ചോദ്യം ചെയ്യാൻ പ്രിൻസിപ്പൽ സെഷൻസ് കോടതി ക്രൈംബ്രാഞ്ചിന് അനുമതി നൽകിയിരുന്നു. ഇൗ ഉത്തരവു റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ട്. സ്വർണക്കടത്തിൽ ഇ.ഡി രജിസ്റ്റർ ചെയ്ത കേസിൽ വിവിധ ജയിലുകളിൽ കഴിയുന്ന പ്രതികൾക്ക് സി.ആർ.പി.എഫ് ഉൾപ്പെടെ ഏതെങ്കിലും കേന്ദ്ര സേനയുടെ സംരക്ഷണം ഉറപ്പാക്കണമെന്നും ജയിലുകളിൽ ഇവരെ സന്ദർശിച്ചവരുടെ വിവരങ്ങൾ ഹാജരാക്കാൻ നിർദ്ദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ ഇ.ഡിക്കു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സ്റ്റേ ആവശ്യപ്പെട്ടെങ്കിലും സർക്കാരിനു വേണ്ടി സീനിയർ അഭിഭാഷകൻ ഹാജരാകാൻ സമയം വേണമെന്നും അതുവരെ സ്റ്റേ അനുവദിക്കരുതെന്നും സീനിയർ ഗവ. പ്ളീഡർ സുമൻ ചക്രവർത്തി വാദിച്ചു.
ഒരേ വിഷയത്തിൽ രണ്ടു കേസുകളെടുത്തെന്ന ഹർജിക്കാരുടെ വാദം ശരിയല്ലെന്നും രണ്ടു സംഭവങ്ങളെത്തുടർന്നാണ് രണ്ടു കേസുകളെടുത്തതെന്നും സർക്കാർ വ്യക്തമാക്കി. സ്റ്റേ അനുവദിക്കുന്നതിനെ സർക്കാർ എതിർക്കുന്ന സാഹചര്യത്തിൽ ഇന്നു ഹർജി പരിഗണിക്കുന്നതുവരെ അന്വേഷണം വൈകിപ്പിച്ചു കൂടേയെന്ന് കോടതി ആരാഞ്ഞു. തുടർന്നാണ് നടപടിയെടുക്കില്ലെന്ന് സർക്കാർ അഭിഭാഷകൻ ഉറപ്പു നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |