കടയ്ക്കൽ: അർദ്ധരാത്രി ബൈക്കിലെത്തിയ യുവാക്കൾ വീടിന് നേരെ കല്ലേറ് നടത്തി രക്ഷപ്പെടുന്നതിനിടെ കൈയിലുണ്ടായിരുന്ന അമിട്ട് പൊട്ടിത്തെറിച്ച് പരിക്കേറ്റു. ആൽത്തറമൂട് വടക്കേവയലിൽ ചൊവ്വാഴ്ച രാത്രി ആയിരുന്നു സംഭവം.വടക്കേവയൽ സിന്ധു സദനത്തിൽ രതിരാജന്റെ വീടിന് നേരേയാണ് ആക്രമണമുണ്ടായത്. കടയ്ക്കൽ സ്വദേശികളായ വിഷ്ണുലാൽ (29), വിശാഖ് (23) എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. ഇതിനിടെയാണ് കൈവശമുണ്ടായിരുന്ന അമിട്ട് പൊട്ടിത്തെറിച്ച് വിഷ്ണുലാലിന് പരിക്കേറ്റത്. ഇടത് കൈപ്പത്തിക്ക് സാരമായി പരിക്കേറ്റ ഇയാളെ പൊലീസ് കാവലിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിശാഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ബൈക്കിലെത്തിയ സംഘം വീടിന് നേരേ കല്ലെറിയുകയായിരുന്നു.കല്ലേറിൽ ജനൽ ചില്ലകൾ പൊട്ടി. ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങുമ്പോൾ സമീപത്തായി അമിട്ടുപൊട്ടിത്തെറിക്കുകയും അവിടെ നിന്നവർ ബൈക്കിൽ രക്ഷപ്പെടുകയുമായിരുന്നു. കൈവശമുണ്ടായിരുന്ന അമിട്ട് പൊട്ടിയാണ് വിഷ്ണു ലാലിന് പരിക്കേറ്റതെന്ന് പൊലീസ് പറഞ്ഞു. കടയ്ക്കൽ സി.ഐ.ഗിരിലാൽ, എസ്.ഐ.സെന്തിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വഷണം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |