ലക്‌നൗ: ഉന്നാവ് പീഡനക്കേസില്‍ പ്രതിയായ മുന്‍ എംഎല്‍എയുടെ ഭാര്യയെ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാക്കി. മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെംഗാറിന്റെ ഭാര്യ സംഗീത സെംഗാറിനെയാണ് സ്ഥാനാര്‍ത്ഥിയാക്കിയത്. പീഡനക്കേസില്‍ പ്രതിയായതോടെ സെംഗാറിന്റെ നിയമസഭാ അംഗത്വം റദ്ദാക്കിയിരുന്നു.
ഉത്തര്‍ പ്രദേശിലെ അഞ്ച് ജില്ലാ പഞ്ചായത്തുകളിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടികയാണ് ബി.ജെ.പി പുറത്തിറക്കിയത്. ഇതില്‍ ഉന്നാവ് ജില്ലാ പഞ്ചായത്തിലെ ഫത്തേപൂര്‍ ചൗരസ്യ സീറ്റിലാണ് സംഗീത മത്സരിക്കുക. കുല്‍ദീപ് സിംഗ് സെംഗാറിന്റെ ഭാര്യയെ സ്ഥാനാർത്ഥിയാക്കിയതോടെ പാർട്ടിക്കുള്ളിൽ തന്നെ പ്രതിഷേധം ഉയരുകയാണ്. 2016യില്‍ നടന്ന തിരഞ്ഞെടുപ്പ് സംഗീത ഉന്നാവ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ അന്ന് പാര്‍ട്ടി ചിഹ്നത്തിലായിരുന്നില്ല അവർ മത്സരിച്ചത്. ഉന്നാവിന് പുറമേ മാവു, ബല്‍റാംപൂര്‍, ബസ്തി, ഖുശിനഗര്‍ എന്നി ജില്ലാ പഞ്ചായത്തുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടു പോയി പീഡിപ്പിച്ചുവെന്നതാണ് കേസ്. കേസില്‍ സെംഗാര്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി ഇയാള്‍ക്ക് ശിക്ഷയും വിധിച്ചിയിരുന്നു. സി.ബി.ഐയാണ് കേസ് അന്വേഷിച്ചത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ അച്ഛന്‍ വാഹനം ഇടിച്ചു മരിച്ച സംഭവത്തിലും കുല്‍ദീപ് സെംഗാറിന് പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്നു. ഈ സംഭവത്തില്‍ സെംഗാറിന്റെ സഹോദരനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |