പാലാ: യുവതിയെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിലെ പ്രതി പൊലീസ് പിടിയിൽ. കോട്ടയം വെള്ളിയേപ്പള്ളിയിൽ ബുധനാഴ്ച്ച പുലർച്ചെയാണ് സംഭവം നടന്നത്. വെള്ളിയേപ്പള്ളി സ്വദേശിനിയായ ടിന്റു മരിയ ജോൺ എന്ന ഇരുപത്തിയാറുകാരിയെയാണ് പാലാ കടപ്പാട്ടൂർ പുറ്റു മഠത്തിൽ 'അമ്മാവൻ സന്തോഷ്' എന്ന സന്തോഷ് (61)ആക്രമിച്ചത്. ഓട്ടോഡ്രൈവറായ സന്തോഷിന്റെ ഓട്ടോയിലാണ് ആക്രമിക്കപ്പെട്ട യുവതി സ്ഥിരമായി യാത്ര ചെയ്തിരുന്നത്.
കെഎസ്ആർടിസിയി ഡ്രൈവറായി വിരമിച്ച സന്തോഷുമായി യുവതിക്ക് നേരത്തേ പരിചയമുണ്ടായിരുന്നു. സന്തോഷിന്റെ ഓട്ടോറോക്ഷയിലാണ് യുവതി തീർത്ഥാടന കേന്ദ്രങ്ങളിൽ സ്ഥിരമായി സന്ദർശനം നടത്തിയിരുന്നത്. കഴിഞ്ഞ ഒരു വർഷമായി സന്തോഷുമായി യുവതി അടുപ്പത്തിലാവുകയും സന്തോഷിനൊപ്പം ജീവിക്കണം എന്ന് പല തവണ ആവശ്യപ്പെടുകയും ചെയ്തു.
യുവതിയുടെ നിർബന്ധം സഹിക്കവയ്യാതായപ്പോൾ ഭാര്യയും രണ്ട് പെൺമക്കളുമുള്ള സന്തോഷ് യുവതിയെ എങ്ങനെയെങ്കിലും ഒഴിവാക്കണമെന്ന് ആലോചിക്കുകയും ഒടുവിൽ കൊലപ്പെടുത്താൻ തീരുമാനിക്കുകയുമായിരുന്നു. ആറാം തീയ്യതി യുവതിയും സന്തോഷും അർത്തുങ്കലും മറ്റും പോയി വൈകുന്നേരത്തോടെ വെള്ളിയേപ്പള്ളിയിൽ തിരിച്ചെത്തി. യുവതിയുടെ ആവശ്യപ്രകാരം ഒന്നിച്ച് ജീവിക്കാൻ അടുത്ത ദിവസം വെളുപ്പിന് എവിടെയെങ്കിലും പോകാമെന്ന് സന്തോഷ് പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്തു.
ഏഴാം തീയ്യതി പുലർച്ചെ നാലേ മുക്കാൽ മണിയോടെ ബന്ധുവിന്റെ സാൻട്രോ കാറുമായി യുവതിയുടെ വീടിന് 100 മീറ്റർ അകലെയായി സന്തോഷ് കാത്തിരുന്നു. യുവതിയെ കൊല ചെയ്യാനായി കമ്പിപ്പാരയും ഇയാൾ കൈയ്യിൽ കരുതിയിരുന്നു. ശേഷം, ഫോൺ വിളിച്ച് യുവതി വീട്ടിൽ നിന്നും ഇറങ്ങിയെന്ന് ഉറപ്പിക്കുകയും ചെയ്തു. യുവതി തന്റെ അടുത്തെത്തിയപ്പോൾ കൈയ്യിൽ കരുതിയ ഇരുമ്പു പാരകൊണ്ട് സന്തോഷ് യുവതിയെ ആക്രമിക്കുകയായിരുന്നു.
യുവതി ഓടിയെങ്കിലും പിന്നാലെ ഓടിയ സന്തോഷം നിരവധി തവണ തലയ്ക്ക് അടിച്ചു. തുടർന്ന് തളർന്നുവീണ യുവതി മരിച്ചെന്ന് കരുതി അവരുടെ ഫോണും കൈക്കലാക്കി സന്തോഷ് കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു. കാർ പാലായിലെ വർക്ക് ഷോപ്പിൽ ഏൽപ്പിച്ച ശേഷം തെളിവ് നശിപ്പിക്കാനായി യുവതിയുടെ ഫോൺ പാലാ പാലത്തിൽ നിന്നും മീനച്ചിലാറ്റിലേക്ക് ഇയാൾ വലിച്ചെറിയുകയും ചെയ്തു.
തുടർന്ന് പതിവ് പോലെ ഓട്ടോയുമായി പാലാ ടൗണിൽ എത്തി. എന്നാൽ വഴിയിൽ പരിക്കേറ്റു കിടന്ന യുവതിയെ രാവിലെ വ്യായാമം ചെയ്യാനിറങ്ങിയവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നിൽ സന്തോഷാണെന്ന് രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസിന്റെ നീക്കം.
പാലാ സിഐ സുനിൽ തോമസ് മഫ്തിയിൽ എത്തി സന്തോഷിന്റെ ഓട്ടോയിൽ കയറുകയും വഴിമദ്ധ്യേ യുവതിയെ ആരോ ആക്രമിച്ച കാര്യം തന്ത്രപൂർവം പറയുകയും ചെയ്തു. ഇത് പറയുമ്പോൾ സന്തോഷിന്റെ മുഖത്തുണ്ടായ ഭാവമാറ്റവും പൊലീസ് ശ്രദ്ധിച്ചിരുന്നു. തുടർന്ന് സംഭവം നടന്ന് 12 മണിക്കൂറിനുള്ളിൽ തന്നെ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. വൈകിട്ട് 5 മണിയോടെ കടപ്പാട്ടൂരിലെ വീട്ടിൽ നിന്നാണ് പൊലീസ് സന്തോഷിനെ പിടികൂടിയത്. യുവതിയുടെ മൊബൈൽ ഫോണും ആക്രമിക്കാൻ ഉപയോഗിച്ച കമ്പിപ്പാരയും പൊലീസ് കണ്ടെടുത്തു.
Content highlight: 61 year old ammavan santhosh tries to kill 21 year old woman in kottayam he was in love with beacuse she asked him to marry her
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |