പാലക്കാട് വച്ച് നടന്ന സിനിമാ ഷൂട്ടിംഗ് തടഞ്ഞ സംഭവത്തിൽ പ്രതികരണവുമായി പുരോഗമന കലാസാഹിത്യ സംഘം. ആർഎസ്എസ് നടപടിയിൽ തങ്ങൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും നരേന്ദ്രമോദി ഭരിക്കുന്നുണ്ട് എന്ന അഹന്തയിൽ അഫ്‌ഗാനിസ്ഥാനിലെ താലിബാൻ മോഡലിലുള്ള ഭീകരനീക്കമാണ് ആർഎസ്എസ്. രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്നതെന്നും പു.ക.സ തങ്ങളുടെ പത്രക്കുറിപ്പിലൂടെ പറയുന്നു.
സാഹിത്യവും സർഗാവിഷ്കാരവും മനുഷ്യന് ജീവവായു പോലെതന്നെ പ്രധാനമാണെന്നും സിനിമ ജനലക്ഷങ്ങളുടെ പ്രിയപ്പെട്ട ആസ്വാദനോപാധിയാണെന്നും പു.ക.സ അഭിപ്രായപ്പെടുന്നുണ്ട്. പാട്ടുപാടാനും സിനിമ ചിത്രീകരിക്കാനും മതരാഷ്ട്രവാദീ ഭീകരന്മാരുടെ മുൻകൂർ അനുവാദം വേണ്ടി വരുന്ന മഹാദുരന്തത്തിലേക്ക് നമ്മുടെ നാട് നീങ്ങുകയാണോ എന്ന് സംശയിക്കേണ്ടതുണ്ടെന്നും പുരോഗമന കലാസാഹിത്യ സംഘം ആശങ്കപ്പെടുന്നുണ്ട്.
പത്രക്കുറിപ്പിന്റെ പൂർണരൂപം ചുവടെ:
'സിനിമാ ഷൂട്ടിംഗ് തടഞ്ഞ ആർ.എസ്.എസ്. നടപടിയിൽ പ്രതിഷേധിക്കുക.
(പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാനക്കമ്മിറ്റി)
പാലക്കാട് കടമ്പഴിപ്പുറത്ത് നടന്നു വന്ന സിനിമാ ചിത്രീകരണം തടഞ്ഞ ആർ.എസ്.എസ്. ക്രിമിനലുകളുടെ നടപടിയിൽ സംഘം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. 'നിയാംനദി' എന്ന സിനിമയുടെ ഷൂട്ടിംഗ് കടമ്പഴിപ്പുറം വായില്ലാക്കുന്ന് ക്ഷേത്രമതിൽക്കെട്ടിന് പുറത്തു വെച്ചാണ് നടത്തിയിരുന്നത്. ആർ.എസ്.എസുകാർ കടന്നുചെന്ന് സിനിമയുടെ കഥ വിശദീകരിക്കാൻ ആവശ്യപ്പെടുകയും അക്രമം നടത്തുകയും ചെയ്തു. നിരവധി ഉപകരണങ്ങൾ അവർ നശിപ്പിച്ചു. സിനിമയിൽ ഹിന്ദു -മുസ്ലിം പ്രണയം ഉണ്ടെന്ന് പറഞ്ഞായിരുന്നു അക്രമം.
കേന്ദ്രത്തിൽ നരേന്ദ്രമോദി ഭരിക്കുന്നുണ്ട് എന്ന അഹന്തയിൽ അഫ്ഘാനിസ്ഥാനിലെ താലിബാൻ മോഡലിലുള്ള ഭീകരനീക്കമാണ് ആർ.എസ്.എസ്. രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്നത്. കലയും സാഹിത്യവും സർഗ്ഗാവിഷ്ക്കാരങ്ങളും മനുഷ്യന് ജീവവായു പോലെ പ്രധാനപ്പെട്ടതാണ്. സിനിമയാകട്ടെ ജനലക്ഷങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ആസ്വാദനോപാധിയാണ്. പാട്ടുപാടാനും സിനിമ ചിത്രീകരിക്കാനും മതരാഷ്ട്രവാദീ ഭീകരന്മാരുടെ മുൻകൂർ അനുവാദം വേണ്ടി വരുന്ന മഹാദുരന്തത്തിലേക്ക് നമ്മുടെ നാട് നീങ്ങുകയാണോ എന്ന് സംശയിക്കണം.
എന്തായാലും ജനാധിപത്യകേരളത്തിൽ ആർ.എസ്.എസിൻ്റെ ഈ നീക്കം അനുവദിക്കുന്ന പ്രശ്നമില്ല. സിനിമ തടയുന്ന ആർ.എസ്.എസ്. ഭീകരത ചെറുത്തു തോൽപ്പിക്കുക തന്നെ ചെയ്യും.
കടമ്പഴിപ്പുറത്തെ സംഭവത്തിൽ ജനാധിപത്യബോധമുള്ള മുഴുവൻ ജനങ്ങളും പ്രതിഷേധിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.
ഷാജി എൻ.കരുൺ
(പ്രസിഡണ്ട്).
അശോകൻ ചരുവിൽ
(ജനറൽ സെക്രട്ടറി).
തിരുവനന്തപുരം
10 04 2021.'
Content Highlight: pu ka sa against rss preventing shooting of film in palakkad
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |