ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 1,52,879 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അടുത്തിടെ റിപ്പോർട്ട് ചെയ്തതിൽവച്ച് ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി മുപ്പത്തിമൂന്ന് ലക്ഷം പിന്നിട്ടു.
ഇന്നലെ മാത്രം 839 പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്.ഇതോടെ ആകെ മരണസംഖ്യ 1,69,275 ആയി ഉയർന്നു. നിലവിൽ പത്ത് ലക്ഷത്തിൽ കൂടുതലാളുകളാണ് ചികിത്സയിലുള്ളത്. ആറ് മാസത്തിന് ശേഷമാണ് സജീവ കേസുകളുടെ എണ്ണം പത്ത് ലക്ഷം കടക്കുന്നത്.
മഹാരാഷ്ട്ര, ഛത്തീസ്ഗഡ്,ഉത്തർപ്രദേശ്, ഡൽഹി, കർണാടക, തമിഴ്‌നാട്, കേരളം, മദ്ധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്യുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
മഹാരാഷ്ട്രയിലാണ് കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.അരലക്ഷത്തിലധികം പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ മിക്ക സംസ്ഥാനങ്ങളും നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |